Friday, November 22, 2024
spot_imgspot_img
HomeLatest Newsനമുക്ക് ഭാരതം വേണം, ഇന്ത്യയും

നമുക്ക് ഭാരതം വേണം, ഇന്ത്യയും

ടി കെ മുസ്തഫ വയനാട്

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ പതിവിൽ നിന്ന് വിഭിന്നമായി ‘ഇന്ത്യയുടെ പ്രസിഡന്റ്’ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ ആയി രൂപാന്തരപ്പെട്ടത് മുതൽ രാജ്യത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകളും രാഷ്ട്രീയ വാദ പ്രതിവാദങ്ങളും ചർച്ചകളും സംവാദങ്ങളും രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരിക്കുകയാണ്.

ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയ്ക്ക് എതിരെ ഇരുപത്തി ആറ് പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യമായ ഇന്ത്യ രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പേര് മാറ്റത്തിന് ഭരണാധികാരികൾ തയ്യാറെടുക്കുന്നുവെന്നും ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ നിലവിലുള്ള ‘ഇന്ത്യ എന്ന ഭാരതം ‘ എന്നതിനെ ഭേദഗതി ചെയ്തുകൊണ്ട് ‘ഭാരതം’ എന്ന് മാത്രമായി പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്ന് കൊണ്ടിരിക്കുന്നുവെന്നുമാണ് ആരോപണമുയരുന്നത്.

‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരതം’എന്ന് ഉപയോഗിക്കണമെന്നും പുരാതന കാലം മുതൽ രാജ്യത്ത് പ്രചാരത്തിലുള്ള ‘ഭാരത’മെന്ന പേര് ഭാവിയിലും തുടരണമെന്നുമുള്ള ഗുവഹാത്തിയിൽ നടന്ന ‘സകൽ ജൈന സമാജ’ പരിപാടിയിൽ പങ്കെടുക്കവെ അഭിപ്രായപ്പെട്ട ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ ആഹ്വാനത്തിലൂടെയും രാജ്യത്തിന് ഒരേ സമയം രണ്ട് പേരുകൾ അനുചിതവും ജി 20 ഉച്ച കോടിയിൽ പങ്കെടുക്കുന്നതിനായി ലോക രാഷ്ട്രത്തലവന്മാർ ഡൽഹിയിൽ സന്നിഹിതരായിരിക്കുന്ന സമയം പേര് മാറ്റത്തിന് അനുയോജ്യമായ സാഹചര്യമാണെന്നുമുള്ള ബംഗാളിലെ ബി ജെ പി നേതാവ് രാഹുൽ സിൻഹയുടേതടക്കമുളളവരുടെ പ്രസ്താവനകളിലൂടെയും മറ നീക്കി പുറത്ത് വരുന്നത് സ്വാതന്ത്ര്യ പൂർവ്വകാല അധിനിവേശത്തിന്റെയും സാമ്രാജ്വത്വത്തിന്റെയും ഓർമകൾ അപ്രസക്തമാക്കാനെന്ന ലേബലിൽ ഇന്ത്യയുടെ ബഹുസ്വരതയെയും സമന്വയ സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള സംഘ പരിവാറിന്റെ കുത്സിത ശ്രമങ്ങളല്ലാതെ മറ്റൊന്നുമല്ല!

ഇന്ത്യയും ഭാരതവും രാജ്യത്തെ പൗരന്മാർക്കിടയിൽ പതിറ്റാണ്ടുകളായി തുല്യ നിലയിൽ തന്നെ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട് എന്നിരിക്കെ, ഭരണ ഘടന നിർമ്മാണ സഭയുടെ കാലയളവിൽ തള്ളപ്പെട്ട വാദഗതിയെ വീണ്ടുമുയർത്തിക്കൊണ്ട് വന്ന് ജനങ്ങളെ ധ്രുവീകരിച്ചുള്ള ഫാസിസ്റ്റ് അജണ്ടയിലൂടെയുള്ള രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കുന്നു ബിജെപിയും സംഘ പരിവാർ ശക്തികളും.

ഭാരതവും ഭരണഘടന അസംബ്ലിയും

സ്വാതന്ത്ര്യം നേടിയതിന് ശേഷം ഭരണ ഘടന തയ്യാറാക്കുന്നതിനായി രൂപീകരിച്ച ഭരണ ഘടന അസംബ്ലി ഭരണ ഘടനയുടെ കരട് രൂപം തയ്യാറാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച രൂക്ഷമായ വാഗ്വാദങ്ങളും സംവാദങ്ങളും ഉയർന്നു വന്നിരുന്നു. 1949 നവംബർ 18 ന് രാജ്യത്തിന് ‘ഇന്ത്യ’, ‘ഭാരതം’ എന്നീ രണ്ട് പേരുകൾ നൽകിക്കൊണ്ട് ഡോക്ടർ ബി ആർ അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കരട് രേഖയെ നഖശിഖാന്തം എതിർത്തു കൊണ്ട് രംഗത്ത് വന്ന ഭരണ ഘടന അസംബ്ലി അംഗമായ ഹരി വിഷ്ണു കാമത്ത് രാജ്യത്തിന് ഒരു പേര് മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കുകയുണ്ടായി.

‘ഹിന്ദുസ്ഥാൻ’, ‘ഹിന്ദ്’, ‘ഭാരത ഭൂമി’, ‘ഭാരത വർഷ’ തുടങ്ങിയ പേരുകൾ അദ്ദേഹം രാജ്യത്തിന്നായി നിർദേശിക്കുകയും ചെയ്തു. ഇന്ത്യ എന്നത് ഒരു പേരല്ലെന്നും അത് ഭാരതത്തിന്റെ വിവർത്തന പദം മാത്രമാണെന്നുമാണ് 1937 ൽ പാസ്സാക്കിയ ഐറിഷ് ഭരണ ഘടനയെ ഉദാഹരിച്ച് കാമത്ത് സമർത്ഥിക്കാൻ ശ്രമിച്ചത്. ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ ഭരണഘടനയിൽ രാജ്യത്തിന്റെ പേര് ‘എയ്റ'(Eire) അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ‘അയർലൻഡ്’ എന്നാണ് എന്നു പറയുന്നുണ്ടെന്ന കാര്യവും അദ്ദേഹം എടുത്തു കാട്ടി.

ഇന്ത്യ ഒരു രാജ്യത്തിന്റെയും പേരിന്റെ മനോഹര രൂപമല്ലെന്ന് വാദിച്ച ജബൽ പൂരിൽ നിന്നുള്ള സേട് ഗോവിന്ദ് ദാസ് നിലവിൽ വിദേശങ്ങളിൽ അറിയപ്പെടുന്ന പ്രസ്തുത പേര് ഭാരതമാക്കി മാറ്റണമെന്ന ആവശ്യത്തിലുറച്ചു നിന്നു. വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഭാരത് എന്ന പേര് പരാമർശിക്കുന്നുണ്ടെന്ന് വാദിച്ച സേട് ഗോവിന്ദ് ദാസ് കൂട്ടത്തിൽ ചൈനീസ് സഞ്ചാരി ഹ്യുയാൻ സാങ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത് ‘ഭാരത്’ എന്നായിരുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.

‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതെന്ന് മഹാത്മാഗാന്ധിയെ പരാമർശിച്ച് ചൂണ്ടിക്കാട്ടിയ ദാസ് പ്രസ്തുത കാരണം കൊണ്ടുകൂടിയാണ് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്ന് താൻ വാദിക്കുന്നതെന്നും പറഞ്ഞുവെച്ചു.

ഇതേ സമയം ആന്ധ്രാപ്രദേശിൽ നിന്നുള്ള ഭരണഘടന അസംബ്ലി അംഗം കെ വി റാവുവാകട്ടെ സിന്ധു നദി പാകിസ്ഥാനിലായതിനാൽ പാകിസ്ഥാന്റെ പേര് ‘ഹിന്ദുസ്ഥാൻ’ എന്നായിരിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. ഇപ്രകാരം ‘ഇന്ത്യ’ക്കനുകൂലമായും പ്രതികൂലമായും നടന്ന ഗൗരവകരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമുള്ള വോട്ടെടുപ്പിൽ ‘ഇന്ത്യ’ക്കെതിരായ ആരോപണങ്ങളെല്ലാം പരാജയപ്പെടുകയും ആർട്ടിക്കിൾ 1 ഭേദഗതിയില്ലാതെ ‘ഭാരതം എന്ന ഇന്ത്യ’ ആയി നില നിൽക്കുകയും ചെയ്തു.

ഭാരതത്തിന്റെ അടിവേരുകൾ

‘ഭാരത’ത്തിന്റെ അടിവേര് തേടിപ്പോകുമ്പോൾ, ഹൈന്ദവ പുരാണ പ്രകാരം രണ്ട് ഭരതന്മാർ ഇവിടെ ഭരണം നടത്തിയിരുന്നതായി കാണാം. ശ്രീരാമന്റെ പുത്രനും കൈകേയിയുടെ മകനുമായ ഭരതനാണ് ഇതിൽ ഒന്നാമൻ. മഹാഭാരതത്തിലെ ഭരതനാകട്ടെ ചന്ദ്രവംശജനായ അത്രിയുടെ കുലത്തിൽ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും മകൻ ആണ്. മഹാഭാരതം ആദി പർവത്തിൽ ഭരതനെക്കുറിച്ച് പറയുന്നത് ഭൂമി മുഴുവൻ കീഴടക്കിയ ആദ്യത്തെ ചക്രവർത്തി/സാർവഭൗമൻ എന്നാണ്.’അജ നാഭം നാമൈദ ദ്വർഷം ഭാരതം ഇനി യത ആരഭ്യ വൃപദിശന്തി ‘
അജ നാഭം എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം(ഭരതന്റെ മരണ ശേഷം) ഭാരതം എന്ന് വിളിക്കപ്പെട്ടതായി ഭാഗവതം 5.7.3 ൽ വായിക്കുന്നു.

