Tuesday, December 3, 2024
spot_imgspot_img
HomeOpinionസിപിഐ ഒന്നും മറന്നിട്ടില്ല: 'കടന്നൽ രാജയെ' ചുമന്നു നടന്നവർ എന്ന് പഠിക്കും?

സിപിഐ ഒന്നും മറന്നിട്ടില്ല: ‘കടന്നൽ രാജയെ’ ചുമന്നു നടന്നവർ എന്ന് പഠിക്കും?

യേശു ക്രിസ്തു തന്റെ ഐഹിക ജീവിതത്തിലെ അവസാന പ്രസംഗത്തിൽ കപട ഭക്തിക്കാരായ പരീശന്മാർക്കും ശാസ്ത്രിമാർക്കുമെതിരെ അതി നിശിതമായ വിമർശനങ്ങൾ ഉയർത്തുന്നതും തുടർന്ന് അവരുടെ കപട ഭക്തിയെയും സ്വയ നീതിയെയും തിരുത്തുന്നതും ബൈബിളിൽ വായിക്കാൻ കഴിയുന്നുണ്ട്.

“കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. “
(മത്തായി 23:13,14)

കടലും കരയും ചുറ്റി അനേകരെ മതത്തിൽ ചേർക്കുകയും അതിന് ശേഷം അവരെ ഇരട്ടിച്ച നരക ജീവിതത്തിന് യോഗ്യരാക്കുകയും ചെയ്യുന്ന കാപട്യത്തെയാണ് ഇവിടെ യേശു വിമർശന വിധേയമാക്കുന്നത്.ഈ വിഷയത്തിനൊരു പശ്ചാത്തലമുണ്ട്.യഹൂദ മതത്തിലേക്ക് ഇതര മതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരെ ‘യഹൂദ മതാനുസാരികൾ’എന്നാണ് വിളിച്ചിരുന്നത്.യഹൂദ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഉൾക്കൊണ്ട്‌ അനേകമാളുകൾ അക്കാലത്ത് വിശ്വാസത്തിലേക്ക് കടന്നു വന്നിരുന്നു.അതോടൊപ്പം മത പ്രമാണങ്ങൾ പഠിക്കാതെ സ്വാർത്ഥവും സങ്കുചിതവുമായ ലക്ഷ്യങ്ങൾ മുൻ നിർത്തിക്കൊണ്ടുള്ള പരിവർത്തനങ്ങളും വ്യാപകമായിരുന്നു.

മതത്തിന്റെ അംഗ സംഖ്യ വർദ്ധിക്കുന്നതിനും മറ്റു ചില സ്ഥാപിത താല്പര്യങ്ങൾ ലക്ഷ്യം വെച്ച് കൊണ്ടും രണ്ടാം വിഭാഗത്തിൽ പെട്ടവരുടെ മത പ്രവേശനത്തെ തുടക്കത്തിൽ പരീശന്മാരും ശാസ്ത്രിമാരും പ്രോത്സാഹിപ്പിച്ചിരുന്നു.എന്നാൽ കാല ക്രമേണ ഇക്കൂട്ടർ യഹൂദർക്ക് അനഭിമതരായി തീരുകയും അവർക്ക് യഹൂദ മതത്തിൽ നില നിൽക്കാൻ കഴിയാത്ത സാഹചര്യം സംജാതമാവുകയും ചെയ്തു. ഇതേ തുടർന്ന് പരിവർത്തനം ചെയ്ത വ്യക്തികളുടെ ജീവിതത്തിലുണ്ടായ അനിശ്ചിതാവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിമാരോടും പരീശന്മാരോടും യേശു സംസാരിച്ചത്.

കേരളത്തിൽ ഇന്ന് പി വി അൻവർ സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളും സി പി എമ്മിന്റെ പ്രത്യാരോപണങ്ങളും ഉരുളക്കുപ്പേരി പോലെ വാദ പ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളുമായി അരങ്ങു തകർത്തു കൊണ്ടിരിക്കുമ്പോൾ , മേൽ പറഞ്ഞ ബൈബിൾ വചനങ്ങൾ ഓർത്തു പോവുകയാണ്. എന്തൊക്കെ പുകിലായിരുന്നു മക്കളേ,”കടന്നൽ രാജ, അമ്പുക്ക, ‘മാപ്ര’കളുടെ പേടി സ്വപ്നം, ഏറനാടൻ പോരാളി ” ദേ കിടക്കുന്നു ഇപ്പോൾ താഴെ.”കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ “

പി വി അൻവർ എന്ന രാഷ്ട്രീയ കൗശലക്കാരന്റെ പൊയ്‌മുഖം കേരളത്തിൽ ആദ്യമായി തുറന്നു കാട്ടിയത് സി പി ഐ യും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പനുമായിരുന്നു. 2011 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ സി പി ഐ യുടെ ഏറനാട് സീറ്റ് മോഹിച്ചു കൊണ്ട് അൻവർ പാർട്ടിയെ സമീപിക്കുകയും എന്നാൽ തെരഞ്ഞെടുപ്പും പാർലമെന്ററി അധികാരവുമല്ലാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ കണിക പോലും അദ്ദേഹത്തിനില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സഖാവ് സി കെ പ്രാഥമിക ഘട്ടത്തിൽ തന്നെ അൻവറിനെ തള്ളുകയുമായിരുന്നു. ഇതേ തുടർന്ന് സി കെ ചന്ദ്രപ്പൻ 25 ലക്ഷം രൂപക്ക് നിയമ സഭ സീറ്റ് വിറ്റു എന്ന ജല്പനം നടത്തിക്കൊണ്ടാണ് അൻവർ തന്റെ അരിശം തീർന്നത്.
ശേഷം സ്വതന്ത്ര സ്ഥാനാർഥിയായി ഏറനാട് തന്നെ മത്സരിച്ച അൻവറിന് പരസ്യ പിന്തുണ നൽകി സി പി ഐ ക്കാരനായ എൽ ഡി എഫ് സ്ഥാനാർഥിയെ പിന്നിൽ നിന്ന് കുത്തി അറപ്പുളവാക്കുന്ന അവസര വാദത്തെയും രാഷ്ട്രീയ സദാ ചാര രാഹിത്യത്തെയും നിർലജ്ജം ന്യായീകരിക്കുകയായിരുന്നു സി പി എം. 2014 ൽ സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് സി പി ഐ ക്കിട്ട് അടുത്ത കൊട്ട് കൊട്ടാൻ വയനാട്ടിലുമെത്തി അൻവർ.

2009 ൽ യു ഡി എഫ് സ്ഥാനാർഥി എം ഐ ഷാനവാസ്‌ അന്ന് വരെ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം 153439 വോട്ടുകൾക്ക് സി പി ഐ യിലെ അഡ്വക്കേറ്റ് എം റഹ്മത്തുള്ളയെ പരാജയപ്പെടുത്തിയയിടത്ത് 2014 ൽ ഷാനവാസ്‌ എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് മുന്നിൽ 20870 ന്റെ നിസ്സാര വോട്ടുകളുടെ ലീഡിൽ രക്ഷപ്പെട്ടപ്പോൾ അൻവർ നേടിയത് 37123 വോട്ടുകൾ. പിന്നീട് അമ്പുക്കയെ നമ്മൾ കാണുന്നത് 2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിട്ടാണ്.

കേവലം ഒരു സീറ്റിന് വേണ്ടിയുള്ള ആശയ പാപ്പരത്തം രാഷ്ട്രീയമണ്ഡലത്തിലും ജനങ്ങളുടെ മനോഭാവത്തിലും സൃഷ്ടിക്കുന്ന അപചയം നാളെകളില്‍ വൻ തിരിച്ചടി സൃഷ്ടിക്കുമെന്ന ബോധം സി പി എം പോലൊരു പാർട്ടിക്ക് ഇല്ലാതെ പോയത് വിചിത്രം തന്നെ! എം എൽ എ ആയതിന് ശേഷവും അൻവറിന്റെ സി പി ഐ യോടുള്ള കലിപ്പ് തീർന്നിരുന്നില്ല. സി പി ഐ ക്കെതിരിൽ ഒളിഞ്ഞും തെളിഞ്ഞും അൻവർ അഴിച്ചു വിട്ടു കൊണ്ടിരുന്ന അത്യന്തം നെറികെട്ട പ്രചാരണങ്ങളോട് കുറ്റകരമായ മൗനവും നിസംഗതയുമായിരുന്നു സി പി എം നേതൃത്വം പുലർത്തിയിരുന്നത്. ഇപ്പോൾ തിരിഞ്ഞു കുത്തുമ്പോൾ ഹാലിളകുന്നതിന്റെ മുൻപ് ഇന്നലെകളിലേക്കൊന്ന് നോക്കുന്നത് നന്നായിരിക്കും. തങ്ങളോടൊപ്പം ചേർന്ന് നടത്തുന്നത് മാന്യവും തങ്ങൾക്കെതിരെ തിരിയുമ്പോൾ മ്ലേച്ഛവുമായി ചിത്രീകരിക്കും ദ്വിമുഖത. വിതച്ചത് കൊയ്യും, വിതച്ചതേ കൊയ്യൂ.

കമ്മ്യൂണിസ്റ്റ്‌ ആശയം സ്വീകരിച്ചവർ കമ്മ്യൂണിസ്റ്റ്‌ ദർശനത്തിന്റെയും ഇടത് പക്ഷ നൈതികതയുടെയും ജീവനും സത്തയും നിരാകരിച്ച് ബൂർഷാ വര്‍ഗ്ഗ താല്‍പ്പര്യങ്ങളുമായി അപമാനകരമായ അനുരഞ്ജനത്തിന്നൊരുങ്ങുന്നതിന്റെ പരിണിത ഫലമാണ് നിലവിലെ പ്രശ്നങ്ങളുടെ മൂല കാരണം.
മാർക്സിസ്റ്റ് കാഴ്ചപ്പാടുകളുടെയും പ്രയോഗ പദ്ധതികളുടെയും വീക്ഷണത്തിലെ കൃത്യതകൾ എന്നത് പോലെ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിലെ ശരിയായ പ്രയോഗങ്ങളിൽ പിഴവ് സംഭവിച്ച് കൊണ്ടുള്ള അപര വർഗ വീക്ഷണത്തിന്നെതിരെയുള്ള ജാഗ്രതയും അനിവാര്യമാണെന്നിരിക്കെ പ്രസ്തുത ദൗത്യത്തിൽ നിന്ന് വ്യതിചലിച്ച് സങ്കുചിതമായ പാര്‍ലമെന്ററി ലക്ഷ്യങ്ങൾക്ക് വേണ്ടി ആദർശങ്ങളെ കുരുതി കൊടുക്കുമ്പോൾ അൻവർമാർ രംഗ പ്രവേശനം ചെയ്യുക തന്നെ ചെയ്യും.

കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ്‌കാരെ തിരിച്ചറിയണം, സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരെ സ്ഥാനത്തും അസ്ഥാനത്തും പ്രതിഷ്ഠിച്ച് മാർക്സിസ്റ്റ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ പ്രസ്ഥാനം സിദ്ധാന്തത്തിൽ തൊഴിലാളി വർഗ്ഗ സംരക്ഷണവും പ്രയോഗത്തിൽ ബൂർഷ്വാ വർഗ്ഗ താല്പര്യവും മുഖ മുദ്രയാക്കിക്കൂടാ! ജനാധിപത്യ സമൂഹത്തിൽ നില നിൽക്കുന്ന വസ്തു നിഷ്ഠ വിപ്ലവ പ്രകൃയകളെയും അതിന്റെ സാരാംശങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമായിരിക്കണം കമ്മ്യൂണിസ്റ്റ്‌ പാർട്ടി.
തിരിച്ചറിവുണ്ടായേ മതിയാകൂ !

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares