Sunday, November 24, 2024
spot_imgspot_img
HomeOpinionഇസ്രായേൽ ഇന്നും നടുങ്ങും, അബുദാവൂദ് എന്ന പേര് കേട്ടാൽ

ഇസ്രായേൽ ഇന്നും നടുങ്ങും, അബുദാവൂദ് എന്ന പേര് കേട്ടാൽ

മുസാഫിർ

ഹിംസയുടെ ദിവസങ്ങൾ പത്ത് പിന്നിടുമ്പോഴും ഉണങ്ങാത്ത ചോരയുടേയും തീരാത്ത പ്രതികാരത്തിന്റേയും തീ നിറഞ്ഞ രൂപകങ്ങളാൽ പലസ്തീന്റെ ശിരസ്സിൽ നിന്ന് ഇസ്രയേലി ഉന്മാദത്തിന്റെ ഉത്തരീയം നിലത്ത് വീണിട്ടില്ല. മനുഷ്യഹത്യയുടെ രുധിരം രുചിക്കുന്ന ഗ്രാഫ് ഉയരുന്നു. അതിനിടെ, പലസ്തീനികളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച യാസർ അറഫാത്തിന്റെ ചരമവാർഷികം കൂടി ഇക്കഴിഞ്ഞ നാൾ കടന്നുപോയി.

അറഫാത്തിന്റെ മൗനസമ്മതത്തോടെ അമ്പത്തൊന്ന് വർഷം മുമ്പ് നടന്ന ഒരു ഗറില്ലാ ആക്രമണത്തിന്റെ ഓർമ്മകളെക്കൂടി പ്രതിരോധത്തിന്റെ തീയാളുമ്പോൾ പശ്ചിമേഷ്യൻ സംഘർഷമനസ്സിലേക്ക് ഒരു വേള യദൃച്ഛയാ പുനരാനയിക്കപ്പെടുന്നുണ്ടാവണം.

അറഫാത്തിനെ ഓർക്കുമ്പോൾ അറബ് വിമോചന പോരാട്ടഭൂമികയിലെ ഒരു കാലത്തെ തീവ്രമുഖമായ അബൂദാവൂദിനെ അത്ര പെട്ടെന്ന് മറക്കാനാവില്ല. മോഷെ ദയാന്റേയും ഏരിയൽ ഷാരോണിന്റേയും ഇസ്രയേലിന് പലസ്തീനിയായ കെമിസ്ട്രി അധ്യാപകൻ അബുദാവൂദ് ഇന്നും നടുക്കം കൊള്ളിക്കുന്ന ഭീകരസ്മരണയാണ്.

അബുദാവൂദ്

പലസ്തീനികൾക്കാകട്ടെ, മനോവീര്യത്തിന്റെ ജീവൽപ്രതീകവും. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിൽ പൊലീസിന്റെ വെടിയേറ്റ് കാൽമുറിഞ്ഞ അബുദാവൂദ് അന്ത്യം വരെ പലസ്തീന്റെ വിമോചനത്തിനായി പട പൊരുതിയ നേതാവായിരുന്നു.
1972 – ലെ മ്യൂണിക് ഒളിമ്പിക്സിൽ പതിനൊന്ന് ഇസ്രയേലി കായികതാരങ്ങളെ മിന്നലാക്രമണത്തിലൂടെ റാഞ്ചിയെടുത്ത് കൊലപ്പെടുത്തിയ ബ്ലാക്ക് സെപ്റ്റംബർ പ്രസ്ഥാനത്തിന്റെ നായകനെന്ന നിലയിലാണ് അബുദാവൂദ് അറിയപ്പെടുന്നത്.

