ആര്‍ അജയന്‍
(പത്രാധിപര്‍, നവയുഗം)
ഗൗരി ലങ്കേഷ്, 2017 സെപ്റ്റംബര്‍ 5 ഹിന്ദുത്വ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. ആദിവസം മറക്കാന്‍ കഴിയുന്നതല്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ സ്ഥാപനത്തില്‍ നിന്നും ജോലികഴിഞ്ഞ് വീടിന്റെ സമീപത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഹെല്‍മെറ്റ് ധാരികളായ ഹിന്ദുത്വഭീകരവാദികള്‍ മോട്ടോര്‍സൈക്കിളിലിരുന്ന് വെടി ഉതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടന്‍ വീടിന്റെ പടിവാതില്‍ക്കലിന്റെ പത്തടി അകലത്തില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒരു വെടിയുണ്ട ശിരസ്സിനു പിറകിലുമേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. നാല് പ്രതികള്‍ ഗൗരിലങ്കേഷിന്റെ വധത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
‘ഗൗരി ലങ്കേഷ് പത്രിക’ വാരികയുടെ പത്രാധിപയും ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ സുധീരം പോരാടുകയും ചെയ്ത ആക്ടിവിസ്റ്റും ആയിരുന്നു ഗൗരി. നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലിലാണ് ഗൗരി ലങ്കേഷ് പത്രിക ആരംഭിച്ചതെന്നത് യാദൃശ്ചികമല്ല. ഗൗരി ലങ്കേഷ് പത്രിക ഹിന്ദുത്വ ശക്തകളുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഗൗരിലങ്കേഷ് പത്രികയ്ക്കു ലഭിച്ചത്.
ഒട്ടേറെ ഭീഷണികളും ആക്രമണങ്ങളും തന്റെ മാധ്യമ സ്ഥാപനത്തിനു നേരെ ഉണ്ടായിട്ടും സധൈര്യം സംഘപരിവാറിനെയും ബിജെപിയുടെ കര്‍ണ്ണാടകയിലെ ഭരണത്തേയും അഴിമതിയേയുമെല്ലാം തുറന്നുകാട്ടുകയായിരുന്നു ഗൗരി ലങ്കേഷ്. ഭിന്നാഭിപ്രായങ്ങളെ അസഹിഷ്ണുതയോടെയും വെറുപ്പോടെയും മാത്രം നോക്കിക്കാണുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നവരെ ഉന്മൂലന സിദ്ധാന്തത്തിലൂടെ ഇല്ലാതാക്കുക എന്ന തീവ്രനയമാണ് സ്വീകരിച്ചുപോരുന്നത്. വര്‍ഗ്ഗീയ ലഹളകള്‍ ആള്‍ക്കൂട്ട കൊലപാതകം, ബോംബ് സ്‌ഫോടനങ്ങള്‍, ബലാത്സംഗം, തൂക്കികൊല, ബുള്‍ഡോസര്‍ രാജ്, എതിരാളികളെ നേരിട്ട് തോക്കിനിരയാക്കുക, ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുക ഇങ്ങനെ മനുഷ്യത്വ രഹിതവും പ്രാകൃതവുമായ നടപടികളിലൂടെയാണ് സംഘപരിവാറിന്റെ കീഴിലുള്ള ഏകദേശം 30 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാപാലിക വൃന്ദത്തിന് ഭരണകൂടത്തിന്റെയും നാഗ്പൂര്‍ സംഘി നേതൃത്വത്തിന്റെയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഗൗരിലങ്കേഷ് നിരന്തരം സംഘപരിവാറിനെതിരെ നിര്‍ഭയം ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇടതു പരിപ്രേക്ഷ്യവും മതേതര ജനാധിപത്യ നിലപാടുകളും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അതില്‍ വിറളിപൂണ്ട ഭീരുക്കളാണ് അവരെ വെടിയുണ്ടയ്ക്കിരയാക്കിയത്. ഗൗരി ലങ്കേഷ്, എഴുത്തുകാരനായ കല്‍ബുര്‍ഗി, സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരെ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ധബോല്‍ക്കര്‍ എന്നിവരെ നിഷ്ഠൂരം വധിക്കുകയായിരുന്നു. ഈ പൊന്‍താരകങ്ങള്‍ ചരിത്രമുള്ളടത്തോളം കാലം ഓര്‍മ്മിക്കപ്പെടും.
ഫാസിസത്തിനെതിരെ പോരാടിയ ജ്യൂലിയന്‍ ഫ്യൂച്ചിക്കിനെയൊക്കെപോലെ ഇവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടണം. ഗൗരി ലങ്കേഷിന്റെ ചിന്താഗതികളുമായി പൊരുത്തപ്പെട്ടുപോകുന്നവര്‍ തീര്‍ച്ചയായും അവര്‍നിലകൊണ്ട ഹിന്ദുത്വ തീവ്രവാദത്തിനെതിരെയും അവര്‍നിലകൊണ്ട പരിപ്രേ്യഷ്യവും പ്രചരിപ്പിക്കണം. മതേതരത്വത്തിനും ക്രോണിക്യാപ്പിറ്റലിസത്തിനും, വര്‍ഗ്ഗീയതക്കും, സ്ത്രീപീഠനങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ എതിര്‍പ്പിന്റെ കുന്തമുന കൊള്ളേണ്ടിടത്ത് കൊണ്ടു. അതാണ് ഗൗരീലങ്കേഷ് ഹിന്ദുത്വവാദികളുടെ ടാര്‍ജറ്റായി മാറിയത്.
അവരെ കൊലപ്പെടുത്തിയതും. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുരാം ഗോഡ്‌സെയുടെ പിന്‍തുടര്‍ച്ചക്കാരാണ്. എക്കാലത്തും ഫാസിസ്റ്റ് ശക്തികള്‍ക്ക് അരങ്ങുവാഴാന്‍ കഴിയില്ല. ജനകീയ ശക്തിക്കവര്‍ അടിയറവ് പറയുന്നത് ചരിത്രത്തിലുടനീളം കാണാം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമാകില്ല. 2024 അതിനുള്ള വര്‍ഷമായിരിക്കും. അതിന്റെ കാഹളമാണ് ‘ഇന്‍ഡ്യാ’ എന്ന ആ മഹാശക്തിയിലൂടെ പ്രവഹിക്കുന്നത്.