അതുൽ നന്ദൻ
എഐഎസ്എഫിന്റെ 45-ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 18 ,19 തിയ്യതികളിൽ പുന്നപ്ര വയലാർ പോരാട്ടത്തിന്റെയും, തൊഴിലാളി കർഷക പോരാളികളുടെ നിണമണിഞ്ഞ ചരിത്ര ഭൂമികയായ ആലപ്പുഴയിൽ വെച്ച് നടക്കുകയാണല്ലോ. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഏടാണ് പുന്നപ്ര വയലാർ പ്രക്ഷോഭം. ആ സമര ഭൂമിയിൽ തന്നെയാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ കേരള സംസ്ഥാന സമ്മേളനം അരങ്ങേറുന്നത് എന്ന കരുത്തും കൂടിയുണ്ട്.
രാജ്യത്ത് ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഐതിഹാസികമായ പോരാട്ടങ്ങളുടെ ചരിത്രമാണ് എഐഎസ്എഫിന്റേത്. ഇന്ത്യൻ വിദ്യാർത്ഥി സമരങ്ങളുടെ ചരിത്രം 19-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. പറ്റ്‌ന കോളേജിൽ വിദ്യാർത്ഥികളെ അപമാനിച്ചു സംസാരിച്ച പ്രിൻസിപ്പലിനെതിരെ 1875 ഓഗസ്റ്റ് 31ന് നടന്ന സമരമാണ് അറിയപ്പെടുന്ന ആദ്യ വിദ്യാർത്ഥി സമരം. അതൊരു വിജയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കൊൽക്കത്ത, ബോംബെ, മദ്രാസ്, അലഹബാദ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ നിരവധി കോളേജുകൾ സ്ഥാപിക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ എണ്ണം രണ്ടുലക്ഷത്തിലധികവും കോളേജുകളിൽ ഇരുപത്തി അയ്യായിരത്തിലധികവും വിദ്യാർത്ഥികളുണ്ടായി. അതോടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ പങ്കാളിത്തവും അവയുടെ പ്രവർത്തനവും വ്യാപകമായി. 1905- ലെ ബംഗാൾ വിഭജനത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലാണ് യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേരിട്ട് രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നത്. അങ്ങനെ ഒരു അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാനുള്ള പരിശ്രമങ്ങൾ 1906 ൽ തന്നെ ആരംഭിച്ചു.
ആനിബസന്റ് ബനാറസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദു കോളേജ് മാസികയിൽ ഒരു അഖിലേന്ത്യാ സംഘടനയുടെ സാധ്യത ചർച്ചചെയ്യുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഘടന ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് തുടക്കമിടാനായില്ല. 1917ലെ റഷ്യൻ വിപ്ലവത്തിനു ശേഷം സമത്വം, സ്വാതന്ത്ര്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങൾ ദേശീയ പ്രസ്ഥാനത്തിലും വലിയ സ്വാധീനം ചെലുത്തി. 1920ൽ ബിഹാറിലും ബോംബെയിലും പൂനെയിലും നിരവധി വിദ്യാർത്ഥി യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഒരു അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർക്കുവാനുള്ള തീരുമാനമുണ്ടായി. 1936, ഓഗസ്റ്റ് 12, ലക്‌നൗവിൽ ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് ജന്മംകൊണ്ടു.
വർത്തമാനകാലത്തിൽ, സമ്മേളനം നടക്കുന്ന കാലഘട്ടം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചു വളരെ നിർണ്ണായകമാണ്. ഭരണഘടനയ്ക്കുപോലും വിലകൽപ്പിക്കാത്ത, മതേതര ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര ഭരണകൂടം വിദ്യാഭ്യാസ മേഖലയിലും സമൂല ആധിപത്യം സൃഷ്ടിക്കുകയാണ്. തീർത്തും വിദ്യാർത്ഥി വിരുദ്ധവും ഭരണഘടനാ തത്വങ്ങൾ കാറ്റിൽ പറത്തുന്നതുമായ പുത്തൻ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണ്.
ഒന്നാം മോദി സർക്കാരിന്റെ അധികാരലബ്ധിക്കുശേഷം വിദ്യാഭ്യാസ മേഖലയിൽ രാജ്യം ഇതുവരെ ദർശിക്കാത്ത തരത്തിലുള്ള കടന്നുകയറ്റമാണ് കേന്ദ്ര ഭരണകൂടം നടത്തികൊണ്ടിരിക്കുന്നത് . ആർഎസ്എസിന്റെ ബൗദ്ധിക ചിന്താധാരയെ പൊതുസ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രൈമറി തലം തൊട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാൻ ശ്രമിക്കുകയാണ് സംഘപരിവാർ ശക്തികൾ. യഥാർത്ഥ ചരിത്ര യഥാർത്ഥ്യങ്ങൾ മൂടിവെച്ചുകൊണ്ട് മിഥ്യ ധാരണകൾ നമ്മുടെ മികച്ച സർവകലാശാലകളിലെ സിലബസുകളിൽ പോലും കടന്നു കൂടിയിരിക്കുന്നു.
രാജ്യത്തിന്റെ ബഹുസ്വരതയുടെ അടയാളങ്ങളായ സർവകലാശാലകളിലേക്ക് ഭാരതീയ തത്വജ്ഞാനം എന്ന വ്യാജേന മനുസൃമിതിയും സംസ്‌കൃത ഭാഷയുടെ അടിച്ചേൽപ്പിക്കലും നടത്തുകയാണ്. ചരിത്രത്തെ പേടിയോടെ കാണുന്ന ഭരണകൂടം റോമില ഥാപ്പറിന്റെയും ഇർഫാൻ ഹബീബിന്റെയും ചരിത്ര പുസ്തകങ്ങൾ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സിലബസിനു പുറത്താക്കിയിരിക്കുന്നു. ഐസിഎച്ച്ആർ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ആർഎസ്എസിനു വേണ്ടി ചരിത്രം നിർമ്മിക്കുന്നവരായി മാറിയിരിക്കുന്നു മലബാർ കലാപത്തോട് തീർത്തും വർഗീയ നിലപാടാണ് ഐസിഎച്ച്ആർ കൈക്കൊണ്ടത്. സംസ്ഥാന പാഠപുസ്തകങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ രാജ്യത്താകമാനം ആർഎസ്എസിന്റെ ഒത്താശയോടെ ഒരു പുത്തൻ സാംസ്‌കാരിക നിർമ്മിതി നടന്നു കൊണ്ടിരിക്കുകയാണ്.
ഗോൾവാൾക്കറുടെയും സവർക്കറിന്റെയും മൗലിക രചനകൾ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പാഠഭാഗങ്ങളിൽ ഉൾപ്പെട്ടത് വിവാദങ്ങൾക്കും ചർച്ചകൾക്കും കേരളത്തിൽ വഴിവെച്ചിരുന്നു. കേവലം ഒരു രാഷ്ട്രീയ ആശയം പഠിക്കുന്നത് അല്ലെങ്കിൽ പഠിപ്പിക്കുന്നതുകൊണ്ട് എന്ത് സംഭവിക്കുന്നു എന്ന് ചോദിക്കുന്ന തലത്തിലേക്ക് വലത് ലിബറലുകൾ പാകപ്പെട്ടിരിക്കുന്നു. ഇത് ആശാവഹമായ കാര്യമല്ല. വിചാരധാര പോലുള്ള തീവ്ര ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുന്നതുമായ ഒരു രചനയെ റഫറൻസ് ഗ്രന്ഥമാക്കിയതിൽ കടുത്ത പ്രതിഷേധമാണ് എഐഎസ്എഫ് ഉയർത്തിയത്.
വിദഗ്ദ്ധ സമിതി നിർദ്ദേശത്താൽ സർവകലാശാല സിലബസ് പിൻവലിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും ജനാതിപത്യ സ്ഥാപനങ്ങളുടെയും കാവിവൽക്കരണത്തിന് ആസൂത്രിതമായ ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ബിജെപി ഇതിനെ കാവിവൽക്കരണം എന്നതിന് പകരം ഭാരതവൽക്കരണം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ ഹൈന്ദവ ചിന്താവൽക്കരണം എന്നൊക്കെ വിളിക്കുന്നു. സംഘപരിവാറിന്റെ അഭിപ്രായത്തിൽ ആധ്യാത്മീക വിചാരധാരയുമായി ബന്ധമില്ലാത്ത ഒരു വിദ്യാഭ്യാസ രീതി ഭാരതത്തിൽ നടപ്പാക്കുന്നതിൽ അർത്ഥമില്ല. ഏക ശിലാത്മക പ്രത്യയശാസ്ത്രത്തെ രാജ്യത്തുടനീളം അടിച്ചേൽപ്പിക്കാൻ വിദ്യാഭ്യാസ മേഖല പോലെ എളുപ്പമുള്ള മറ്റൊന്നില്ല. വൈവിധ്യങ്ങളുടെ ഭൂമികയായ ഇന്ത്യയിൽ ബഹുസ്വരതയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ദേശീയ വിദ്യാഭ്യാസനയമാണ്
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
കരിക്കുലവും സിലബസ്സും തയ്യാറാക്കുന്നതിനുള്ള ചുമതല കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതോടെ സംസ്ഥന താല്പര്യങ്ങൾ സംരക്ഷിച്ച് സിലബസ് തയ്യാറാക്കുന്ന എസ്‌സിഇആർടി അപ്രസക്തമാകും. പ്രാദേശിക വൈജാത്യങ്ങളെ വിസ്മരിച്ചു മുന്നോട്ട് പോകുന്നതിലൂടെ സാംസ്‌കാരിക അടിമത്വം സൃഷ്ടിക്കപ്പെടും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയ താല്പര്യങ്ങൾക് യോജിച്ച വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്താനുള്ള അനുമതി വിദ്യാർത്ഥികൾക്ക് അർഹമായ ഫെലോഷിപ്പുകൾ തടഞ്ഞു വെക്കുക തുടങ്ങി വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്.
വിദ്യാഭ്യാസ രംഗത്തെ ഇത്തരം കാവിവൽക്കരണം തീർത്തും ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്ന ചരിത്ര അപനിർമ്മിതിക്കെതിരായും വിദ്വേഷം, മതഭ്രാന്ത്, ഗീബൽസിയൻ പ്രചാരണങ്ങൾ,ജാതി-മത വംശീയയതയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തുടങ്ങിയ വലതുപക്ഷ തീവ്രവാദ വൽക്കരണത്തിനെതിരായും ശക്തമായ പ്രതിരോധവും ഐക്യവും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളിൽ എന്നും കരുത്തോടെ പൊരുതാനുള്ള രാഷ്ട്രീയ ചർച്ച വേദിയാകും ഈ സമ്മേളനം എന്നുറപ്പാണ്.