Thursday, November 21, 2024
spot_imgspot_img
HomeLatest Newsആന്ത്രാക്‌സ് ബാധ; വളർത്തുമൃഗങ്ങളിലേക്ക് പടർന്നിട്ടില്ല, ആശങ്ക വേണ്ട: കളക്ടർ

ആന്ത്രാക്‌സ് ബാധ; വളർത്തുമൃഗങ്ങളിലേക്ക് പടർന്നിട്ടില്ല, ആശങ്ക വേണ്ട: കളക്ടർ

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികൾ ആന്ത്രാക്സ് ബാധിച്ച്‌ ചത്ത സാഹചര്യത്തിൽ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വളർത്തുമൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ അറിയിച്ചു. പ്രദേശത്തെ കന്നുകാലികൾക്കുള്ള വാക്സിനേഷനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃ​ഗസംരക്ഷണ വകുപ്പ് നടപടിയാരംഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയിൽ ഏഴ് കാട്ടുപന്നികളാണ് ആന്ത്രാക്സ് ബാധിച്ച്‌ ചത്തത്. മണ്ണൂത്തി വെറ്റിനറി സർവ്വകലാശാലയിൽ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. എണ്ണപ്പന തോട്ടങ്ങളോട് ചേർന്ന പ്രദേശത്തെ കന്നുകാലികൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് വളരെ വേഗത്തിൽ വാക്സിൻ നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വളർത്തു മൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

കാട്ടുപന്നികൾ ചത്തുകിടന്ന മേഖലയിൽ മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകരുത്. അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട് (0487 24 24223). അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകും. ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവു ചെയ്തവർക്ക് ചികിത്സ നൽകും. മുൻ കരുതലിന് അതിരപ്പിള്ളി പഞ്ചായത്തിൽ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്.

രണ്ടു കൊല്ലം മുമ്പും ഇതേ പ്രദേശത്ത് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ ആവർത്തിക്കുന്നതിനെക്കുറിച്ചും പരിശോധിക്കും. രോഗ ലക്ഷണങ്ങളോടെ മൃഗങ്ങളെ കണ്ടെത്തിയാൽ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares