ലഖ്‌നൗ: ബഹ്‌റൈച്ചിലെ സയ്യിദ് സലാർ മസൂദ് ഗാസിയുടെ ദേവാലയത്തിൽ പുരാതനകാലം മുതൽക്കെ നടന്നു വരുന്ന ജേത്ത് മേളയ്ക്ക് അനുമതി നിഷേധിച്ച് ആദിത്യനാഥ് സർക്കാർ. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന മേളയിൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
പതിനൊന്നാം നൂറ്റാണ്ടിലെ ഇതിഹാസ സൈനിക നേതാവും ഗസ്‌നി ഭരണാധികാരി മഹ്മൂദിന്റെ അനന്തരവനാണെന്നും കരുതപ്പെടുന്ന സയ്യിദ് സലാർ മസൂദ് ഗാസി മിയാന്റെ ആരാധനാലയത്തിൽ എല്ലാ വർഷവും നടക്കുന്ന ആഘോഷത്തിനുള്ള അനുമതിയാണ് നിഷേധിക്കപ്പെട്ടത്.
ഇതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജേത്ത് മേള ഈ വർഷം നടക്കില്ല. മെയ് മൂന്നിനായിരുന്നു അനുമതി നിഷേധിച്ചുള്ള ഉത്തരവ് പുറത്തുവന്നത്. മെയ് 15 മുതൽ ജൂൺ 15 വരെ ബഹ്‌റൈച്ചിലെ ദർഗ ഷെരീഫിൽ നടക്കാനിരുന്ന ജേത്ത് മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പഹൽഗാം ആക്രമണത്തിന് ശേഷം ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ആഘോഷത്തിന് അനുമതി നിഷേധിച്ചതെന്നാണ് സർക്കാരിന്റെ വാദം. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ലോക്കൽ ഇന്റലിജൻസ് യൂണിറ്റ് നൽകിയ റിപ്പോർട്ടും ഭരണകൂടം കണക്കിലെടുത്തിട്ടുണ്ട്.
‘നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനാണ് മേളയ്ക്ക് അനുമതി നിഷേധിക്കാനുള്ള തീരുമാനം എടുത്തത് ,’ സർക്കിൾ ഓഫീസർ പഹുപ് കുമാർ സിങ് പറഞ്ഞു. വിവിധ ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ടുകൾ തേടിയതായി സിറ്റി മജിസ്ട്രേറ്റ് ശാലിനി പ്രഭാകർ കൂട്ടിച്ചേർത്തു.
മാർച്ചിൽ, ജേത്ത് മേളയ്ക്കുള്ള കരാറുകളുടെ ലേലം ദർഗ കമ്മിറ്റിചിലകാരണങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവച്ചിരുന്നു. യു.പിയിലെ പല ജില്ലകളിലും മാർച്ചിൽ തന്നെ പൊലീസ് ഗാസി മിയാനുമായി ബന്ധപ്പെട്ട മേളകളും ഉത്സവങ്ങളും നിരോധിച്ചിരുന്നു. സംഭാലിൽ വാർഷിക നേജ മേളയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
‘ഒരു ആക്രമണകാരി, കൊള്ളക്കാരൻ, കൊലപാതകൻ’ എന്നിവരെ ആദരിക്കുന്ന പരിപാടി പരമ്പരാഗതമായി വർഷം തോറും സംഘടിപ്പിച്ച് വരികയാണെങ്കിൽ പോലും അത് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു.