ആര്‍എസ് രാഹുല്‍ രാജ് (എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്)
രാജ്യത്തെ തൊഴിലാളി വര്‍ഗത്തിനും അരികുവത്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയും നിരന്തരം പോരാടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്റെ പ്രൗഢമായ മറ്റൊരു സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങുകയാണ്. കാവി രാഷ്ട്രീയത്തിന്റെ വക്താക്കളായ ഫാസിസ്റ്റുകളാല്‍ രാജ്യം നിരന്തരം മുറിവേല്‍ക്കപ്പെടുന്ന സാഹചര്യത്തില്‍ നടക്കുന്ന സിപിഐയുടെ സംസ്ഥാന സമ്മേളനങ്ങളും തുടര്‍ന്നു വരുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസും ജനാധിപത്യ-മതേതര വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യം നേരിടുന്ന കടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസുകളും സമ്മേളനങ്ങളും എന്നും നിതാന്ത ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
രണ്ടാം മോദി സര്‍ക്കാര്‍ കാവി ഭീകരത അഴിച്ചുവിട്ട് ഭരണം തുടരുകയും ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത സജീവമാവുകയും ചെയ്യുന്ന സമയത്ത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ സമ്മേളനം രാജ്യത്തെ ഒരുമിപ്പിക്കാനുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേദിയായി മാറും.
അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കായി പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരത്തിലേറുന്നത്. അധികാരത്തിലേറി 8 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും തൊഴിലില്ലായ്മയ്ക്ക് സാക്ഷ്യം വഹിക്കുകയും യുവജനത തൊഴിലിനായി തെരുവില്‍ അലയുകയുമാണ്. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച കലാലയങ്ങളില്‍ അക്കാദമിക് യോഗ്യത മറികടന്ന് ഹൈന്ദവ ഐഡിയോളജി പ്രചരിപ്പിക്കുന്നവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച് വിദ്യാലയങ്ങളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന, പ്രസംഗിക്കുന്ന, എഴുതുന്ന, പൊരുതുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് തുറങ്കിലടച്ചും ഇല്ലായ്മ ചെയ്യുന്നതും സംഘപരിവാറിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണമായി കച്ചവട കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്ത് യോഗ്യത ഇല്ലാത്തവരെയും തങ്ങളുടെ ഇഷ്ടക്കാരെയും നിയമിച്ച് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ചുവട് പിടിച്ച് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി സമ്പൂര്‍ണ ഹൈന്ദവവത്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആഗോളവത്കരണവും കോര്‍പ്പറേറ്റ് വത്കരണവും സ്വകാര്യവത്കരണവും കാവി വത്കരണവും കൂടി ചേരുന്നതാണ്. പ്രൈമറി തലം മുതല്‍ ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് പറയുന്നതിലൂടെ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഹിന്ദി പ്രചാരത്തിലുള്ള സ്ഥലങ്ങളില്‍ സംസ്‌കൃതത്തെ അടിച്ചേല്‍പ്പിക്കുന്നതിനും ഇതിലൂടെ ഹൈന്ദവ ദേശീയത രഹസ്യമായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗവേഷണ മേഖലയെ പൂര്‍ണ്ണമായും ചങ്ങലയ്ക്കിടുന്ന അവസ്ഥയാണ് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംജാതമാകുന്നത്.
ദേശീയ പ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ ഗവേഷണം അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ തങ്ങള്‍ പറയുന്ന വിഷയങ്ങളില്‍ മാത്രം ഗവേഷണം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് നടപ്പിലാക്കപ്പെടുന്നത്. സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ നിന്ന് പിന്‍മാറി ഗവേഷണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിക്കുകയും പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ റിസര്‍ച്ച് കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുക വഴി ഈ മേഖലയെ തങ്ങളുടെ കൈപ്പിടിയിലാക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
‘ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനം’ എന്നപേരില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുന്ന ഈ വിദ്യാഭ്യാസ നയം മതേതരത്വത്തെക്കുറിച്ച് മൗനം പാലിക്കുന്നത് വളരെ ഗൗരവതരമായി കാണേണ്ടതാണ്. ഒരു രാജ്യം ഒരു ഭാഷ ഒരു സിലബസ് എന്ന നയത്തിലൂടെ ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ എന്ന ആര്‍എസ്എസ് മുദ്രാവാക്യം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിദേശ സര്‍വകലാശാലകളെ യഥേഷ്ടം ഇന്ത്യയിലേക്ക് ക്ഷണിച്ച് സ്വകാര്യ സ്വയംഭരണ കോളജുകള്‍ അനുവദിച്ചും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാരിനൊ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കാവുന്ന വിദ്യാര്‍ത്ഥി വിരുദ്ധതയാണ് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയമായി മാറുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടന്നുവരുന്ന കാവിവത്കരണത്തിന്റെ ചെറിയ സൂചന മാത്രമാണ് മുകളില്‍ പറഞ്ഞത്. ഇന്ത്യ എന്ന മഹത്തായ ആശയത്തെ അപ്പാടെ തച്ചുതകര്‍ത്ത് ഹിന്ദുത്വത്തിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടി പതിറ്റാണ്ടുകള്‍ പിന്നോട്ടുകൊണ്ടുപോകാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനെ ചെറുത്തു തോല്‍പ്പിക്കാനെന്ന പേരില്‍ കളം നിറയുന്നതോ, പിഎഫ്‌ഐ പോലുള്ള ന്യൂനപക്ഷ തീവ്രവാദ സംഘടനകളും. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണുതാനും. ഇരുകൂട്ടരുടേയും പ്രാഥമിക ശത്രു, മതേതര-ജനാധിപത്യ ഇന്ത്യയ്ക്കായി പൊരുതുന്ന കമ്മ്യൂണിസ്റ്റുകളാണ്.
രാജ്യത്തെ സംരക്ഷിക്കാന്‍ ഒരു ഇടത് ബദല്‍ വളര്‍ന്നിവരേണ്ടതുണ്ട്. ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയെന്ന വിളിപ്പേര് മാത്രം അവശേഷിക്കുന്ന കോണ്‍ഗ്രിനോ, അതിന്റെ നേതൃനിരയ്‌ക്കോ ഒരിക്കലും തീവ്രവാദികളില്‍ നിന്ന ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ നിന്ന് അടിയ്ക്കടി ബിജെപിയിലേക്ക് ആളൊഴുക്കു തുടരുകയാണ്. രാജ്യത്തെ ഒരുമിപ്പിക്കാനെന്ന പേരില്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തുന്ന സമയത്ത് പോലും കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്കാണ് സംഭവിക്കുന്നത്. ഗോവ അവസാനത്തെ ഉദാഹരണം.
ജനതയെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാന്‍, മതഭ്രാന്തന്‍മാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഒരു ഇടത് മൂവ്‌മെന്റിന് മാത്രമേ സാധിക്കുള്ളുവെന്ന് എഐഎസ്എഫ് അടിയുറച്ച് വിശ്വസിക്കുന്നു. സിപിഐയുടെ നടക്കാന്‍ പോകുന്ന സംസ്ഥാന സമ്മേളനവും അതിന് പിന്നാലെ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസും ജനാധിപത്യ ചേരിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നതില്‍ സംശയമില്ല. കാലം ആവശ്യപ്പെടുന്നത് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യമാണ്. ജനാധിപത്യ വിശ്വാസികള്‍ക്ക് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമായി മാറട്ടേ, ഈ സമ്മേളനം. എഐഎസ്എഫിന്റെ സ്‌നേഹാഭിവാദ്യങ്ങള്‍…