ഇസ്രായേലി തടവറയിൽ കൊടും പീഡനത്തിനിരയായ സ്ത്രീകളുൾപ്പെടെയുള്ള ഇരുന്നൂറിലധികം പലസ്തീനി ബന്ദികളെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ പ്രയോഗിച്ച അവസാന ആയുധമായിരുന്നു ബ്ലാക്ക് സെപ്റ്റംബർ എന്ന് പിന്നീട് രേഖപ്പെടുത്തപ്പെട്ട ഈ മിന്നൽ ഓപ്പറേഷൻ. ചുടുചോര കൊണ്ട് ചരിത്രത്തിന്റെ ചത്വരത്തിൽ ബലിശില നാട്ടിയ ബ്ലാക്ക് സെപ്റ്റംബറിന്റെ ബുദ്ധികേന്ദ്രമായിരുന്നു, 2010 ജൂലൈ മൂന്നിന് ഡമാസ്‌കസിൽ അന്തരിച്ച അബുദാവൂദ് എന്ന മുഹമ്മദ് ഔദ്.

ഫ്രാൻസിലും റോമിലും പോളണ്ടിലും പലപ്പോഴായി സഞ്ചരിച്ച് അബുദാവൂദും കൂട്ടരും തയാറാക്കിയ ഗെയിംപ്ലാനായിരുന്നു ബ്ലാക്ക് സെപ്റ്റംബർ. പലസ്തീൻ വിമോചന സംഘടനയിലെ സാഹസികമായി ചിന്തിക്കുന്നവരാണ് ബ്ലാക്ക് സെപ്റ്റംബർ ഗ്രൂപ്പായി മാറിയ പലരും.

റോമിലെ ഒരു കോഫിഹൗസിലിരുന്നാണ് അബുദാവൂദും അടുത്ത അനുയായി ഖാലിദ് അൽ ജവാരിയും മ്യൂണിക് ഒളിമ്പിക്സിലേക്ക് മിന്നലാക്രമണത്തിലൂടെ കുതിക്കാനുള്ള പദ്ധതി തയാറാക്കിയത്. ഇസ്രയേലി അത്‌ലെറ്റുകളെ പിടികൂടിയാൽ മതിയെന്നും അവരെ വധിക്കരുതെന്നുമായിരുന്നു മുകളിൽ നിന്ന് ലഭിച്ച നിർദേശമെങ്കിലും അത് നടന്നില്ല.

ബ്ലാക് സെപ്റ്റംബർ ഗറില്ലകൾ

1972 സെപ്റ്റംബർ. ഒളിമ്പിക്സ് പതാകകളുയർന്ന ജർമനിയിലെ മ്യൂണിക് നഗരം. ഒളിമ്പിക് ഗ്രാമം ആവേശത്തിമിർപ്പിൽ. മത്സരങ്ങൾ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. 1936 ലെ ബെർലിൻ ഒളിമ്പിക്സിനിടെ നാസി വിചാരണകൾ കൊണ്ട് ‘വിക്ടറി സ്റ്റാന്റുകൾ’ കെട്ടിപ്പൊക്കിയ ഹിറ്റ്ലറുടെ സ്വേച്ഛാവാഴ്ചയുടെ കറുത്ത പ്രതിഛായ മ്യൂണിക്കിലൂടെ മായ്ച്ചുകളയണമെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു 1972 ലെ ഒളിമ്പിക്സ് ആതിഥേയർക്ക്.

അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടികളൊന്നും സംഘാടനത്തിൽ പ്രയോഗിക്കാതിരുന്നത് പൊടുന്നനവെയുണ്ടായ മിന്നൽ ഓപ്പറേഷൻ സുഗമമാക്കിയെന്ന് മ്യൂണിക് കൂട്ടക്കൊലയെക്കുറിച്ച് പിൽക്കാലത്ത് പുറത്തിറങ്ങിയ വൺഡേ ഇൻ സെപ്റ്റംബർ എന്ന ഡോക്യുമെന്ററിയിൽ സൂചനയുണ്ട്.

സാമുവൽ ലർകിന്റെ നേതൃത്വത്തിലായിരുന്നു ഇസ്രയേലി കായികതാരങ്ങൾ മ്യൂണിക്കിലെത്തിയിരുന്നത്. സുരക്ഷാപരിമിതി ആദ്യമേ അവരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഒളിമ്പിക് വില്ലേജിനു പുറത്ത് ഏതാണ്ട് ഒറ്റപ്പെട്ട കെട്ടിടത്തിലായിരുന്നു താരങ്ങളുടെ താമസം. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്താമെന്ന വാക്ക് പാലിക്കപ്പെട്ടിട്ടില്ല. ഇതും സുരക്ഷാപാളിച്ചയായി. സോവിയറ്റ് പക്ഷപാതികളും ഇസ്രായേൽ വിരുദ്ധരുമായ അന്നത്തെ പൂർവ ജർമൻ താരങ്ങളാണ് അയൽപക്കത്ത് താമസിക്കുന്നതെന്നും ഇസ്രായേലി താരങ്ങളെ ഉൽകണ്ഠാകുലരാക്കി.

മ്യൂണിക്കിന്റെ നഗരപ്രാന്തങ്ങളിലും ഒളിമ്പിക് വില്ലേജ് പരിസരങ്ങളിലുമെല്ലാം അബുദാവൂദ് വേഷപ്രച്ഛന്നനായി നടക്കുന്നുണ്ടായിരുന്നുവത്രേ. ഇസ്രായേലി അത്‌ലറ്റുകളുടെ അധിവാസകേന്ദ്രത്തിന്റെ ഭൂപടം അബുദാവൂദിന്റേയും സംഘത്തിന്റേയും രഹസ്യകേന്ദ്രങ്ങളിൽ പതിഞ്ഞു. പാരീസിലും ഡമാസ്‌കസിലും റോമിലുമുള്ള സഹപ്രവർത്തകരെ മുറയ്ക്ക് ബന്ധപ്പെട്ടിരുന്ന അബുദാവൂദിനെ സോവിയറ്റ് യൂണിയനിലെ പാർട്ടി നേതാക്കളും പൂർവ ജർമൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി വാൾട്ടർ ഉൾബ്രിഷ്ടും ധാർമികമായി പിന്തുണച്ചിരുന്നവരാണ്.

1972 സെപ്റ്റംബർ നാല്. പാതിരാത്രി. ഇസ്രായേലി താരങ്ങൾ തിന്നും കുടിച്ചും തിമിർത്താടി. പ്രമുഖ നടൻ ഷാമുവൽ റൊഡാൻസ്‌കി വേഷമിട്ട ‘ഫിഡ്ലർ ഓൺ ദ റൂഫ്’ എന്ന സിനിമ കണ്ട ശേഷമാണ് അവരുറങ്ങിയത്. ട്രാക്ക് സ്യൂട്ട് ധരിച്ച എട്ട് ഗറില്ലകൾ അന്നേരം നിറതോക്കുകളേന്തി ഇസ്രയേലി താരങ്ങളുടെ ക്യാമ്പിനകത്തേക്ക് കൊടുങ്കാറ്റായി ഇരച്ചുകയറി. അവരുതിർത്ത ഷെല്ലുകൾ പൂക്കുറ്റി കണക്കെ പൊട്ടിച്ചിതറി. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന കായികതാരങ്ങൾ പകച്ചുപോയി. ഇസ്രായേലി ദേശീയ ഗുസ്തി – വെയിറ്റ് ലിഫ്റ്റിംഗ് താരങ്ങളായിരുന്നു അവരത്രയും. ഗറില്ലകളെ പ്രതിരോധിക്കാൻ പക്ഷേ അവർക്കായില്ല. എതിർത്ത് നിന്ന ഒരു കായികതാരത്തിനു നേരെ അപ്പോൾ തന്നെ ഗറില്ലകളുടെ വെടി മുഴങ്ങി.

ബോക്സിംഗ് പരിശീലകൻ മോഷെ വെയിൻബെർഗ് പിടഞ്ഞുവീണു. അര മണിക്കൂറിനകം ഒമ്പത് ഇസ്രായേലി കായിതകതാരങ്ങളെ ‘ബ്ലാക്ക് സെപ്റ്റംബർ സംഘം’ തടവുകാരാക്കി. ലെബനോൻ, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലസ്തീൻ വിമോചനസ്ഥ്രാനമായ ‘ഫദായിൻ’ പരിശീലനം നൽകിയ ഗറില്ലകളാണ് ഇസ്രായേലിനേയും ഒളിമ്പിക്സ് ആതിഥേയരാജ്യമായ പശ്ചിമ ജർമനിയെയും മാത്രമല്ല ലോകത്തെയാകെ നടുക്കിയ ഈ റാഞ്ചലിന് നേതൃത്വം നൽകിയത്. ലുത്തീഫ് അഫീഫായിരുന്നു സംഘത്തിന്റെ കമാൻഡർ.

ടെൽ അവീവിലെ തടവറയിൽ ഇസ്രായേലി സൈന്യം പീഡിപ്പിക്കുന്ന ജർമൻ റെഡ് ആർമി ഗ്രൂപ്പിലെ രണ്ടു പേരുൾപ്പെടെ 234 പലസ്തീനികളെ ജയിൽ മുക്തരാക്കിയാൽ മാത്രമേ കായികതാരങ്ങളെ മോചിപ്പിക്കൂവെന്നായിരുന്നു പലസ്തീനി കമാൻഡോകളുടെ ഡിമാന്റ്. ഇല്ലെങ്കിൽ എല്ലാവരേയും കൊലപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

വെടിവെപ്പിൽ കൊല്ലപ്പെട്ട ബോക്സിംഗ് പരിശീലകന്റെ ജഡം അവർ പ്രദർശിപ്പിക്കുകയും ചെയ്തു. ഞെട്ടലിൽ നിന്ന് മുക്തമാകാത്ത ഇസ്രയേലി ഭരണകൂടത്തിന്റെ ആദ്യപ്രതികരണിതായിരുന്നു: കീഴടങ്ങുന്ന പ്രശ്നമില്ല, പലസ്തീനി തടവുകാരെ മോചിപ്പിക്കില്ല. ഗറില്ലകളെ കീഴടക്കാൻ ഇസ്രായേൽ പ്രത്യേക വിമാനത്തിൽ പട്ടാളത്തെ അയക്കുന്നുവെന്ന് കേട്ടപ്പോൾ പശ്ചിമ ജർമൻ ചാൻസലർ വില്ലി ബ്രാന്റ് ആവശ്യം തിരസ്‌കരിച്ചു. ഗറില്ലകളുമായുള്ള ചെറുത്ത് നിൽപിന് അനിവാര്യമായ പരിശീലനം സിദ്ധിച്ച സൈനികർ താരതമ്യേന കുറവായിരുന്ന ജർമനിക്ക് എൻകൗണ്ടർ എന്നത് വെല്ലുവിളിയായി. വംശവൈരത്തിന്റെ പഴി ഏറെ കേട്ടിട്ടുള്ള ജർമൻ നേതൃത്വത്തിന്, പിടിക്കപ്പെട്ടവരത്രയും ജൂതൻമാരാണെന്നതും അവരെ മോചിപ്പിച്ചില്ലെങ്കിൽ മതവൈകാരികതയുടെ കാർഡിറക്കി പല രാജ്യങ്ങളും തങ്ങളെ അപകീർത്തിപ്പെടുത്തിയേക്കാമെന്നതും പ്രശ്നമായി. ഓഷ്വിറ്റ്സിലെ ഓർമകൾ വില്ലിബ്രാന്റിന്റെ ഉപദേശകരെ ഉലച്ചിട്ടുണ്ടാകണം.

ഒളിംപിക്സ് ഗ്രാമത്തിലെ ട്രാക്കിലും ഫീൽഡിലും ശ്മശാനമൂകത. ലോകമാകെ ഉൽകണ്ഠയുടെ മുൾമുനയിൽ. സ്വതന്ത്ര സംസ്ഥാനമായ ബവേറിയയിലെ ആഭ്യന്തരമന്ത്രി ബ്രൂണോ മെർക്കറായിരുന്നു പലസ്തീനി ഗറില്ലകളുമായി സന്ധി സംഭാഷണത്തിനായി നിയോഗിക്കപ്പെട്ടത്. നിങ്ങൾ ആവശ്യപ്പെടുന്ന പണം തരാം. കായികതാരങ്ങളെ മോചിപ്പിക്കൂ…

ഈ വാഗ്ദാനം കേട്ട് ഗറില്ലാ സംഘം പരിഹാസപൂർവം ചിരിച്ചു. പണമോ? ഞങ്ങളുടെ മുഴുവൻ ആളുകളുടേയും പ്രാണൻ പോലും ഞങ്ങൾക്ക് പ്രശ്നമല്ല. അവസാനത്തെ പലസ്തീനി തടവുകാരനേയും മോചിപ്പിക്കുന്നതിൽ കുറഞ്ഞ ഒന്നും ഞങ്ങൾ അംഗീകരിക്കുന്ന പ്രശ്നമേയില്ല.

ഇതിനിടെ ഒളിമ്പിക് സ്യൂട്ട് ധരിച്ച ജർമൻ പൊലീസുകാർ പല നിലയ്ക്കും കെട്ടിടത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. നീണ്ടു നിന്ന സംഘർഷത്തിന്റെ മഞ്ഞുരുകുന്നുവെന്ന് തോന്നുംവിധം പുതിയൊരു വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. രണ്ട് വലിയ സൈനിക ഹെലികോപ്റ്ററുകൾ ഗറില്ലകളേയും ബന്ദികളേയും സൈനികരേയും വഹിച്ച് ജർമനിയിലെ നാറ്റോ വ്യോമ താവളമായ ഫുഴ്സ്റ്റൺ ഫെൽഡ്ബ്രെക്കിലേക്ക് പറന്നു. ജർമൻ അധികൃതർ കയറിയ മറ്റൊരു വിമാനം ഇവരെ അനുഗമിച്ചു. ഹെലികോപ്റ്ററുകൾ പട്ടാള ബെയ്സിലിറങ്ങുന്നതോടെ റാഞ്ചികളെ കീഴടക്കുകയെന്നതായിരുന്നു ജർമൻ പദ്ധതി. കോപ്റ്ററിലേക്ക് ഇടിച്ചുകയറാനുള്ള സൈനികരെ ഒരുക്കി നിർത്തി. പല ഭാഗങ്ങളിലായി അവർ ഒളിച്ചിരുന്നു. ഇംഗ്ലീഷ് ത്രില്ലർ സിനിമയെ വെല്ലുംവിധമുള്ള വമ്പൻപദ്ധതി. ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡെവി സാമിറും സ്ഥലത്തുണ്ട്.

വിമാനജോലിക്കാരുടെ വേഷത്തിൽ നൂറുക്കണക്കിന് ജർമൻ പോലീസും പട്ടാളവും ചുറ്റിലും അണിനിരന്നു. മോചിപ്പിക്കപ്പെടുന്ന കായികതാരങ്ങളെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുപോകാനൊരു ബോയിംഗ് 727 വിമാനം കാത്ത് കിടന്നു. ഹെലികോപ്റ്ററിനകത്ത് വെച്ച് തന്നെ പലസ്തീനി സംഘത്തെ വെടിവെച്ചുകൊല്ലുകയെന്നതായിരുന്നു മൊസാദ് തലവന്റെ ആജ്ഞ.

ഹുങ്കാരത്തോടെ ഹെലികോപ്റ്ററുകൾ നിലം തൊട്ടു. പൊടുന്നനവെ അകത്തേക്ക് ഇരച്ചുകയറിയ പട്ടാളക്കാർ തോക്കിന്റെ ട്രിഗറിൽ വിരലമർത്തുംമുമ്പേ ഗറില്ലകൾ തിരിച്ചുവെടി വെച്ചു. രണ്ടാമത്തെ ഹെലികോപ്റ്ററിനകത്തും കനത്ത വെടിയൊച്ചകൾ. ആദ്യ ഹെലികോപ്റ്ററിലെ രണ്ടു പലസ്തീനികൾ വെടിയേറ്റു മരിച്ചു. പൈലറ്റുമാരെ വിശ്വസിച്ചതാണ് ഇവർക്ക് വിനയായത്. ഇതോടെ ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമായി. ബന്ദികളായ കായികതാരങ്ങൾ ഒന്നൊന്നായി ഹെലികോപ്റ്ററുകൾക്കകത്ത് മരിച്ചുവീണു. മുറിവേറ്റ പൈലറ്റുമാർ പുറത്തേക്കോടി. ചതിയിലൂടെ സംഘത്തെ കീഴ്പെടുത്താമെന്ന് അഹങ്കരിച്ച മൊസാദ് മേധാവിയുടെ മുമ്പിൽ സ്വന്തം നാടിന്റെ അഭിമാനങ്ങളായ കായികതാരങ്ങളുടെ അന്ത്യരോദനമുയർന്നു. പതിനൊന്നു കായികതാരങ്ങളും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട ഇസ്രയേൽ കായിക താരങ്ങൾ

ഓപ്പറേഷൻ പാളിപ്പോയ നാണക്കേടിലായിരുന്നു ജർമനി. അവരുടെ പോലീസ് മേധാവി ആന്റൺ ഫ്ളെഗർബോവറും സംഘട്ടനത്തിൽ വധിക്കപ്പെട്ടു. ലുത്തീഫ് അഫീഫുൾപ്പെടെ അഞ്ചു ഗറില്ലകളും മരണപ്പെട്ടു. ബന്ദികളെ വധിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലായിരുന്നുവെന്നും ചതിയിലൂടെ തങ്ങളെ കുരുക്കാൻ നോക്കിയതിനുള്ള ശിക്ഷയാണിതെന്നും ബ്ലാക്ക് സെപ്റ്റംബർ നേതാക്കൾ പിന്നീട് പ്രസ്താവനയിറക്കി.

പതിനൊന്ന് കായികതാരങ്ങളുടേയും മൃതദേഹം ടെൽ അവീവിലേക്കും പലസ്തീനികളുടെ മൃതദേഹം ലിബിയയിലേക്കും കൊണ്ടുപോയി. പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ രക്തസാക്ഷി പരിവേഷത്തോടെയാണ് ഗറില്ലാസംഘത്തിന്റെ മൃതദേഹങ്ങൾ ട്രിപ്പോളി എയർപോർട്ടിൽ ഏറ്റുവാങ്ങി സംസ്‌കരിച്ചത്.

ലോകത്തെയാകെ വിറപ്പിച്ച ഈ കമാൻഡോ ഓപ്പറേഷന്റെ ശിൽപി അബുദാവൂദ് 1999 ൽ പാരീസിൽ പുറത്തിറക്കിയ തന്റെ ആത്മകഥയായ ‘ഫ്രം ജറുസലേം ടു മ്യൂണിക് ‘ എന്ന പുസ്തകത്തിൽ നിന്ന്: മ്യൂണിക് സംഭവത്തിൽ എനിക്ക് തരിമ്പും പശ്ചാത്താപമില്ല. അനാവശ്യമായി പിടിച്ചുവെച്ച ഞങ്ങളുടെ ഇരുന്നൂറിലധികം സഹോദരങ്ങളുടെ മോചനമായിരുന്നു ലക്ഷ്യം. നരഹത്യയുടെ രാഷ്ട്രീയം ഇസ്രായേലിന്റേതാണ്. ബന്ദികളെ കൊലപ്പെടുത്താൻ ഞങ്ങൾക്ക് പദ്ധതിയില്ലായിരുന്നു. എന്നാൽ പ്രകോപനത്തിലൂടെ ഞങ്ങളുടെ പോരാളികളെ അതിന് പ്രേരിപ്പിച്ചത് മൊസാദും ജർമൻ പട്ടാളവുമായിരുന്നു. ഞങ്ങളെ വെടിവെച്ചപ്പോൾ മാത്രമാണ് ഞങ്ങൾ തിരിച്ചടിച്ചത്. അതിന്റെ ഫലം അവർ അനുഭവിക്കുകയും ചെയ്തു.

(ലേഖനത്തിലെ അഭിപ്രായം തികച്ചും വ്യക്തിപരം)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares