ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കവെ ലക്ഷദ്വീപിൽ സിപിഐ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. ലക്ഷദ്വീപിന്റെ ഭാഗമായ ബിത്രാ, മിനിക്കോയി ദ്വീപുകളിലെ ജനങ്ങളെ കുടി ഒഴിപ്പിക്കുവാനുള്ള അഡ്മിനിസ്‌ട്രേഷന്റെ ഗൂഢ പദ്ധതികളെ സിപിഐ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് സിപിഐ നേതാക്കളെ വേട്ടയാടാൻ ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനാതിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പരിഷ്കാരങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി സി ടി നജ്മുദ്ധീൻ ഉൾപ്പടെയുള്ള നേതാക്കൾ അഡ്മിനിസ്ട്രേറ്ററുടെ അഡ്‌വൈസറെ കാണുകയും ചർച്ചക്കിടയിൽ സംസ്ഥാന സെക്രട്ടറിയേയും കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ, അസിസ്റ്റന്റ് സെക്രട്ടറി സൈത് അലി എന്നീ മൂന്ന് നേതാക്കളെയും അറസ്റ്റ് ചെയ്ത് 10 ദിവസത്തോളം ജയിലിൽ അടച്ചിടുകയും ചെയ്തിരുന്നു. സിപിഐയുടെ ശക്തമായ ഇടപെടലുകളിലൂടെയാണ് പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചത്.
എന്നാൽ കോടതി പിന്നീട് കേസ് വിളിക്കുന്ന വിവരം പ്രതികളാക്കപ്പെട്ട സിപിഐ നേതാക്കളെയോ മുഹ്ത്തിയാറിനെയൊ അറിയിക്കാൻ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐ നേതാക്കൾക്ക് നേരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയിലുള്ള വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ഈ വിഷയത്തെ മുൻ നിർത്തി സിപിഐ സംസ്ഥാന സെക്രട്ടറി സി ടി നജ്മുദ്ധീൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ കവരത്തി ബ്രാഞ്ച് സെക്രട്ടറിയുമായ സൈതലി ബിരേക്കലിനെ കോടതിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തനിക്കും ഇതേ കേസിൽ വാറന്റ് ഉണ്ടെന്നും സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് അറസ്റ്റ് വൈകുന്നതെന്നും സംസ്ഥാന സെക്രട്ടറി കൂട്ടി ചേർത്തു.ലക്ഷദ്വീപിന്റെ ഭാഗമായ ബിത്രാ, മിനിക്കോയി ദ്വീപുകളിലെ ജനങ്ങളെ കുടി ഒഴിപ്പിക്കുവാനുള്ള അഡ്മിനിസ്‌ട്രേഷന്റെ ഗൂഢ പദ്ധതികളെ സിപിഐ നേതാക്കൾ ചോദ്യം ചെയ്തതാണ് അഡ്മിനിസ്ട്രേഷനെ ചൊടിപ്പിച്ചത്. ഭയപ്പെടുത്തി നിശ്ശബ്ദമാക്കാം എന്നുള്ള ബിജെപിയുടെ സ്ഥിരം തന്ത്രമാണ് ഇവിടെയും പ്രയോഗിക്കുന്നത്.
എന്നാൽ ഇതിന്റെ പേരിൽ എത്ര അറസ്റ്റ് ഉണ്ടായാലും ഏത് തരത്തിലുള്ള ഭീഷണി ഉണ്ടായാലും അതിനെയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇച്ഛാ ശക്തി കൊണ്ട് നേരിടുമെന്നും ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഏകാതിപത്യ ഭരണത്തിന് എതിരെ എക്കാലവും ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.