Wednesday, December 4, 2024
spot_imgspot_img
HomeOpinionഅജ്മീർ ദർഗ: സമാധാനത്തിന്റെ മറ്റൊരു ലോകം; പള്ളിക്കടിയിൽ ക്ഷേത്രമുണ്ടോ?

അജ്മീർ ദർഗ: സമാധാനത്തിന്റെ മറ്റൊരു ലോകം; പള്ളിക്കടിയിൽ ക്ഷേത്രമുണ്ടോ?

ടി കെ മുസ്തഫ വയനാട്

ഹിന്ദുത്വ എന്ന രാഷ്ട്രീയാശയം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്റെ ‘ഹിന്ദുത്വ: ആരാണ് ഹിന്ദു? ‘എന്ന പ്രത്യയ ശാസ്ത്ര ലഘുലേഖയിൽ ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള അന്തരം വരച്ചു കാട്ടുന്നുണ്ട്.” ഹിന്ദുയിസം (Hinduism) ഹിന്ദുത്വ (Hindutva)യില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. ഹിന്ദുയിസം ആത്മീയ-മത ആശയസംഹിതകളെ കുറിക്കുമ്പോള്‍ ഹിന്ദുത്വ ഹിന്ദു തീവ്രതയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്” (പേജ് 4)

സംഘപരിവാറിനെ കേവലം ഒരു സംവിധാനം എന്നതിനപ്പുറം അപകടകരമായ പൊതു ബോധമായി വീക്ഷിക്കുകയും അവരുടെ പൊതുബോധ രൂപീകരണത്തിന്നെതിരായ സാംസ്‌കാരിക ചെറുത്ത് നിൽപ്പെന്ന രാഷ്ട്രീയ ജാഗ്രത രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സവർക്കരുടെ ലഘു ലേഖ നമ്മോട് പറയുന്നത്. അപ്രകാരം വിദ്വേഷത്തിലധിഷ്ഠിതമായ ഫാസിസ്റ്റുകളുടെ വിഭജന രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് രാജസ്ഥാനിലെ അജ്മീർ ദർഗ നിർമ്മിച്ചത്‌ ശിവക്ഷേത്രം നിലനിന്ന സ്ഥാനത്താണെന്ന ഹിന്ദുസേനയുടെ അവകാശവാദം. മുൻപ് പഴയ നളന്ദ മഹാവിഹാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കുസമീപം പുതുതായി നിര്‍മ്മിച്ച സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തുകൊണ്ട് 12-ാം നൂറ്റാണ്ടില്‍ വിദേശ അക്രമികള്‍ നളന്ദ സര്‍വ്വകലാശാല നശിപ്പിച്ചു കളഞ്ഞുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു പതിപ്പ് തന്നെയാണിത്. മുസ്ലിം ഭരണാധികാരികളും മറ്റു മുസ്ലീം ആക്രമണകാരികളും മത തീവ്രവാദം നിമിത്തം ഹൈന്ദവ ആരാധനാലയങ്ങളും രാജ്യത്തെ പുരാവസ്തുക്കളും ഇല്ലായ്മ ചെയ്തുവെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന പതിവ് വര്‍ഗീയ അജണ്ട.

ഉത്തർ പ്രദേശിലെ സംഭൽ ഷാഫി ജുമ മസ്ജിദ് സർവേക്കിടയിലെ വെടിവെപ്പിൽ അഞ്ച് പേർ മരണമടഞ്ഞതിന് പിന്നാലെയാണ് അജ്മീർ ദർഗയിലും അവകാശവാദം ഉന്നയിച്ചുകൊണ്ട് സംഘപരിവാർ സംഘടന രംഗത്ത് വന്നിരിക്കുന്നത്.1947 ഓഗസ്റ്റ് 15ന് നിലനിന്ന അവസ്ഥയിൽ ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കുകയാണ് റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക ധര്‍മ്മമെന്നും ഏതെങ്കിലും സ്മാരകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മറ്റേതോ മതവിശ്വാസ പ്രകാരമുള്ള നിര്‍മ്മിതികളെ തകര്‍ത്തു കൊണ്ടാണെന്നുള്ള അവകാശവാദങ്ങള്‍ എവിടെ നിന്നെങ്കിലുമുയര്‍ന്നാല്‍ അവയ്ക്കനുസൃതമായി സ്മാരകങ്ങളെ നീക്കം ചെയ്യുന്നത് നിയമവാഴ്ചയുടെ തത്ത്വങ്ങള്‍ക്കെതിരാണെന്നുമുള്ള 1991 ലെ നിയമത്തെ നഗ്നമായി ലംഘിച്ചു കൊണ്ടാണ് ‘കാശി മഥുര ബാക്കി ഹേ ‘എന്ന മുദ്രാവാക്യം കേന്ദ്ര ഭരണത്തിന്റെ തണലിൽ സംഘ പരിവാർ വ്യാപകമായി ഉയർത്തുന്നത്.

ഖാജ മൊയ്‌നുദ്ദീൻ ചിഷ്തിയും അജ്മീർ ദർഗയും

പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി മിസ്റ്റിക് വിശുദ്ധനും തത്ത്വചിന്തകനുമായിരുന്നു ഖാജ മൊയ്‌നുദ്ദീൻ ചിഷ്തി. അസ്സയ്യിദ് ശൈഖ് മുഈനുദ്ദീൻ ഹസൻ എന്നാണ് പൂർണ്ണ നാമം.ഹിജ്‌റ 522ൽ ഇറാനിലെ സജിസ്ഥാനിലാണ് അദ്ദേഹത്തിന്റെ ജനനം. ബാല്യം മുതൽ കടുത്ത മത ശിക്ഷണത്തിലും ആത്മികാനുഭവങ്ങളിലും വളർന്ന അദ്ദേഹം പിതാവ് ശിയാസുദ്ധീൻ സൻജരിയുടെ ശിക്ഷണത്തിൽ പ്രാഥമിക പഠനം നടത്തിയ ശേഷം ശൈഖ് ഹുസാമുദ്ദീൻ എന്ന ഗുരുവിന്റെ അടുത്ത് നിന്ന് ‘ഖുർആൻ ‘മനഃപാഠമാക്കുകയും പിന്നീട് ഇറാഖിലെ ഖാജാ ഉസ്മാൻ ഹാറൂനിയെന്ന ശൈഖിനെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തു. 20 വർഷക്കാലം അദ്ദേഹത്തിൽ നിന്ന് വിജ്ഞാനവും ആത്മീയ സരണികളും സ്വായത്തമാക്കിയ ശേഷം ശൈഖിൽ നിന്ന് സ്ഥാന വസ്ത്രം (ഹിർക്ക) സ്വീകരിച്ച്, വിശ്രുതമായ ‘ചിഷ്ത്തി ‘മാർഗത്തിൽ പ്രവേശിക്കുകയായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.ഇദ്ദേഹത്തിന്റെ മഹാ ഗുരുക്കളെല്ലാം ‘ചിഷ്ത്’ പ്രദേശത്തായിരുന്നുവെന്നതിനാൽ ഇദ്ദേഹവും ഈ പ്രദേശത്തോട് ചേർത്ത് കൊണ്ട് അറിയപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു.

ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുകയെന്ന ബോധനത്തിന്റെ അടിസ്ഥാനത്തിൽ 40 അനുയായികൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ച് ഹിജ്‌റ 561 മുഹറം മാസത്തിൽ ചിഷ്തി അജ്മീറിലെത്തി. ‘സുൽത്താനുൽ ഹിന്ദ്’ എന്ന നാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം അനവധി കറാമത്തുകൾ ( അസാധാരണ സംഭവങ്ങൾ, അത്ഭുതങ്ങൾ ) പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്. 1236 ലാണ് (ഹിജറ 633, റജബ് ആറ്) മൊയ്‌നുദ്ദീൻ ചിഷ്തി അന്തരിക്കുന്നത്. തുടർന്ന് ദേശീയ ഭരണാധികാരികൾ അടക്കം അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ വന്നതോടെ ഈ ദർഗയുടെ ഘടന വിപുലീകരിച്ചു.

1332 ൽ ഡൽഹി സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ് ഇന്ന് കാണുന്ന വിധത്തിൽ ഒരു ദർഗ നിർമ്മിച്ചത്. അനന്തരം വിവിധ കാലങ്ങളിലായി നിരവധി ഭരണാധികാരികൾ ഈ ദർഗ വിപുലീകരിക്കുകയുണ്ടായി. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ദർഗയിൽ ദിനവും സന്ദർശനം നടത്തുന്നത്. മുഈനുദ്ദീന് ചിഷ്തി യുടെ ഉറൂസ് എല്ലാ വർഷവും അറബ് മാസം റജബ് 6, 7 തിയ്യതികളിലാണ് കൊണ്ടാടാറുള്ളത്. അന്താരാഷ്ട്ര വഖഫ് (എൻ‌ഡോവ്‌മെന്റ്) ആയ ചിഷ്തിയുടെ ദർഗ 1955 ലെ ‘ദർഗാ ഖ്വാജാ സാഹിബ് ആക്റ്റ്’ പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്.സർക്കാർ നിയോഗിച്ച ദർഗ കമ്മിറ്റിക്ക് തന്നെയാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന തീർഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന്‌ അവകാശപ്പെട്ടുകൊണ്ട് ഹിന്ദുസേന നൽകിയ ഹർജിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യക്കും ദർഗ കമ്മിറ്റിക്കും സിവിൽ കോടതി നോട്ടീസ്‌ അയച്ചിരിക്കുകയാണ്. ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം നില നിന്നിരുന്നു എന്ന് തെളിയിക്കത്തക്ക വിധം പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ആധികാരിക രേഖകളോ ഒന്നും തന്നെ ലഭ്യമല്ലാതെയിരിക്കെയാണ്, ബ്രിട്ടീഷ്‌ ഭരണകാലത്തെ ഉദ്യോഗസ്ഥനായിരുന്ന ഹർ ബിലാസ്‌ സർദ എന്നയാൾ 1910ൽ എഴുതിയ പുസ്‌തകത്തിലെ ചില പരാമർശങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് തല്പര കക്ഷികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

അജ്മീർ ദർഗ (1893 എടുത്ത ചിത്രം)

ഇന്ത്യയിലെ മുസ്ലീം ഭരണകാലത്തെ ഹിന്ദുവിരുദ്ധ യുഗമായി അവതരിപ്പിച്ചു കൊണ്ട് ചരിത്ര ദുർവ്യാഖ്യാനങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള സാമ്രാജ്യത്വ ബുദ്ധിജീവികളുടെ അജണ്ടയുടെ ഫലമായി എഴുതപ്പെട്ട പുസ്തകങ്ങൾ ഇന്ത്യാ ചരിത്രത്തിന്റെ ഹിന്ദുത്വ വ്യാഖ്യാനത്തിന് സംഘപരിവാർ ആധികാരികമായി ഉപയോഗിക്കുന്നതിൽ ഒട്ടും അതിശയോക്തി തോന്നുന്നില്ല.കാരണം വിഭജനവും വിഘടനവുമാണവരുടെ എക്കാലത്തെയും മുഖമുദ്ര. നളന്ദ മഹാ വിഹാരത്തിന്റെ തകർച്ചയെ വർഗീയവത്കരിച്ച കാര്യം തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ!

മുഹമ്മദ് ഗോറിയുടെ കൊട്ടാരത്തിലെ ഭക്തിയാര്‍ ഖില്‍ജിയാണ് പ്രസിദ്ധമായ നളന്ദ മഹാവിഹാരം കത്തിച്ചതെന്ന ആര്‍എസ്എസ്-ബിജെപി ആരോപണം പരിശോധിക്കുമ്പോൾ അന്നത്തെ ചരിത്രവുമായി ബന്ധപ്പെട്ട മിക്ക പ്രാഥമിക സ്രോതസ്സുകളിലും ഖില്‍ജി നളന്ദയിലേക്ക് പോയതായി പരാമര്‍ശിക്കുന്നേയില്ല എന്നതാണ് വസ്തുത .മിന്‍ഹാജ്-ഇ-സിറാജ് എഴുതിയ തബകത്ത്-എ-നസിരിയിലും ഇതേക്കുറിച്ച് പറയുന്നില്ല. ബീഹാറിലെ ‘ആന്റിക്വേറിയന്‍ റിമെയിന്‍സി’ല്‍ ഡി.ആര്‍.പാട്ടീല്‍ ഉദ്ധരിച്ച ‘ഹിസ്റ്ററി, ഓഫ് ഇന്ത്യന്‍ ലോജിക്’ ആകട്ടെ ഈ സംഭവം ബുദ്ധ ബ്രാഹ്മണ സന്യാസിമാര്‍ തമ്മിലുള്ള കലഹത്തെ സൂചിപ്പിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഖിൽജിയെ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇസ്ലാം വിരുദ്ധത ആളിക്കത്തിക്കാനാണ് സംഘ പരിവാറിന് താല്പര്യം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വർഗ്ഗീയ വിഭജനങ്ങൾ സൃഷ്ടിക്കുന്ന സംഘ പരിവാർ അജ്മീർ ദർഗയിലുന്നയിച്ച അവകാശ വാദത്തിലൂടെ വ്യക്തമാകുന്നതും മറ്റൊന്നല്ല.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares