ടി ടി ജിസ്‌മോന്‍(എഐവൈഎഫ് സംസ്ഥാന സെക്രട്ടറി)
ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര രാജ്യമാണെന്ന് അഭിമാനിച്ചു കൊണ്ടിരുന്ന ഇന്ത്യ ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. രാജ്യത്തെ മതേരത്വത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കൂടുതൽ കരുത്തുറ്റ പോരാട്ടങ്ങളാണ് ഈ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ഉയർന്നു വരേണ്ടത് ഇത്തരമൊരു സാഹചര്യത്തിലാണ് ‘മത നിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം തൊഴിലിനു വേണ്ടി പോരാടാം’ എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് മതേതര സംഗമവുമായി എഐവൈഎഫ് രംഗത്തെത്തുന്നത്.
ഗാന്ധി ഘാതകരായിട്ടുളളവർ ഇന്ത്യ ഭരിക്കുന്ന ഒരു സാഹചര്യത്തിൽ നമ്മുടെ രാജ്യം കൂടുതൽ അപകടകരമായ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലേറി എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കുന്ന വർഗ്ഗീയ സംഘർഷകങ്ങളും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമങ്ങളുമെല്ലാം ഇന്ത്യയുടെ മതേതരത്വത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് എഐവൈഎഫ് മതേതര സംഗമം സംഘടിപ്പിക്കുന്നതിന് വേണ്ടി 75-ാം സ്വതന്ത്ര്യ ദിനത്തിൽ തീരുമാനിക്കുന്നത്. ദേശീയ പതാകയെയും ഗാനത്തെയുമെല്ലാം തിരസ്കരിച്ച ആർഎസ്എസിന്റെ പൂർണ്ണ നിയന്ത്രണത്തിലുളള ഒരു സർക്കാരാണ് നമ്മുടെ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുമ്പോഴും കപട ദേശീയ വാദം ഉയർത്തി ജനങ്ങളെ കബളിപ്പിക്കാനുളള ശ്രമാണ് ബിജെപി നടത്തുന്നത്.
വർഗീയതയൊടോപ്പം ഇന്ത്യൻ യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തൊഴില്ലായ്മ. പ്രതിവർഷം രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനവുമായി അധികരത്തിലേറിയ മോദി സർക്കാർ, രാജ്യത്തെ സമ്പൂർണ്ണമായി നിയമന നിരോധനത്തിലേക്ക് നയിക്കുകയാണ്. 248 ഓളം പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കപ്പെട്ടിരിക്കുകയാണ്. 45 വർഷത്തിലെ ഏറ്റവും വലിയ തൊഴില്ലായ്മയാണ് ഇന്ത്യ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തൊഴിലിന് വേണ്ടി വിപുലമായ ഒരു പോരാട്ടം രാജ്യത്ത് ഉയർന്നു വരേണ്ട ഒരു സാഹചര്യമാണ് നിലവിലുളളത്. അഗ്നിപഥ് പോലെയുളള പദ്ധതിയിലൂടെ സൈന്യത്തെ പോലും കരാർ വൽക്കരിക്കുകയാണ് മോദി സർക്കാർ നടത്തുന്നത്. ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന മുദ്രവാക്യമുയർത്തി കൊണ്ട് എഐവൈഎഫ് നടത്തിയ പോരാട്ടങ്ങളുടെ തുടർച്ചയാണ് നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത്.