രാജ്യത്തെ ക്രിമിനൽ നിയമസംവിധാനത്തിൽ വൻ അഴിച്ചുപണി നടത്തിയിരിക്കുകയാണ് എൻഡിഎ സർക്കാർ. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെയാണ് എൻഡിഎ സർക്കാർ ഏകപക്ഷീയമായി പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. നീതിന്യായ സംവിധാനങ്ങൾക്കും പൊലീസിനും വേണ്ടത്ര പരിശീലനം നൽകാതെയാണ് കേന്ദ്ര സർക്കാർ പുതിയ നിമയങ്ങൾ നടപ്പാക്കുന്നതിൽ രാജ്യത്ത് സർവത്ര ആശയക്കുഴപ്പം നടത്തിയിരിക്കുന്നത്.
കാര്യക്ഷമമായിപ്പോകുന്ന ഒരു നീതിന്യായ സംവിധാനത്തെ പൊളിച്ചുപണിയുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ പോലും പാലിക്കാതെയാണ് ജൂലൈ ഒന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത്. രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ് ക്രിമിനൽ നിയമങ്ങൾ. അതിനാൽ വലിയ മാറ്റം കൊണ്ടുവരുമ്പോൾ കൂടുതൽ ചർച്ചയും പഠനവും അത്യാവശ്യമാണ്.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്)യും സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎൻഎസ്‌എസ്)യും തെളിവു നിയമം ഭാരതീയ സാക്ഷ്യ അധിനിയ വുമായി (ബിഎസ്‌എ) മാറുന്നത് രാജ്യത്തെ നിയമ, നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്ന ആശങ്ക നിയമവിദഗ്‌ധരടക്കം പങ്കിടുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്. പുതിയ നിയമത്തിൽ രാജ്യദ്രോഹം എന്ന വാക്ക് എടുത്തുകളഞ്ഞു, അതേ കുറ്റം ചുമത്തി കഠിനമായ ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. ഭൂരിഭാഗം നിയമങ്ങളിലും അവ്യക്തതയുമുണ്ട്. ബിഎൻഎസ്‌എസ് വകുപ്പ് 187 പ്രകാരം പൊലീസ് കസ്‌റ്റഡി ഇനി 15 ദിവസത്തിൽ നിന്ന് 90 ദിവസം വരെയാക്കാം.
കോടതികളിൽ കേസുകൾ വ്യാപകമായി കെട്ടിക്കിടക്കവെയുള്ള പരിഷ്കാരം, നീതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ദുസ്സഹമാക്കും. പുതിയതും പഴയതുമായ നിയമം ഒരേസമയം പ്രവർത്തിക്കുമെന്ന അസ്വാഭാവിക സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂലൈ ഒന്നിന് മുമ്പ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകളിൽ പഴയ നിയമം അനുസരിച്ചാണ് നടപടി തുടരുക.എന്നാൽ, ജൂലൈ ഒന്നിന് മുമ്പ് പൂർത്തിയായ അന്വേഷണങ്ങളിൽ കോടതി ഏത് നിയമം അനുസരിച്ചാണ് കുറ്റം ചുമത്തുകയെന്ന് വ്യക്തമല്ല.
അതേസമയം, പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാജ്യത്തെ പൊലീസിന് വേണ്ടത്ര പരിശീലനം ഇതുവരെയും ലഭിച്ചിട്ടില്ല. ഡിജിറ്റൽ സങ്കേതങ്ങളിലടക്കമുള്ള മാറ്റം, പൊതുജനത്തിനുള്ള ബോധവൽക്കരണം തുടങ്ങിയവയും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും തിങ്കളാഴ്‌ച നിയമങ്ങൾ പരിചയപ്പെടുത്തും. കൊളോണിയൽ നിയമങ്ങൾ പരിഷ്‌ക്കരിക്കാനെന്ന പേരിൽ നടപ്പാക്കിയ പുതിയ നിയമങ്ങൾ പൊലീസ് രാജിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും സാഹചര്യമൊരുക്കുന്ന നിലയിലാണ്.
കോടതികളിലെ നിലവിലുള്ള അപ്പീലുകളിലടക്കം പഴയനിയമങ്ങൾ പ്രകാരം നടപടി നടക്കുമെന്നിരിക്കേ പുതിയ നിയമം പൂർണ്ണാർഥത്തിൽ നടപ്പാകാൻ പതിറ്റാണ്ടുകളെടുക്കും. ഓരോ വ്യവസ്ഥകളും കോടതികളിൽ ചോദ്യം ചെയ്യപ്പെടാം. പ്രാബല്യത്തിൽവരുംമുമ്പ് മൂന്നുനിയമങ്ങളും വിദഗ്‌ധ സമിതി രൂപീകരിച്ച് പരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. രണ്ടുനിയമവ്യവസ്ഥകൾ നിയമസംവിധാനങ്ങളുടെ ജോലിഭാരം പതിന്മടങ്ങ് വർധിപ്പിക്കും.