കോഴിക്കോട്: കേരളത്തിന്റെ മുഴുവൻ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിർത്തി അർജുന് വിടചൊല്ലി ജന്മനാട്. ഉറ്റവർക്കൊപ്പം വീട്ടു മുറ്റത്തെ പന്തലിൽ ഒരു നാട് ഒന്നാകെ അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാൻ സമയം പിന്നെയും നീണ്ടു. വീടിനുപിന്നിലായാണ് അർജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്ക്ക് തീ പകർന്നത്.
ജൂലായ് 16-നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവിൽ 71- ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ രാത്രി ഷിരുരിൽ നിന്നും അർജുന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചത്. കാർവാർ എംഎൽഎ സതീഷ് സെയിൽ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ എന്നിവരും അർജുന്റെ മൃതദേഹത്തെ അനുഗമിച്ചു.