Tuesday, January 21, 2025
spot_imgspot_img
HomeOpinionഎ ബി ബർദൻ: മറക്കാൻ പാടില്ലാത്ത കമ്മ്യൂണിസ്റ്റ്

എ ബി ബർദൻ: മറക്കാൻ പാടില്ലാത്ത കമ്മ്യൂണിസ്റ്റ്

നാട്യങ്ങളില്ലാത്ത കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു സഖാവ് എ.ബി. ബർദൻ. നാഗ്പുരിൽ തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചും പ്രസ്ഥാനത്തെ നയിച്ചും ജനപ്രിയ നേതാവായ അദ്ദേഹം ഒരിക്കൽ മാത്രമാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ ഇടതുപ്രസ്ഥാന നേതൃനിരയിൽ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന നേതാവായിരുന്നു ബർദൻ. ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെയെല്ലാം മനസ്സിൽ ബർദൻ എന്ന കമ്യൂണിസ്റ്റുണ്ട്. അടിമുടി കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. പെരുവിരൽ മുതൽ തലച്ചോർ വരെ കമ്യൂണിസ്റ്റുകാരൻ. വ്യക്തിബന്ധങ്ങളിൽ മാന്യത എന്നും അദ്ദേഹം സൂക്ഷിച്ചിരുന്നു. തന്റെ തീരുമാനങ്ങൾ ഒരിക്കൽ പോലും ആർക്കു വേണ്ടിയും മാറ്റം വരുത്തിയിരുന്നില്ല. എല്ലാത്തിനെയും കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു

ട്രേഡ് യൂണിയൻ നേതൃരംഗത്തേക്ക് ബർദാന്റെ പ്രവർത്തന പാടവം ഉപയോഗപ്പെടുത്തണമെന്ന് ഇന്ദ്രജിത് ഗുപ്ത ഉൾപ്പെടെ നേതാക്കൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എ.ഐ.ടി.യു.സി ആസ്ഥാനത്തേക്ക് എത്തുന്നത്. വർഷങ്ങളോളം ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനമായ എ.ഐ.ടി.യു.സിയെ നയിച്ചു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന തന്റെ ആശയം ഏറ്റവും ശക്തമായി എ.ഐ.ടി.യു.സിയിൽ അവതരിപ്പിക്കുകയും രാജ്യത്താകമാനം പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുന്ന പരിപാടി നടപ്പാക്കുകയും ചെയ്തു. റിക്ഷവലിക്കുന്നവർ, സൈക്കിൾ റിക്ഷാ തൊഴിലാളികൾ, ആരോരും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ നാനാതുറകളിലും കഷ്ടത അനുഭവിക്കുന്നവരെയടക്കം സംഘടിപ്പിക്കുക എന്ന ലക്ഷ്യം വലിയ അളവോളം സാക്ഷാത്കരിച്ചത് ബർദൻ ജനറൽ സെക്രട്ടറി ആയിരിക്കവെയാണ്.

1990ൽ ആണ് പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി അജോയ്ഭവനിൽ അദ്ദേഹം പ്രവർത്തനം തുടങ്ങിയത്. സാധാരണക്കാരനായ പ്രവർത്തകർക്ക് ഒരു സങ്കോചവും കൂടാതെ നേരേപോയി സംസാരിക്കാൻ പറ്റുന്ന ദേശീയ നേതാവായിരുന്നു അദ്ദേഹം. വന്നവർ ഏത് പദവിയിലുള്ളയാളാണ്, ഏത് പ്രദേശത്തുകാരനാണ് എന്നൊന്നും അദ്ദേഹം നോക്കാറില്ല. ഏവരോടും മനുഷ്യത്വപരമായി പെരുമാറും. പാർട്ടി ജനറൽ സെക്രട്ടറിയായശേഷം പുതിയ തലമുറയെ രംഗത്തിറക്കാൻ അദ്ദേഹം ശ്രദ്ധവെച്ചു. അങ്ങനെയാണ് ഒരുപാട് ചെറുപ്പക്കാരെ പാർട്ടി കേന്ദ്രത്തിൽ കൊണ്ടുവന്നത്. അതിൽ അമർജിത് കൗർ, സഖാവ് രാജ, പല്ലവസെൻ, അതുൽകുമാർ അൻജാനി തുടങ്ങിയവരുടെ വലിയൊരു നിര. യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും സംഘടിപ്പിക്കൽ പാർട്ടി കടമയാക്കി അദ്ദേഹം മാറ്റി. അത് പാർട്ടി പ്രവർത്തനത്തെ കുറേക്കൂടി സംഘടിതമാക്കാൻ വഴിയൊരുക്കിയിരുന്നു.

ലളിത ജീവിതവും സത്യസന്ധതയും ആത്മാർഥതയും ബർദന്റെ കൂടപ്പിറപ്പായിരുന്നു. എന്നും അദ്ദേഹം മനസ്സിൽ കൊണ്ടുനടന്നത് ഈ പാർട്ടി ഇന്ത്യയിൽ വലുതാകണമെന്ന ആഗ്രഹമായിരുന്നു. അതിനുവേണ്ടിയുള്ള പരിപാടികൾ ഓരോ പാർട്ടി സഖാക്കളുമായും ചർച്ചചെയ്യുമായിരുന്നു. നമുക്ക് ജനഹൃദയങ്ങളിലത്തൊൻ പാർട്ടിനേതൃത്വവും സാധാരണ ജനങ്ങളും തമ്മിലെ ബന്ധത്തിൻറെ പാലം ശക്തമാക്കണമെന്ന് അദ്ദേഹം എപ്പോഴും ഓർമപ്പെടുത്തി. ആഹ്വാനം ചെയ്യുകമാത്രമല്ല, കൂടെ നിൽക്കുകയും അത് അവരെ ബോധ്യപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമേ പ്രസ്ഥാനത്തിലേക്ക് ആളു വരൂ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രസ്ഥാനത്തിലേക്ക് ആള് വന്ന ശേഷമാണ് എന്നും അദ്ദേഹം പറയുമായിരുന്നു. നിശ്ചയദാർഢ്യമുള്ള നേതാവായിരുന്നു ബർദൻ.

ഇന്ത്യയിൽ ബി.ജെ.പി ഭരണം വന്നതോടെ വി.എച്ച്.പിയും ആർ.എസ്.എസും കാണിക്കുന്ന അധികാര ഗർവിലും മനുഷ്യനോട് ചെയ്യുന്ന അനീതിയിലും അദ്ദേഹം ആശങ്കാകുലനായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏത് പ്രതിസന്ധി വരുമ്പോഴും അത് തരണംചെയ്യാനുള്ള മാർഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. പാർട്ടി കമ്മിറ്റികളിൽ ഏത് വിമർശവും ശാന്തതയോടെ കേൾക്കും. പക്വമായി മറുപടി പറയും. രോഷാകുലനാകില്ല. അദ്ദേഹത്തിന്റെ രോഷം മർദക വർഗത്തോടും ഫാഷിസ്റ്റുകളോടും വർഗീയവാദികളുടെ അഴിഞ്ഞാട്ടത്തോടുമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും പാവങ്ങൾക്കൊപ്പമായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം തീവ്രവിപ്ളവകാരിയുടെ മനസ്സുമായാണ് വിടവാങ്ങിയത്. ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് അദ്ദേഹത്തെപ്പോലെയുള്ള ശക്തരായ നേതാക്കൾ അനിവാര്യമായ ഘട്ടത്തിലാണ് നമുക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടിരിക്കുന്നത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares