ആലുവ: ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക പ്രതിഭ പുരസ്കാരം ഇന്ന് വിതരണം ചെയ്യും. ആലുവയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്തി വാർഷിക ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുൾ റഹീം, സിനിമാ നാടക സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ അരുൺ എന്നിവർക്കാണ് പുരസ്കാരം. തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്കരം നൽകും.
കേരളത്തിന്റെ പ്രഥമ നവോത്ഥാന നായകനും രക്തസാക്ഷിയുമായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നൂറ്റി അൻപതാം രക്തസാക്ഷിത്വ വാർഷികത്തിൻ്റെ ഭാഗമായി സാമൂഹിക മുന്നേറ്റ മുന്നണി വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്തവർക്ക് ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക പ്രതിഭാ പുരസ്കാരം സമ്മാനിക്കുന്നത്.
സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് ജസ്റ്റിസ് സി കെ അബ്ദുൾ റഹീമിനെയും എൻ അരുണിനേയും പുരസ്കാരത്തിനു അർഹരാക്കിയതെന്ന് സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ.പി അനിൽദേവ് സെക്രട്ടറി ഡോ. ബി അബ്ദുൽസലാം ട്രഷറർ വൈ.അനിൽകുമാർ എന്നിവർ വ്യക്തമാക്കി.