കോഴിക്കോട്: മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം സൃഷ്ടിച്ച ആവേശകരമായ ചരിത്രാനുഭവമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കാൻ കരുത്തു നൽകുന്നതെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കല്ലാച്ചി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകളെ ദുർബലപ്പെടുത്താനാണ് ആർഎസ്എസ് ആഭിമുഖ്യമുള്ള ഗവർണർമാരെ കേന്ദ്ര ഭരണകൂടം ഉപയോഗിക്കുന്നത്.
ജനാധിപത്യ ഭരണകൂടങ്ങൾക്ക് എതിരായ തിട്ടൂരങ്ങളെ അംഗീകരിച്ചു കൊടുക്കുകയില്ല. എല്ലാ ഭരണഘടനാ പരിധികളെയും ലംഘിക്കുന്ന കേരള ഗവർണർക്ക് പരസ്യ പിന്തുണ നൽകുന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നതാണോ എന്ന് ജനാധിപത്യവാദികളായ കോൺഗ്രസ് നേതാക്കന്മാർ പരിശോധിക്കണം. അന്ധമായ ഇടതുപക്ഷ വിരോധം ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്ക് ഭൂഷണമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എംഎൽഎ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി എം ടി ബാലൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി സുരേന്ദ്രൻ മാസ്റ്റർ, വി പി ശശിധരൻ, ടി സുഗതൻ മാസ്റ്റർ, രാജു അലക്സ്, ഐ വി ലീല, ഷീമ വളളിൽ എന്നിവർ സംസാരിച്ചു.