ടി കെ മുസ്തഫ വയനാട്
സൗത്ത് ആഫ്രിക്കയിലെ ഡർബൻ ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു സുനാലി. അമ്മ അവൾക്ക് സമ്മാനിച്ച ഒരു മൂക്കുത്തി അണിഞ്ഞു കൊണ്ടാണ് അവൾ ക്ലാസ്സിൽ വന്നിരുന്നത്. പ്രസ്തുത മൂക്കുത്തി അണിയുന്നതിന്റെ കാരണമായി അവൾ പറഞ്ഞു കൊണ്ടിരുന്നത് അത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നായിരുന്നു.
എന്നാൽ സ്കൂളിന്റെ നിബന്ധന അനുസരിച്ച് സ്കൂളിൽ വിദ്യാർത്ഥികൾ ആഭരണം ധരിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. അത് കൊണ്ട് മൂക്കുത്തി ധരിച്ചു കൊണ്ട് ക്ലാസ്സിൽ വരരുതെന്ന് സ്കൂൾ അധികൃതർ സുനാലിക്ക് കർശന നിർദേശം നൽകി. എന്നാൽ തന്റെ സംസ്കാരത്തിന്റെ ഭാഗമായ മൂക്കുത്തി ഉപേക്ഷിക്കാൻ അവൾ ഒരുക്കമായിരുന്നില്ല.
സ്കൂൾ അധികൃതരും സുനാലിയുടെ കുടുംബവും തമ്മിലുള്ള വാഗ്വാദം ഒടുവിൽ കോടതിയിലെത്തി.സുനാലിക്ക് വേണ്ടി അവളുടെ അമ്മ ‘സമത്വ’ കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. കോടതി സ്കൂൾ അധികൃതർക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. അതേ തുടർന്ന് സുനാലിയുടെ കുടുംബം ഹൈ കോടതിയിൽ അപ്പീൽ നൽകി.സ്കൂൾ അധികാരികളുടെ വാദഗതികൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഹൈ കോടതി സംസ്കാരത്തിന്റെ ഭാഗമായി അണിഞ്ഞതായി സുനാലി അവകാശപ്പെട്ട മൂക്കുത്തി നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്ന് അസന്ദിഗ്ദ്ധ മായി പ്രഖ്യാപിച്ചു കൊണ്ട് സുനാലിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയുണ്ടായി.
ഇനി നമ്മുടെ കേരളത്തിലേക്ക് വരാം!
യഹോവയുടെ സാക്ഷികൾ ‘ എന്ന ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം അനുസരിച്ചു അവർക്ക് ദേശീയ ഗാനാലാപനം നിഷിദ്ധമാണ്. ഭക്തി ദൈവത്തോട് മാത്രമാണെന്നും ദേശീയ ഗാനത്തിലെ വരികൾ ഭക്തിയാണെന്നും അതിനാൽ ദൈവത്തിന് നൽകേണ്ട ഭക്തി മറ്റൊന്നിനും നല്കാനാവില്ലെന്നുമാണ് അവരുടെ വാദം. ഇത് പ്രകാരം ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഒരു സ്കൂളിൽ നിന്നും ചില യഹോവ സാക്ഷി വിദ്യാർത്ഥികളെ 1985 ജൂലൈ 26 ന് പുറത്താക്കുകയും അനന്തരം കുട്ടികളുടെ രക്ഷിതാക്കൾ നീതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. കേരള ഹൈ കോടതി ഈ വിഷയത്തിൽ ദേശീയ ഗാനം ആലപിക്കാത്തവർ സ്കൂളിൽ അധ്യയനം നടത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച പ്രത്യേക ബെഞ്ച് ഹൈകോടതി വിധിയെ അപ്രസക്തമാക്കിക്കൊണ്ട് യഹോവ സാക്ഷികളുടെ ആവശ്യത്തെ അംഗീകരിച്ചു കൊടുക്കുകയാണുണ്ടായത് .
പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയ ഗാനം പാടാതെ തന്നെ സ്കൂളുകളിൽ പഠിക്കാൻ കുട്ടികൾക്കു സൗകര്യം സർക്കാർ ചെയ്യണമെന്നും കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ചെലവായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ച സുപ്രീം കോടതി നമ്മുടെ പാരമ്പര്യവും, തത്വങ്ങളും, ഭരണഘടനയും നമ്മെ മത സഹിഷ്ണുത പഠിപ്പിക്കുന്നു എന്ന് പറഞ്ഞാണ് വിധി അവസാനിപ്പിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുൻപുള്ള മറ്റൊരു സംഭവം കൂടി ഓർമ്മ വരുന്നു,കേരളത്തിൽ ഒരു ശനിയാഴ്ച ദിവസം എസ്എസ്എൽസിപരീക്ഷ വരികയാണ്. ഇതേ തുടർന്ന് ശനിയാഴ്ച ദിവസം പരീക്ഷ എഴുതാൻ തങ്ങളുടെ വിശ്വാസം അനുവദിക്കില്ലെന്നറിയിച്ചു കൊണ്ട് രണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തുകയാണ്.’സെവന്ത് ഡേ അഡ്വന്റിസ്റ്റ്’ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളായിരുന്നു അവർ രണ്ട് പേരും. ‘സെവെന്ത് ഡേ അഡ്വന്റിസ്റ്റുകൾ’ എന്ന വിഭാഗമാകട്ടെ ശനിയാഴ്ചകളിൽ തങ്ങളുടെ ആരാധന ദിവസമാകയാൽ പ്രധാന ജോലികളൊന്നും ചെയ്യരുതെന്ന് നിഷ്കർഷിക്കുന്ന കൂട്ടരാണ്. ശനിയാഴ്ച ദിവസം പരീക്ഷ എഴുതാൻ നിവൃത്തിയില്ലെന്നറിയിച്ച വിദ്യാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾക്കൊടുവിൽ അവരുടെ വിശ്വാസത്തെ മാനിച്ചു കൊണ്ട് മറ്റു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ശനിയാഴ്ച അവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുകയും അടുത്ത ദിവസം ഈ വിദ്യാർത്ഥികളെ മാത്രമായി പരീക്ഷ എഴുതാൻ അനുവദിക്കുകയുമുണ്ടായി.
മത പരമായ ആചാരങ്ങളും സാംസ്‌കാരിക പരമായ ആചാരങ്ങളും വ്യക്തിയുടെ വ്യക്തിത്വത്തിന് പരമ പ്രധാനമാണെന്നും ആചാരാനുഷ്ഠാനങ്ങൾ സാംസ്കാരികമായോ പുരോഗമന പരമായോ വിശേഷിപ്പിക്കപ്പെടുന്നുണ്ടോ എന്നതിനേക്കാൾ പ്രസ്തുത വ്യക്തി എങ്ങനെ അതിനെ കാണുന്നു എന്നതിനെയാണ് പരിഗണിക്കപ്പെടേണ്ടത് എന്നതിലേക്ക് വിരൽ ചൂണ്ടുകയാണ് മേൽ പറഞ്ഞ സംഭവങ്ങൾ! മലപ്പുറം ജില്ലയിൽ തട്ടം വേണ്ടെന്ന് പറയുന്ന പെൺ കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന് സി പി എം നേതാവ് അഡ്വക്കറ്റ് കെ അനിൽകുമാർ അഭിപ്രായപ്പെട്ടുവെന്നാരോപിച്ച് വ്യാപക പ്രതിഷേധമുയർത്തി രംഗത്ത് വന്നിരിക്കുകയാണ് ഇസ്ലാമിക സംഘടനകൾ.
ഒക്ടോബർ 1നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിൽ തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണിതെന്നുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടതായാണ് വാർത്ത.
അനിൽകുമാറിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടത് മതത്തോടും വിശ്വാസത്തോടുമുള്ള കമ്മ്യൂണിസ്റ്റ്‌കാരുടെ അവമതിപ്പും നിരീശ്വരത്വവും കമ്മ്യൂണിസവും യുവ മനസ്സുകളിലടക്കം അടിച്ചേൽപ്പിക്കാനുള്ള ഹിഡൻ അജണ്ടയുമല്ലാതെ മറ്റൊന്നുമല്ലെന്നും സ്വതന്ത്ര ചിന്തയുടെ മറവിൽ
മതാനുഷ്ഠാനങ്ങളെ തുച്ഛീകരിച്ചു കൊണ്ട് മത രഹിത സമൂഹ സംസ്ഥാപനത്തിനായുള്ള നീക്കത്തിനായുള്ള കമ്മ്യൂണിസ്റ്റ് കാരുടെ ശ്രമത്തിനെതിരെ കരുതിയിരിക്കണമെന്നുമൊക്കെയുള്ള പ്രചരണങ്ങളാണ് വ്യാപകമായി ഇപ്പോൾ ചില തല്പര കക്ഷികൾ പടച്ചു വിട്ട്
കൊണ്ടിരിക്കുന്നത്.
തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ മതത്തിനും വിശ്വാസത്തിന്നുമെതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഡ ശ്രമമാണ് നടക്കുന്നതെന്നും തട്ടമിടാനും ഇടാതിരിക്കാനുമുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്മേൽ സ്ത്രീകൾ തീരുമാനമെടുക്കുന്ന വിഷയത്തിൽ അവർക്ക് സ്വന്തമായൊരു നിലപാട് സ്വീകരിക്കാൻ കഴിഞ്ഞതിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കിനെ എടുത്തു കാട്ടുക മാത്രമാണ് ചെയ്തതെന്നും അനിൽകുമാർ വിശദീകരിച്ചിട്ടുണ്ട്.അനിൽ കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും വ്യക്തി പരമായ അഭിപ്രായങ്ങൾ പാർട്ടിയുടെ ലേബലിൽ പെടുത്തരുതെന്നും വിമർശിച്ച് കൊണ്ട് കെ ടി ജലീൽ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
വസ്ത്ര ധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്നും പ്രസ്തുത സ്വാതന്ത്ര്യത്തിൽ കടന്ന് കയറുന്ന നിലപാട് സ്വീകരിക്കരുതെന്നും സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പ്രസ്താവനയിറക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ പാർട്ടി നിലപാട് തന്നെയാണ് തന്റെയും നിലപാടെന്നും പാർട്ടി ചൂണ്ടിക്കാണിച്ച തിനെ ഒരു കമ്മ്യൂണിസ്റ്റ്‌കാരനെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നുമുള്ള അനിൽ കുമാറിന്റെ പ്രസ്ഥാവനക്ക് ശേഷവും വിവാദം കത്തുക തന്നെയാണ്. മുസ്ലിം പെൺകുട്ടികളുടെ ശിരോ വസ്ത്രം പലപ്പോഴും നമ്മുടെ സമൂഹത്തിൽ വിവാദ വിഷയമായി കടന്ന് വരാറുണ്ട്.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ശിരോ വസ്ത്രം വിവാദ വിഷയമാക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം! കർണ്ണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കില്ലെന്നും വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ്സ് കോഡ് വിദ്യാർത്ഥികൾ അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നുമുള്ള കോടതി വിധിക്കെതിരെ അന്ന് ഹിജാബ് അനുകൂലികൾ ഉയർത്തിയത് സമാനതകൾ ഇല്ലാത്ത പ്രതിഷേധമായിരുന്നു. കേരളത്തിലും ചില വിദ്യഭ്യാസ സ്ഥാപനങ്ങളിൽ മുൻപ് ശിരോ വസ്ത്ര ധാരണത്തിന്നെതിരെ മാനേജ്‌മെന്റുകൾ സ്വീകരിച്ച നിലപാടുകൾ വലിയ രീതിയിലുള്ള വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു.
മതം ചിലർക്ക് അനിവാര്യതയാണ്, അത്തരക്കാർക്ക് മതമാകാം. മറ്റു ചിലർക്കത് അനാവശ്യമാണ്, അവരുടെ ജീവിതത്തിൽ അപ്രകാരവുമാകാം. തനിക്ക് വിശ്വാസമില്ലാത്തതിനെ മറ്റൊരുവന് വിശ്വസിക്കാനുള്ള അവകാശം, അതല്ലെങ്കിൽ തനിക്ക് വിശ്വാസമുള്ളതിനെ വിശ്വസിക്കാതിരിക്കാനുള്ള അപരന്റെ സ്വാതന്ത്ര്യം, ഇതിനെ അംഗീകരിച്ചു മുന്നോട്ടു പോകാം. തന്റെ ശരി അപരന്റേയും ശരിയുമായേ മതിയാകൂ എന്ന് ശഠിക്കുന്നിടത്താണ് പ്രശ്നം. തനിക്ക് ഒരു കാര്യം സത്യമാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം പോലെ തന്നെ തുല്യമാണ് പ്രസ്തുത കാര്യം സത്യമെന്ന് വിശ്വസിക്കാതിരിക്കാനുള്ള അപരന്റെ സ്വാതന്ത്ര്യവും .
ഭരണഘടന പറയുന്നത് മത വിശ്വാസത്തിനും നിരാസത്തിനുമായുള്ള പരിപൂർണ്ണാധികാരമാണ്. ആർട്ടിക്കിൾ 25 മുതൽ 28 വരെയുള്ള മത സ്വാതന്ത്ര്യ പ്രകാരം ഒരു വ്യക്തിക്ക് ഏത് മതം സ്വീകരിക്കാനും നിരാകരിക്കുവാനുമുള്ള പരിപൂർണ്ണ അവകാശമുണ്ട്.
ബഹു സ്വര സമൂഹത്തിൽ ഭിന്ന വീക്ഷണങ്ങളും വിഭിന്ന നിലപാടുകളും ഉരുത്തിരിഞ്ഞു വരുമ്പോൾ ഒരുവന്റെ പുരോഗമനം അപരന്റെ അധോഗമനമായേക്കാം, നേരെ തിരിച്ചും സംഭവിക്കാം! സ്വന്തത്തിന്റെതാകുമ്പോൾ ഏതും ശ്രേഷ്ഠവും മാന്യവും പരിശുദ്ധവും പുരോഗമനവുമാകുമ്പോൾ അപരന്റേത് പ്രാകൃതവും ഹീനവും മ്ലേച്ഛവുമായി തോന്നിയേക്കാം!
തട്ടം ധരിക്കുന്നത് ഇസ്ലാം മത വിശ്വാസികൾ അവരുടെ മത പരമായ അനുഷ്‌ഠാനത്തിന്റെ ഭാഗമായിട്ടും അത് മതം തങ്ങൾക്ക് മേൽ നിർബന്ധമാക്കപ്പെട്ട സംഗതിയായിട്ടുമാണ് കണക്കാക്കുന്നതെങ്കിൽ അവർ ധരിക്കട്ടെ! ഇനി ശിരോ വസ്ത്രം അനാവശ്യമാണെന്നും അത് പുരോഗമനത്തിന് തടസ്സമാണെന്നും ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അവരത് ഉപേക്ഷിക്കുകയും ചെയ്യട്ടെ!തട്ടം ധരിപ്പിക്കലോ അഴിപ്പിക്കലോ കമ്മ്യൂണിസ്റ്റ്കാരുടെ പണിയല്ല.
ജനാധിപത്യ മതേതര രാജ്യത്ത് ഭരണ ഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യ പ്രകാരം ശിരോ വസ്ത്ര ധാരണത്തിന് വിഘാതം സൃഷ്ടിക്കുന്ന സാഹചര്യം സംജാതമായാൽ തട്ടം ധരിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ്‌കാരുടേത്.
ഇനി ശിരോ വസ്ത്രം ധരിക്കാത്തതിന്റെ പേരിലാണ് ഒരു വ്യക്തിക്ക് സാമൂഹ്യ ബഹിഷ്കരണങ്ങളോ ഭീഷണികളോ ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്നതെങ്കിൽ അത്തരക്കാരുടെ അവകാശത്തിനൊപ്പം നിൽക്കാനും കമ്മ്യൂണിസ്റ്റ്‌കാർ ഉണ്ടാകും. തട്ടത്തോട് അഭിനി വേശമോ വിമർശനമോ കമ്മ്യൂണിസ്റ്റ്‌കാർക്കില്ല, മറിച്ച് ജനാധിപത്യം യോജിപ്പിന്റെയും വിയോജിപ്പിന്റെതുമാകയാൽ ഏവരുടെയും അവകാശങ്ങളും അധികാരങ്ങളും തുല്യ നിലയിൽ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരന്റേത്!
(ലേഖനത്തിലെ അഭിപ്രായം തികച്ചും വ്യക്തിപരം)