വ്യവസായ-വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് വഴിവിട്ട ഏതുമാർഗവും സ്വീകരിക്കുന്ന വ്യവസായി അദാനി, അദ്ദേഹത്തിനു കുടപിടിക്കുന്ന കേന്ദ്ര സർക്കാർ ഇവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഗുജറാത്തുകാരനായ അദാനി, ചെറുസംരംഭങ്ങളിലൂടെ ആരംഭിക്കുകയും ഉദാരവൽക്കരണ നയങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ട് അത് വിപുലപ്പെടുത്തുകയും ചെയ്ത വ്യവസായിയാണ്. എങ്കിലും ഗുജറാത്തിൽ മുഖ്യമന്ത്രിയും പിന്നീട് 2014ൽ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതോടെയാണ് അദാനിയുടെ വ്യവസായ സാമ്രാജ്യം കുതിച്ചുചാട്ടം നടത്തിയതെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ ജീവിത നാൾവഴികൾ പരിശോധിച്ചാൽ അത് വ്യക്തമാകും. അദാനിയുടെ ചരിത്രം വേറിട്ടതാകുന്നത് നിറയെ ദുരൂഹതകളും വഴിവിട്ട നീക്കങ്ങളും ക്രമക്കേടുകളും നിറഞ്ഞ വഴികളിലൂടെയാണ് സഞ്ചാരമെന്നതുകൊണ്ട് തന്നെയാണ്. ഒരുവേള, മോദിയുമായുള്ള ചങ്ങാത്തത്തിലൂടെ നേട്ടമുണ്ടാക്കുന്നു എന്ന് മാത്രമല്ല നേരിട്ടുള്ള ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണവും ഇരുവർക്കുമെതിരെ ഉയരുകയുമുണ്ടായി.
അതിനു ഒടുവിലത്തെ ഉദാഹരണമാണ് സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതിനു അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ഒരോന്നും സത്യമായിക്കൊണ്ടിരിക്കുകയാണ്. അദാനിക്കായി കേന്ദ്ര സർക്കാർ നാണംക്കെട്ട ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യയും പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യൻ ഖജനാവ് കൊള്ളയടിക്കാൻ അദാനിമാർക്ക് കേന്ദ്ര സർക്കാർ മൗനാനുവാദവും അതിനുള്ള ഒത്താശയും ചെയ്തുകൊടുക്കുകയാണ്.
12 ജിഗാവാട്ടിന്റെ സോളാര്‍ കരാര്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുക്കുന്നതിന്, ഗൗതം അദാനിയും അദ്ദേഹത്തിന്റെ മരുമകന്‍ സാഗര്‍ അദാനിയും കൂട്ടരും ചേര്‍ന്ന് നടത്തുന്ന അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് കമ്പനി, 2200 കോടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്നതാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നതിൽ അമേരിക്ക എന്തിനു കേസെടുക്കണം എന്ന ചില സംഘപരിവാർ നേതാക്കളുടെ ചോദ്യങ്ങൾ ഇടക്കൊന്നു പൊന്തിയിരുന്നു.
എന്നാൽ അദാനി ഗ്രൂപ്പ് കൈക്കൂലി കൊടുക്കാന്‍ സ്വരൂപിച്ച 2200 കോടി അമേരിക്കയിലെ ഓഹരിക്കമ്പോള ഇടപാടുകാരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും, കൈക്കൂലിക്കാര്യം മറച്ച് വച്ച്, സ്വരൂപിച്ചു എന്നതിനാലാണ് അമേരിക്കന്‍ കോടതി ഇടപെട്ടിരിക്കുന്നത്. അതായത് സ്വരൂപിച്ച പണം വകമാറ്റി ചിലവാക്കി എന്നതാണ് കേസ്. യു.എസ്.സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് (SEC) അദാനിയുടെ വെട്ടിപ്പ് കണ്ടെത്തിയത്. അമ്മായപ്പനു പറ്റിയ മരുമകനെയാണ് കിട്ടിയിരിക്കുന്നത്. കുറച്ച് നാൾമുമ്പ് ഇന്ത്യൻ ഓഹരി വിപണിയിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് ഗൗതം അദാനിയും സഹോദരന്‍ വിനോദ് അദാനിയും ചേര്‍ന്ന് നടത്തിയെന്ന് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് അമേരിക്കൻ സ്ഥാപനമായ ഹിഡന്‍ ബര്‍ഗ് ആയിരുന്നു. ഈ തട്ടിപ്പൊക്കെ കാണിച്ചിട്ടും ഇന്ത്യയിലെ കോടതി ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നതിൽ അശ്ചര്യപ്പെടണം.