മഹാഭാരതത്തിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ഭരതന്റെ സാമ്രാജ്യമെന്നത് ഇന്നത്തെ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തെ കൂടാതെ അഫ്ഗാനിസ്ഥാൻ,പേർഷ്യ, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളെയും ഉൾകൊള്ളുന്നുണ്ട്. ഹിമാലയത്തിനും തെക്ക് മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശമായി വിഷ്ണുപുരാണത്തിലും മാർക്കണ്ഡേയ പുരാണത്തിലും ഭാരതത്തെ നിർവചിച്ചതായി കാണുന്നു. വിഷ്ണു പുരാണത്തിൽ ഭാരത വർഷത്തെ വർണ്ണിച്ചിരിക്കുന്നത് ഇപ്രകാരമാണ്

‘ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രേശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ’
(വിഷ്ണു പുരാണം (2.3.1)(4)(5)

(‘സമുദ്രത്തിന്റെ ഉത്തരഭാഗത്തായും
ഹിമാലയ പർവതത്തിനെ ദക്ഷിണഭാഗത്തായുമുള്ള
ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം,
ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു’)

‘ഇന്ത്യ’യുടെ ഉത്ഭവമാകട്ടെ സിന്ധു നദിയുമായി ബന്ധപ്പെട്ട ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്.
സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവർഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്. ‘ഗുരുതരമായ’, ‘ശ്രദ്ധേയമായ’, ‘ആനന്ദകരമായ’, ‘സജീവമായ’, ‘സൃഷ്ടിപരമായ’ എന്നെല്ലാമാണ് ‘സിന്ധു’ എന്ന പദത്തിന്റെ അർത്ഥം.

സിന്ധുനദിയുടെ തീരത്തു വസിച്ചിരുന്നവരെ ഹിന്ദുവെന്ന് വിളിച്ചത് പേർഷ്യക്കാരാണ്. പേർഷ്യൻ ഭാഷയിൽ ‘സ’ കാരത്തിന് പകരം’ഹ’ കാരം ആയിരുന്നു ഉപയോഗിച്ചിരുന്നത്. എം ആർ രാഘവ വാര്യരുടെ ‘ചരിത്രത്തിലെ ഇന്ത്യ’ എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. പ്രാചീന പേർഷ്യൻ ലിഖിതങ്ങളിലും ‘സെന്റ് അവസ്ത’ പോലുള്ള ഗ്രന്ഥങ്ങളിലും ഭൂമി ശാസ്ത്ര പരമായ പദം എന്ന നിലക്ക് ‘ഹിന്ദു’ എന്ന പദം ഉപയോഗിച്ചതായി കാണാവുന്നതാണ്. ഗ്രീക്ക് ചരിത്രകാരന്മാരാകട്ടെ സിന്ധു നദിയെ രേഖപ്പെടുത്തിയിരിക്കുന്നത് ‘ഇൻഡസ്’ എന്നാണ്. ഹിന്ദു എന്ന വാക്ക് ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡമെന്നു പരാമർശിക്കുന്ന ഭൂപ്രദേശത്തിന്റെ പേരെന്ന നിലയിൽ ഗ്രീക്കുകാർക്കും മറ്റ് പാശ്ചാത്യ ശക്തികൾക്കും പേർഷ്യക്കാർ കൈമാറിയിരുന്നു. ഇപ്രകാരം ‘ഹിന്ദ് ‘ഗ്രീക്ക് ഭാഷയിലെത്തിയപ്പോൾ ‘ഇന്ദിക’യും തുടർന്ന് യൂറോപ്പിലേക്കെത്തിയപ്പോൾ ‘ഇന്ത്യ’യുമായി മാറുകയായിരുന്നു.

കൊളോണിയൽ ആധിപത്യത്തിന്റെ അവശേഷിപ്പുകളിൽ നിന്നുള്ള മോചനമെന്ന ലേബലിൽ ഇന്ത്യയെ ഭാരതമാക്കാനുള്ള ശ്രമത്തിലൂടെ വെളിപ്പെടുന്നത് ഒരു വിഭാഗം പൗരന്മാരിൽ വൈകാരിക ഉത്തേജനം നിറച്ച് രാഷ്ട്രീയാധികാരവും ആധിപത്യവും നില നിർത്താനുള്ള സംഘ പരിവാറിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം തന്നെയാണ്.2016 മാർച്ചിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരതം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ട് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
‘ഭാരതമോ ഇന്ത്യയോ… നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കൂ,
ഭാരതമെന്ന് വേണ്ടവർ അങ്ങനെ വിളിക്കട്ടെ,
ഇന്ത്യയെന്നു വേണ്ടവർ അങ്ങനെ വിളിക്കട്ടെ.’

അതെ, നമുക്ക് ഭാരതം വേണം, ഇന്ത്യയും! കേവലം ഒരു പേരിന്റെ പ്രശ്‌നം എന്നതിലുപരി ഭരണത്തെയും അധികാരത്തെയും രാജ്യത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിനും ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും മാറ്റി മറിക്കുന്നതിനുമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള രാഷ്ട്രീയ ജാഗ്രതയാണ് ഇവിടെ നാം കാണിക്കേണ്ടത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares