Thursday, November 21, 2024
spot_imgspot_img
HomeOpinionഒരേ ഒരു രാജ…

ഒരേ ഒരു രാജ…

ആസാദ് ആർ സുരേന്ദ്രൻ

കേട്ടുപഴകിയ നാടോടിക്കഥകളിലെ തന്റെ രാജ്യത്തെയും, ജനത്തെയും ചേർത്ത് പിടിച്ച് പോരാടി വിജയിച്ച രാജാവിന്റെ കഥയായിരുന്നില്ല സ. ഡി. രാജയുടേത്. വിവേചനത്തിന്റെ, കഷ്ടപ്പാടിന്റെ ആഴക്കയങ്ങൾ നീന്തിക്കയറിയ ഒരു ദളിത് ബാലന്റെ ചിന്തകളും ആ സാമൂഹ്യ വ്യവസ്ഥിത്തിയും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് അത്.

ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന ദേശിയ പാതയിൽ വെല്ലൂരിനടുത്ത് എള്ളും, നെല്ലും സമ്പന്നമായി വിളയുന്ന പാലാറും,ഗുടിയത്ത മഹാനദിയും ഒരുമിച്ചൊരു പുഴയായിയൊഴുകുന്ന ചിത്തത്തൂരെന്ന കുടിയാന്മാർ മാത്രം അതിവസിക്കുന്ന ഒരു ദളിത് കോളനിയിലെ കർഷക തൊഴിലാളി കുടുംബത്തിൽ തേങ്ങ പൊതിക്കുന്ന തൊഴിലാളിയായ ധ്വരൈസ്വാമിയുടെയും,കർഷക തൊഴിലാളിയായ നായകയുടെയും മകനായിട്ടാണ് ഡി.രാജ ജനിക്കുന്നത്. അറിവിന്റെയും,ലോകപരിചയത്തിന്റെയും അഭാവമുണ്ടായിരുന്നെങ്കിലും മകൻ രാജയുടെ കഴിവുകൾക്ക് പിൻബലമായി നിന്നത് അമ്മ നായകയാണ്.

ദളിതർ മാത്രം തിങ്ങിപ്പാർക്കുന്ന ഒരു ദരിദ്ര കോളനിയായതിനാൽ തന്നെ അംബേദ്കർ അവരുടെ ഒരു വൈകാരിക വികാരമായിരുന്നു.അക്കാലത്ത് തന്നെ അംബേദ്കർ ജയന്തി വിപുലമായി അവർക്കിടയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ആ സമയങ്ങളിൽ അംബേദ്കറിനെ കുറിച്ച് സംസാരിക്കാനും, ജനങ്ങളെ ബോധവൽക്കരിക്കപ്പെടുത്താനുമെത്തുന്ന അദ്ധ്യാപകരിൽ നിന്നാണ് ആ കറുത്ത് മെലിഞ്ഞ ബാലൻ അംബേദ്കറിന്റെ അപദാനങ്ങൾ ആദ്യമായി കേൾക്കുന്നത് അദ്ദേഹത്തിന്റെ ബിരുദങ്ങളുടെ പട്ടികയും,വിജ്ഞാനത്തിന്റെ ആഴപ്പരപ്പും ആ ബാലൻ തിരിച്ചറിയുന്നത്. അന്നുമുതൽ അംബേദ്കറിന്റെ സ്മരണകളെ നെഞ്ചോട് ചേർത്ത് വെച്ച് അടങ്ങാത്ത അഭിനിവേശവുമായി വിദ്യാഭ്യാസ രംഗത്തേക്ക്.

വീട്ടിൽ നിന്ന് 5Km അകലെയുള്ള എലിമെന്ററി സ്കൂളിലേക്ക് നടന്നാണ് ആ കുട്ടി യാത്ര ചെയ്തിരുന്നത്.മഴയൊന്നു കനത്ത് പുഴയിലെ ജലനിരപ്പുയർന്നാൽ യാത്രയുടെ ദൈർഖ്യമിനിയുമുയരും ക്‌ളേശപൂർണ്ണമായ ആ സാഹചര്യങ്ങളിലും കൃത്യമായി തന്നെ സ്കൂളിൽ എത്താൻ ആ വിദ്യാർത്ഥി ശ്രദ്ധിച്ചിരുന്നു. അവിടുത്തെ ഉച്ച ഭക്ഷണം ആ എരിയുന്ന വയറിന്റെ കാന്തലിന് ഒരു ചെറു പരിധിവരെ ശമനം നൽകി . പിന്നീട് പഠനം ഹൈസ്കൂലേക്ക് മാറിയതോടെ ഉച്ച ഭക്ഷണം നിലച്ചു. കൊടും പട്ടിണിയുടെ നടുവിൽ നിന്നെത്തുന്ന ആ വിദ്യാർത്ഥി എന്ത് എടുത്ത് പൊതി കെട്ടാനാണ്…?? ഉച്ചഭക്ഷണത്തിന്റെ സമയമാകുമ്പോൾ മറ്റ് വിദ്യാർത്ഥികൾ ഭക്ഷണപൊതികൾ തുറക്കും അതെ സമയം രാജ തന്റെ പുസ്തകവും കൈയിലേന്തി മൈതാനത്തിന് കോണിലുള്ള ഒരു പാറപ്പുറത്തേക്ക് നടക്കും അവിടെയിരുന്നുവായനയാരംഭിക്കും. വിശപ്പിന്റെ വിളിയ്ക്ക് കാത് കൊടുക്കാതെ ആ വായന തുടരും.

Street light -ന്റെ വെളിച്ചത്തിരുന്ന് പഠിച്ച് അമേരിക്കൻ പ്രസിഡന്റായ എബ്രഹാം ലിംഗണിന്റെ കഥകേട്ട് കോൾമൈർ കൊണ്ടവരാണ് നാം.എന്നാൽ തന്റെ ബിരുദ പഠനത്തിന്റെ കാലം വരെ പഠിക്കാൻ ഒരു തെരുവ് വിളക്കിന്റെപോലും സഹായമില്ലാതിരുന്ന ദുരിതത്തിന്റ, ദാരിദ്ര്യത്തിന്റെ ആഴക്കയങ്ങൾക്കിടയിൽ ഇടവേളകൾ കണ്ടെത്തി പഠിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു സ. ഡി. രാജ. പിന്നീട് ഒരു ദേശത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ആദ്യ പടിയായ തെരുവ് വിളക്ക് ആ ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ ചുവട് തന്റെ പഠനമുറിയാക്കിമാറ്റിയ വ്യക്തിയാണ് അദ്ദേഹം.

Ranchi: Communist Party of India (CPI) General Secretary D. Raja during a press conference, in Ranchi, Saturday, June 17, 2023. (PTI Photo)(PTI06_17_2023_000036B)

പിന്നീട് ഗുടിയത്ത ഇ. ടി. എം കോളേജിൽ ബിഎസ്‌സി. മാത്‌സിന് ചേർന്നു വായനയിലൂടെയാർജ്ജിച്ച പാണ്ഡിത്യവും കലാലയ ജീവിതത്തിൽ നിന്നാർജ്ജിച്ച അനുഭവസമ്പത്തും കനൽ വഴികൾ താണ്ടിയ ഓർമ്മകളും ആ ചെറുപ്പക്കാരനെ എഐഎസ്എഫ് ന്റെ കൊടിക്കീഴിൽ എത്തിച്ചു. അസാമാന്യ പ്രസംഗവും, നേതൃപാഠവവും അദ്ദേഹത്തെ എഐഎസ്എഫ് ന്റെ മുൻനിരയിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് പരിസ്ഥിതി ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലാലയത്തിന്റെ നാനാഭാഗങ്ങളിൽ വിവിധ വൃക്ഷതൈകൾ നാട്ടുപിടിപ്പിച്ചിരുന്നു. ഇന്ന് ആ കലാലയത്തിന് തണലേക്കി പൂവിട്ട്, കായിട്ട് നിൽക്കുന്ന വൃക്ഷങ്ങൾ അദ്ദേഹത്തിന്റെ പ്രകൃതി സ്നേഹത്തിന്റെ തെളിവുകളാണ്.

പിന്നീട് വെല്ലൂരിൽ നിന്ന് ബി.എഡ് എടുത്തു. ഒരു സർക്കാർ ജോലിയിൽ പ്രവേശിച്ചു അത് പിന്നീട് ഉപേക്ഷിച്ചൊരു സ്കൂൾ അദ്ധ്യാപകനായി അൽപ്പനാളുകൾക്ക് ശേഷം അതും ഉപേക്ഷിച്ചു.പിന്നീട് പാർട്ടി മുഴുവൻ സമയ പ്രവർത്തകനായിമാറി 1975-ൽ എഐവൈഫ് ന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പിന്നീട് 1985-ൽ എഐവൈഫ് ന്റെ ദേശീയ സെക്രട്ടറിയായി. എഐവൈഫ് എന്ന യുവജന സംഘടന അതിന്റെ ശോഭ തെല്ലും കെടാതെ രാജ്യത്ത് ജ്വലിച്ചു നിൽക്കുന്ന കാലം. യുവജന അവകാശ സമര രംഗത്ത് വിവിധ നൂതന സമര മുറകൾ എഐവൈഫ് ആവിഷ്കരിച്ച കാലം. ഇന്നും ഓരോ എഐവൈഫുകാരനും അടങ്ങാത്ത ആവേശത്തിലും, ഒടുങ്ങാത്ത അഭിമാന ബോധത്തോടെയും മാത്രം പറയുന്ന സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ ഡൽഹി വരെ എഐവൈഫ് സംഘടിപ്പിച്ച ചരിത്രത്തിന്റെ ഭാഗമായ ലോങ് മാർച്ച് ,സൈക്കിൾ മർച്ച് സമാന കാലയളവിൽ തന്നെ നടന്ന ഡൽഹി -മണിപ്പൂർ, ഹുസൈനിവാല -ഡൽഹി തുടങ്ങിയ യാത്രകൾ ഒക്കെയും സ. ഡി. രാജയെന്ന എഐവൈഫ് ദേശീയ സെക്രട്ടറിക്ക് കീഴിലാണ് എന്നതും ചരിത്രം .

1994 ൽ സിപിഐ സെക്രട്ടറിയാവുകയും 2019 വരെ ആ സ്ഥാനത്ത് അദ്ദേഹം തുടരുകയും ചെയ്തു. 2019 ജൂലൈ 21 ന് സിപിഐയുടെ ദേശീയ കൗൺസിൽ അദ്ദേഹത്തെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2007 ജൂലൈയിൽ തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് സ.ഡി. രാജ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി, പരിസ്ഥിതി, വനം സംബന്ധിച്ച കമ്മിറ്റി, മനുഷ്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി തുടങ്ങി വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. റിസോഴ്‌സ് ഡെവലപ്‌മെന്റ്, പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി, ചട്ടങ്ങളുടെ കമ്മിറ്റി, പൊതു ആവശ്യങ്ങൾക്കുള്ള കമ്മിറ്റി, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച പാർലമെന്ററി ഫോറം, എത്തിക്സ് കമ്മിറ്റി, ആഭ്യന്തര സമിതി അംഗം, പട്ടികജാതിക്കാരുടെ ക്ഷേമ സമിതി, പട്ടികജാതി ഗോത്രവർഗക്കാർ, വിദേശകാര്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി, പാർലമെന്റ് ഹൗസ്‌ കോംപ്ലക്സിലെ ഭക്ഷ്യ പരിപാലനത്തിനുള്ള സംയുക്ത സമിതി, ഹൈക്കോടതികളുടെ വാണിജ്യ വിഭാഗം പരിശോധിക്കുന്നതിനുള്ള സെലക്ട് കമ്മിറ്റി, പാർലമെന്റ് അംഗം ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീം (എം‌പി‌എൽ‌ഡി‌എസ്), ഉപസമിതി ശത്രു സ്വത്തിന്റെ വിവിധ വ്യവസ്ഥകൾ പരിശോധിക്കുക (ഭേദഗതിയും മൂല്യനിർണ്ണയവും) രണ്ടാം ബിൽ, കമ്മിറ്റി ആഭ്യന്തരകാര്യങ്ങൾ, ആരോഗ്യ, കുടുംബക്ഷേമ സമിതി തുടങ്ങിയവ

രാഷ്ട്രീയ, ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി 25 ലധികം വിദേശ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.ദളിത്‌ ക്രിസ്‌ത്യൻ, ദി വേ ഫോർവേർഡ്‌: ഫൈറ്റ്‌ എഗൈസ്‌റ്റ്‌ അൺ എംപ്ലോയ്‌മെന്റ്‌, എ ബുക്ക്‌ ലെറ്റർ ഓൺ അൺഎംപ്ലോയ്‌മമെന്റ്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളാണ്‌.

എല്ലാ വിശ്വാസങ്ങളെയും സമഭാവനയിൽ ചേർത്തു പിടിച്ച നാടാണ് ചിത്തത്തൂർ അതുകൊണ്ട് തന്നെയാകണം പെരിയാറും, അണ്ണാധുരൈയും ഉഴുതുമറിച്ചിട്ട ദ്രാവിഡ മണ്ണിൽ നിന്നൊരു കമ്മ്യൂണിസ്റ്റ്‌ നേതാവ് ഉണ്ടായത്.സാമ്പ്രദായിക കമ്മ്യൂണിസ്റ്റ്‌ ശൈലിയിൽ നിന്ന് വ്യത്യസ്ഥമായി ഇന്ത്യൻ വിപ്ലവമെന്നത് സാമ്പത്തിക അസമത്വത്തിന്റെ തുടച്ചുനീക്കൽ മാത്രമല്ല മറിച്ച് സമൂഹ്യനീതിയും, തുല്യതയും ഉറപ്പാക്കൽ കൂടിയാണെന്ന് പറഞ്ഞ നേതാവാണ് അദ്ദേഹം.

രാജ്യത്ത് ഉടനീളം അരാജകത്വം പെരുകുമ്പോൾ ,മത നിരപേക്ഷത ചോദ്യം ചെയ്യപ്പെടുമ്പോൾ കാലം ആവശ്യപ്പെടുന്ന അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന നേതാവ് തന്നെയാണ് അദ്ദേഹമെന്ന് കഴിഞ്ഞ കാലങ്ങളിൽ നമ്മോട് പറയുന്നുണ്ട് ഇന്നും രാജ്യത്തെ ദളിത് വിഷയങ്ങളിൽ ഏറെ വൈകാരികമായും, കാര്യക്ഷമമായും ഉയരുന്ന സ്വരം അത് സ.ഡി. രാജയുടേത് തന്നെയെന്ന് നിസംശയം പറയാം. ഇതുകൊണ്ടൊക്കെ തന്നെയാണ് ഞങ്ങൾ ആവർത്തിച്ച്, ആവർത്തിച്ച് പറയുന്നത് രാജയ്ക്ക് പകരം രാജ മാത്രമെന്ന്..

രാജ്യത്തിൻ്റെ നിലനിൽപ്പിനായുള്ള ഈ പോരാട്ടവീഥിയിൽ രാജ്യത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ. ഡി രാജ എടുക്കുന്ന കൃത്യമായ ഇടപെടലുകൾ രാജ്യം വീക്ഷിക്കുന്ന ഒന്നായി മാറുന്നുണ്ട് അവ നൽകുന്ന പ്രതീക്ഷയും ആശാവഹമാണ് .

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares