കർണാടകയിലെ ഷിരൂർ ഗംഗാവലി പുഴയ്ക്ക് സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ട അർജുന് ജന്മനാടിന്റെ യാത്രാമൊഴി. അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷം കണ്ടെടുത്ത അർജുന്റെ മൃതദേഹ ഭാഗങ്ങൾ സ്വദേശമായ കോഴിക്കോട് എത്തിച്ചു. ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ രാത്രി ഷിരുരിൽ നിന്നും അർജുന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചത്. കാർവാർ എംഎൽഎ സതീഷ് സെയിൽ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ എന്നിവരും അർജുന്റെ മൃതദേഹത്തെ അനുഗമിച്ചു.
അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയിയുടെ 12 മീറ്റർ താഴ്ചയിൽ നിന്നും അർജുന്റെ ലോറി കണ്ടെടുത്തത്. നിന്നാണ് ഡ്രഡ്ജിങ് നടത്തി ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും ഉണ്ടായിരുന്നു. ജൂലൈ പതിനാറിനായിരുന്നു ദേശീയപാത 66-ൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നിൽനിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. കാർവാർ – കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.
കേരളത്തിലേക്ക് എത്തിച്ച മൃതദേഹം അഴിയൂരിൽ വച്ച് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. കാസർകോട് വച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരും അർജുന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയാണ് അർജുന് അന്തിമോപചാരം അർപ്പിക്കാൻ ജന്മനാടായ കണ്ണാടിക്കലിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കുന്ന നിലയിലാണ് ക്രമീകരണങ്ങൾ. അർജുന്റെ മൃതദേഹം അവസാനമായി കാണാൻ നിരവധി പേരാണ് വീട്ടിൽ എത്തിയിട്ടുള്ളത്.