Friday, November 22, 2024
spot_imgspot_img
HomeOpinionഅറാഫത്തിന്റെ ഒലീവ് ഇലയ്ക്ക് പകരം ഹമാസിന്റെ മിസൈലുകൾ, കൊല്ലാൻ മാത്രം അറിയാവുന്ന നെതന്യാഹു: ചോരക്കളിയിൽ ഇനിയെന്ത്?

അറാഫത്തിന്റെ ഒലീവ് ഇലയ്ക്ക് പകരം ഹമാസിന്റെ മിസൈലുകൾ, കൊല്ലാൻ മാത്രം അറിയാവുന്ന നെതന്യാഹു: ചോരക്കളിയിൽ ഇനിയെന്ത്?

ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ ചരിത്രം ചർച്ച ചെയ്യുന്ന ലേഖന പരമ്പരയുടെ അവസാന ഭാഗം.

ജെസ്ലോ ഇമ്മാനുവൽ ജോയ്

സെപ്റ്റംബർ 13, 1993. സായുധ ശ്രമത്തിലൂടെ പലസ്തീൻ വിമോചനം നിറവേറുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഫത്താ പാർട്ടിയുടെ നേതാവായ യാസർ അറാഫാത്തും, ഇസ്രയേൽ പ്രധാനമന്ത്രിയും മുൻ സൈനിക മേധാവിയുമായിരുന്ന യിത്സാക്ക് റാബിനും അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണെ സാക്ഷി നിർത്തി വൈറ്റ് ഹൗസിന് മുൻപിൽ ഹസ്തദാനം ചെയ്തു. സമാധാനം അഗ്രഹിച്ചിരുന്ന ഇസ്രയേൽ -പലസ്തീൻ പ്രദേശങ്ങളിലെ ജനതയ്ക്കും ലോകമെമ്പാടും ഉള്ള സമാധാന പ്രേമികൾക്കും സന്തോഷം പകരുന്ന ഒരു കാഴ്ച; പക്ഷേ ഈ സമാധാന ശ്രമങ്ങളെ തകർക്കാൻ ഇരു രാജ്യങ്ങളിലെയും തീവ്ര വലത്പക്ഷ കക്ഷികളുടെ ശ്രമങ്ങൾ വിജയിച്ചപ്പോൾ, അതിൻ്റെ ഫലം ഇന്നും നിലയ്ക്കാത്ത അഭയാർത്ഥി പ്രവാഹവും, രക്ത ചൊരിച്ചിലുമായിരുന്നു.

യാസർ അറാഫാത്ത് – യന്ത്ര തോക്ക് മുതൽ ഒലിവ് ചില്ല വരെ

1959 – ലാണ് ഈജിപ്ത്ക്കാരനായ യാസർ അറാഫാത്തും തൻ്റെ പലസ്തീനിയൻ അഭയാർത്ഥി സുഹൃത്തുക്കളും ചേർന്ന് ഫത്ത പാർട്ടി രൂപീകരിക്കുന്നത്, പലസ്തീനികൾ തന്നെ സായുധമായി മുന്നിട്ട് ഇറങ്ങി പലസ്തീനെ വിമോചിപ്പിക്കുക്ക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. മറ്റ് പലസ്തീനിയൻ രാഷ്ട്രീയ – സായുധ സംഘാടനകളെ പോലെ അറബ് രാജ്യങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാതെ, അവരുടെ ആശയങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചത് കൊണ്ട് തന്നെ തുടക്കത്തിൽ ഈ പ്രസ്ഥാനത്തിന് അത്രയധികം പ്രസക്തി ലഭിച്ചിരുന്നില്ല, എന്നാൽ രണ്ട് യുദ്ധങ്ങളാണ് ഫത്ത പാർട്ടിയെ പി. എൽ. ഓയുടെ മുൻ നിരയിലേക്ക് കൊണ്ടുവന്നതും പലസ്തീൻ ജനതയുടെ നടുവിൽ യസിർ അറാഫാത്തിൻ്റെ സ്ഥാനം ഉറപ്പിച്ചതും.

ഒന്ന്, 1967 – ലെ അറബ് – ഇസ്രയേലി യുദ്ധം. അന്ന് അറബ് വിഭാഗം തോറ്റെങ്കിലും, അറാഫാത്തിനും, ഫത്താ പാർട്ടിക്കും തങ്ങളുടെ മേഖലകളിൽ വിജയം കൈവരിക്കാൻ സാധിച്ചു. രണ്ട്, കരാമേ യുദ്ധം, ഇസ്രയേൽ സൈന്യം ജോർദാനിലെ ഗ്രാമമായ കരാമേയിൽ ഉള്ള ഫത്തയുടേയും മറ്റ് പലസ്തീനിയൻ സായുധ സേനകളുടെയും ക്യാമ്പുകളെ ആക്രമിക്കുക ഉണ്ടായി, കൃത്യമായി ജോർദാൻ സൈന്യത്തിൻ്റെ കൂടെ സഹായത്തോടെ ഇസ്രയേലിനെ പ്രതിരോധിച്ച അറാഫാത്തിനും കൂട്ടർക്കും, ജന പിന്തുണ വർദ്ധിച്ചു.

ഇതോടെ 1969 – ൽ പി. എൽ. ഓയുടെ ചെയർമാനും 1973 – ൽ രാഷ്ട്രീയ തലവൻ ആവുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ച പോലെ കലുഷിതമായിരുന്നു. 1974 – ൽ പി. എൽ. ഓയെ പലസ്തീൻ ജനതയുടെ ഏക പ്രതിനിധി എന്ന് അറബ് ലീഗ് വിശേഷിപ്പിക്കുകയും പൂർണ അംഗത്വം ലഭിക്കുന്നതും പിന്നീട് യു. എൻ. ജെനറൽ അസംബ്ലിയിൽ വച്ച് അറാഫാത്തിൻ്റെ പ്രശസ്തമായ ” ഇന്ന് ഞാൻ വന്നത് ഒരു ഒലിവ് ചില്ലയും, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ തോക്കും ചുമന്ന് കൊണ്ടാണ്. എന്റെ കയ്യിൽ നിന്ന് ഒലിവിന്റെ ചില്ല വീഴാൻ അനുവദിക്കരുത് ” എന്ന പ്രസംഗം നടത്തുന്നതും ഈ കാലയളവിലാണ്.

1988 – ൽ പലസ്തീൻ എന്ന രാജ്യം സ്ഥാപിക്കുകയും അറാഫാത്തിനെ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. 1990 – ൽ നടന്ന ഗൾഫ് യുദ്ധ കാലത്ത് അറാഫാത്ത് സദ്ദാം പക്ഷത്തായിരുന്നു. ഇത് സദ്ദാം ഹുസൈൻ വിരുദ്ധ അമേരിക്കൻ പക്ഷത്തായിരുന്ന അറബ് രാജ്യങ്ങളെ പലസ്തീനിൽ നിന്ന് അകറ്റി, ഇതും മറ്റ് ലോക സംഭവങ്ങളും സായുധ മാർഗത്തിൽ നിന്നും സമാധാന പാതയിലേക്ക് പതുക്കെ നീങ്ങി കൊണ്ടിരുന്ന അറാഫത്തിനെയും ഫത്താ പാർട്ടിയെയും സമാധാന ചർച്ചകൾ എന്ന നയത്തോട് കൂടുതൽ അടുപ്പിച്ചു. അതിൻ്റെ ആദ്യ പടി ആയിരുന്നു, അമേരിക്കയും സോവിയറ്റ് യൂണയനും മുൻകൈ എടുത്ത സ്പെയിനിൽ വച്ച് നടന്ന 1991 – ലെ മാഡ്രിഡ് കോൺഫ്രൻസ്. അറബ് രാജ്യങ്ങളും, ഇസ്രായേലും പലസ്തീനും പങ്കെടുത്ത കോൺഫ്രൻസ് വഴി തെളിച്ചത് 1993 – ൽ ഒന്നാം ഓസ്ലോ അക്കോഡിലും 1995 – ൽ രണ്ടാം ഓസ്ലോ അക്കോഡിലും ഇരു രാജ്യങ്ങളുടെ നേതാക്കളായ യാസർ അറാഫാത്തും, യിത്സാക്ക് റാബിനും ഒപ്പിടുന്നതിലാണ്. അതിൻ പ്രകാരം തിരഞ്ഞെടുപ്പിലൂടെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കണമെന്നും കൗൺസിൽ പ്രാബല്യത്തിൽ വരുന്നതോടെ എ, ബി, സി എന്ന രീതിയിൽ പലസ്തീൻ പ്രദേശത്ത് നിന്നും ഘട്ടം ഘട്ടമായി ഇസ്രായേൽ സൈന്യം പിന്മാറണം എന്നും തീരുമാനിക്കുക ഉണ്ടായി, ഇത് ഒടുവിൽ ഒരു ടൂ സ്റ്റേറ്റ് സൊല്യുഷൻ എന്ന രണ്ട് രാജ്യം എന്നൊരു സമവാക്യത്തിൽ കൊണ്ടെത്തിച്ചു.

സമാധാന ചർച്ചകളുടെ വാതിലുകൾ അടഞ്ഞപ്പോൾ

1987 – ലെ ഒന്നാം ഇൻതിഫാധ കാലത്ത് ഫത്ത പാർട്ടിക്ക് ബദലായി ഈജിപ്തിൽ ഉള്ള മുസ്ലീം ബ്രദർഹുഡിൻ്റെ ഭാഗമായി രൂപം കൊണ്ട ഒരു സായുധ സേനയാണ് ഹമാസ്. ഇവർ പലസ്തീനിൽ ഓസ്ലോ അക്കോഡ്‌സിനെ എതിർത്തപ്പോൾ, ഇസ്രായേലിൽ യിത്സാക്ക് റാബിന് എതിരായി നിന്നത് തീവ്ര വലത്പക്ഷ നേതാവും ഇന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹു. തുടക്കത്തിൽ സമാധാന ശ്രമങ്ങളെ പിന്തുണച്ച ഇരു ഭാഗത്തെ ജനങ്ങളും പതിയെ സമാധാന ഉടമ്പടിയെ എതിർക്കാൻ തുടങ്ങി. 1994 – ൽ ഹെബ്രോനിലെ ഇബ്രാഹിമി പള്ളിയിൽ പ്രാർത്ഥിക്കാൻ കൂടിയ പലസ്തീനി മുസ്ലീമുകൾക്ക് നേരെ നിറയൊഴിച്ച ഇസ്രായേൽ തീവ്രവാദ സംഘത്തിൻ്റെ പ്രവർത്തനത്തിന് എതിരെ ചാവേർ ആക്രമണങ്ങളുമായി ഹമാസും വന്നതോടെ “സമാധാനത്തിന് എതിരെ ഉള്ള ആക്രമണങ്ങൾ” ആരംഭിച്ചു. കുടിയേറിയ ജനങ്ങളുടെ വികാരങ്ങളെ ഭയന്ന് കൊണ്ട് റാബിനും ഹമാസിന് കിട്ടുന്ന ജന പിന്തുണ തിരിച്ചു പിടിക്കാൻ ശ്രമിച്ച അറാഫാത്തും മാറി തങ്ങളുടെ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെ അപലപിക്കുന്നതിൽ മടി കാണിക്കുക ഉണ്ടായി.

1994 – ൽ ഷിമോൺ പെരേസിനൊപ്പം ഓസ്ലോ ഉടമ്പടിക്ക് മുൻകൈ എടുത്തതിന് ഭാഗമായി സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇരു നേതാക്കളുടെയും അസ്തമയം തുടങ്ങുന്നതും ഇവിടെ നിന്നാണ്. തൊട്ടടുത്ത വർഷം ഓസ്ലോ ഉടമ്പടിയെ പിന്തുണച്ചു കൊണ്ടുള്ള പൊതു ജന റാലിയിൽ പങ്കെടുക്കവെ റാബിനെ, യിഗൽ അമിർ എന്ന സയണിസ്റ്റ് തീവ്രവാദി വധിച്ചു.

ചോര കൊണ്ടെഴുതിയ ചരിത്രം: ഇസ്രയേൽ അധിനിവേശത്തിന്റെയും പലസ്തീൻ ചെറുത്തു നിൽപ്പിന്റെയും നാൾ വഴികൾ

https://youngindianews.in/article-about-israel-palasteine-issue/

പിന്നീട് വന്ന ശിമോൺ പെരേസിന് കാര്യക്ഷമമായ സമാധാന പ്രവർത്തനങ്ങൾ നടത്താൻ പറ്റിയില്ല എന്ന് മാത്രമല്ല ഓസ്ലോ ഉടമ്പടിക്കെതിരെ ഉള്ള വികാരം ആളി കത്തിച്ചു കൊണ്ട് തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി ആവുകയും ചെയ്തതോടെ സമാധാന ശ്രമങ്ങൾ ഏതാണ്ട് അസ്തമിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കുടിയേറ്റം കുറയ്ക്കുക, സൈന്യത്തെ പിൻവലിക്കുക എന്ന സമാധാന ഉടമ്പടിയിലെ ഇസ്രായേൽ പാലിക്കേണ്ടതായ ഭാഗങ്ങൾ നിരവേറാത്തതും, ഫത്ത പാർട്ടിയുടേയും അറാഫാത്തിൻ്റെയും പ്രാധാന്യം കുറച്ച് കൊണ്ടുള്ള ഹമാസിൻ്റെ പ്രസിദ്ധിയും അവരുടെ തീവ്രവാദ ആക്രമണങ്ങളും, സമാധാന ശ്രമങ്ങൾക്ക് അവസാനം കുറിച്ചു. പിന്നീട് വന്ന താബ ഉച്ചകോടിയും, ക്യാമ്പ് ഡേവിഡ് ഉച്ചകോടിയും സമാധാന ശ്രമങ്ങൾക്ക് ഊർജം കൊടുക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയത്തിലാണ് അവസാനിച്ചത്.

രണ്ടാം ഇൻതിഫാദയും നിലവിലെ സാഹചര്യങ്ങളും

ഇസ്രയേൽ പ്രതിപക്ഷ നേതാവായ അരിയൽ ഷാരോണിൻ്റെ അൽ അക്സ പള്ളി സന്ദർശനത്തിലൂടെ തുടങ്ങിയ രണ്ടാം ഇൻതിഫാദ തുടങ്ങി വച്ചത്, ഒന്നാമത്തേതിലേത് പോലെ സമാധാന ശ്രമങ്ങൾക്ക് ആയിരുന്നില്ല; ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇസ്രയേൽ – പലസ്തീൻ ഘോര സംഘർശങ്ങൾക്കാണ്. ഹമാസിൻ്റെ ചാവേർ ആക്രമണങ്ങൾക്കും, തീവ്രവാദ പ്രവർത്തനങ്ങൾക്കും എതിരെ ഇസ്രയേൽ സൈന്യം തിരിച്ചടിച്ചു. വലത് പക്ഷ സർക്കാരുകൾ മാറി മാറി വന്നപ്പോൾ, ഇസ്രയേൽ കുടിയേറ്റങ്ങളുടെ എണ്ണം കൂടി കൂടി വന്നു. 2004 – ലെ യാസർ അറാഫാത്തിൻെറ മരണത്തോടെ, മഹ്മൂദ് അബ്ബാസ് പുതിയ പ്രസിഡൻ്റ് ആവുകയും ഉണ്ടായി. 2006 – ലെ പലസ്തീൻ തിരഞ്ഞെടുപ്പിൽ ഹമാസ് വൻ വിജയം കൈവരിച്ചു, തൊട്ടടുത്ത വർഷം ഗാസ പ്രദേശത്തിന് വേണ്ടി ഹമാസ് – ഫത്ത സംഘർഷങ്ങൾ നടക്കുക ഉണ്ടായി. അതിൽ ഹമാസ് വിജയിക്കുന്ന സാഹചര്യവും നമുക്ക് കാണാം.

കൂടി വന്ന കുടിയേറ്റങ്ങൾ പലസ്തീൻ ജനതയെ വീണ്ടും അഭയാർത്ഥികളാക്കി. പലരും ആക്രമിക്കപ്പെട്ടു. ഇസ്രയേൽ സൈന്യത്താൽ കൊല്ലപ്പെട്ടു. 2012 – ൽ യു എന്നിലെ നോൺ മെമ്പർ സ്റ്റേറ്റ് എന്ന പദവി പലസ്തീന് ലഭിച്ചതോടെ, തത്വത്തിൽ പലസ്തീൻ ഒരു രാജ്യമായി അംഗീകരിക്കപ്പെട്ടു. 2022 – ൽ അധികാരത്തിൽ വന്ന നെതന്യാഹു പലസ്തീൻ ജനതയ്ക്ക് മുകളിലുള്ള സൈനീക നടപടികൾ കടുപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ 2023 – ജൂലൈയിൽ നടന്ന ഐഡിഎഫിൻ്റെ ആക്രമണങ്ങൾ ഇതിൻ്റെ ഉദാഹരണമാണ്.

ഉപസംഹാരം

ഇസ്രയേൽ കുടിയേറ്റങ്ങൾ മൂലവും, തങ്ങൾ അനുഭവിക്കുന്ന നിർബന്ധിത കുടി ഒഴുപ്പിക്കലുകൾ മൂലവും, പലസ്തീൻ ജനത ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട വർഷമാണിത്. കുടിയേറ്റക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും അവർ നേരിട്ടത് എഴുന്നൂറോളം അക്രമ സംഭവങ്ങളാണ്. നാസി ഭരണ കാലത്ത് ജർമനിയിലെ ഗെറ്റോകളെ ഓർമിപ്പിക്കുംവണ്ണം പലസ്തീൻ ജനതയെ ഒരു ഭാഗത്തേക്ക് ഒതുക്കി. സ്വന്തം നാട്ടിൽ ഞെരുങ്ങി ജീവിക്കുകയാണ് അവർ. ഫലപ്രദമായ സമാധാന ചർച്ചകളും അന്താരാഷ്ട്ര നിയമവും മാത്രമേ ഈ അവസരത്തിൽ ഇരു രാജ്യങ്ങളിലെയും ജനതയ്ക്ക് സഹായകരമാകുക. എന്നാൽ 1993 – ൽ സമാധാന ഉടമ്പടിക്ക് മുൻകൈ എടുത്ത അതേ അമേരിക്ക ഇപ്പോൾ അക്രമങ്ങളെ ന്യായീകരിക്കുന്ന തിരക്കിലാണ്. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഡോ. ജിനു സക്കറിയ സൂചിപ്പിച്ചത് പോലെ അമേരിക്ക ഇപ്പോൾ ഇസ്രയേലിൻ്റെ ട്രാപ്പിലാണ്, സാമ്പത്തിക സഹായം വാരി കോരി നൽകിയും, ഏത് തരം മനുഷ്യത്വരഹിത പ്രവർത്തിക്കും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന തരത്തിൽ അമേരിക്കയിലെ ജൂത ലോബിയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് അവർ.

അമേരിക്കൻ പ്രസിഡൻ്റ്മാരിൽ ‘ വ്യതസ്തൻ ‘ എന്ന് അവകാശപ്പെടുന്ന ഡൊണാൾഡ് ട്രമ്പും ഇതേ കൂട്ടർക്ക് കീഴടങ്ങിയ നേതാവാണ്. അതിൻ്റെ ഉദാഹരണമാണ് ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ട്രമ്പ് നിർദേശിച്ച ട്രംപ് പീസ് പ്ലാനിലെ ഇസ്രയേലിന് അധികം ഭൂമിയും അധികാരവും ലഭിക്കുന്ന, എന്നാൽ പലസ്തീൻ ജനതയ്ക്ക് ഒരു തരത്തിലുള്ള ഉള്ള സ്വാതന്ത്രവും ആനുകൂല്യവും ലഭിക്കാത്ത തരത്തിലുള്ള നയങ്ങൾ. പലസ്തീനെ അംഗീകരിച്ച നെഹ്റുവിൽ നിന്നും ഗാന്ധിയിൽ നിന്നും ഇസ്രയേലിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മോദിയിലേക്ക് എത്തിയ ഇന്ത്യൻ സാഹചര്യവും അത്ര സുഖകരമല്ല. മുപ്പത് വർഷങ്ങൾക്ക് മുൻപ് സമാധാന ചർച്ചകൾക്ക് എതിരെ പ്രവർത്തിച്ച രണ്ട് തീവ്ര പക്ഷക്കാരാണ് ഇരു രാജ്യങ്ങളിലെയും നിലവിലെ നേതൃത്വങ്ങൾ, അവർ തമ്മിലുള്ള ശീതവും അല്ലാത്തതുമായ യുദ്ധത്തിൽ ഏർപപെട്ടിരിക്കുന്ന രാജ്യങ്ങൾ പക്ഷങ്ങൾ ചേരാതെ നയതന്ത്രത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം മറ്റൊരു ലോക മഹായുദ്ധം എന്ന അപകടം അത്ര വിദൂരമല്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares