ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എം എസ് വല്യത്താന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണ്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. ആതുര സേവന രംഗത്ത് ചരിത്രം സൃഷ്ടിച്ച തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത് മുൻ മുഖ്യമന്ത്രി സി അച്യുത മേനോന്റെ ക്ഷണത്തെ തുടർന്നാണ്. പ്രഗത്ഭ വ്യക്തിത്വങ്ങളെ അണിനിരത്തി വികസന സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കുന്ന അച്യുത മേനോന്റെ ദീർഘദർശനം അങ്ങനെ ഡോ വല്യത്താനെ ശ്രീചിത്രയിലെത്തിച്ചു.
1972-ൽ വല്യത്താൻ അമേരിക്കയിൽനിന്ന് വന്ന സമയം. ശ്രീചിത്രയെ നിയന്ത്രിക്കാൻ ആരു വരണം എന്ന ചർച്ചകൾ സർക്കാർ തലത്തിൽ നടക്കുന്നു. മുഖ്യമന്ത്രി സി അച്യുത മേനോന് സംശയമേതുമില്ലായിരുന്നു. വല്യത്താനെ ക്ഷണിക്കാം. അങ്ങനെ, അദ്ദേഹം വല്യാത്താനെ ശ്രീചിത്രയിലേക്ക് ക്ഷണിച്ചുവരുത്തി.
ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം തുടർന്ന് അദ്ദേഹം സേവനമനുഷ്ടിച്ചു. ഹൃദയവാൽവുകൾ ശ്രീചിത്തിരയിൽ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ആദ്യമായി ലഭ്യമാക്കിയത് വല്യത്താന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. വൈദ്യ ശാസ്ത്ര ലോകത്തിന് കേരളം നൽകിയ നിസ്തുല്യ സംഭാവനയായ ഡോക്ടർ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ റിസർച്ച് പ്രൊഫസറുമായിരുന്നു.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005-ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് 2009-ൽ ഡോ: സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറുമായിരുന്നു.
ആയുർവേദവും അലോപ്പതിയും സമ്മന്വയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് മുന്നോട്ട് വെച്ചതും അദ്ദേഹമാണ്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ചെയർമാൻ, കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സിന്റെ സ്ഥാപകൻ എന്നീ നിലകളിലും മലയാളികൾക്കും ലോകത്തിനും പ്രിയങ്കരനായിരുന്നു കേരളത്തിന്റെ സ്വന്തം ഡോക്ടർ.