ഗാസയില്‍ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേല്‍ അഴിച്ചുവിടുന്നത്. കരയുദ്ധം മാറ്റനിര്‍ത്തി, വ്യോമാക്രമണത്തിലൂടെ ജനങ്ങളുടെ മുകളില്‍ തീമഴ പെയ്യിക്കുകയാണ് ഇസ്രയേല്‍. അമേരിക്കന്‍ പിന്തുണ മാത്രമല്ല ഇസ്രയേലിനെ ഈ കടുംകയ്ക്ക് പ്രേരിപ്പിക്കുന്നത്. എത്ര കുറ്റം ചെയ്താലും ‘ചോദിക്കാനും പറയാനും’ ആരും ഉണ്ടാകില്ലെന്ന ധൈര്യമാണ്. യുദ്ധക്കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ഇസ്രയേലും അതിന്റെ പ്രഖ്യാപിത സഹോദര രാഷ്ട്രം അമേരിക്കയും തരിമ്പുപോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ എല്ലാം അമേരിക്കയും ഇസ്രയേലിനും പുല്ലുവിലയാണ്.
എന്തൊക്കെയാണ് അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍?
സായുധ പോരാട്ടത്തിന്റെ നിയമങ്ങള്‍ നിയന്ത്രിക്കുന്നത് അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട ഒരു കൂട്ടം നിയമങ്ങളും പ്രമേയങ്ങളുമാണ്. ആക്രമണാത്മക യുദ്ധങ്ങള്‍ യുഎന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, രാജ്യങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശം നല്‍കുന്നുമുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തയ്യാറാക്കിയ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിച്ചതാണ്. 1949ല്‍ നടന്ന ജനീവ കണ്‍വെന്‍ഷനില്‍ അംഗീകരിച്ച നാല് ഉടമ്പടികള്‍ പ്രകാരം, യുദ്ധ സമയത്ത് സാധാരണക്കാരോടും മുറിവേറ്റവരോടും തടവുകാരോടും മാനുഷികമായി പെരുമാറണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
കൊലപാതകം, പീഡിപ്പിക്കല്‍, ബന്ദികളാക്കല്‍, അപമാനിക്കല്‍ എന്നിവ യുദ്ധ നിയമങ്ങള്‍ക്ക് എതിരാണ്. പരസ്പരം പോരാടുന്ന പോരാളികള്‍, മറുവശത്ത് മുറിവേറ്റവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. എന്നാല്‍, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഈ നിയമങ്ങള്‍ ബാധകമാകില്ലെന്ന് പറയേണ്ടിവരും. കാരണം, ഇസ്രയേല്‍ ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് ഒരു രാഷ്ട്രത്തോടല്ല. ഹമാസിന് ഒരു പ്രവിശ്യ സര്‍ക്കാരുണ്ടെന്ന് മാത്രം. ഈ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുമില്ല.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ഇസ്രയേലിന് പുച്ഛം
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും യുദ്ധക്കുറ്റങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. സിവിലിയന്‍മാര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും എതിരായ ആക്രമണം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം, സ്വത്ത് നശിപ്പിക്കല്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റങ്ങളായി നിര്‍വചിച്ചിരിക്കുന്നു. രാസായുധങ്ങള്‍ ഉപയോഗിക്കാതിരിക്കാനുള്ള കരാറാണ് മറ്റൊരു പ്രധാന കരാര്‍. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങളും ഈ കരാര്‍ അംഗീകരിച്ചിട്ടില്ല.
രണ്ടുകൂട്ടരും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ ശേഖരിക്കുകയാണ് എന്നാണ് യുഎന്‍ കമ്മീഷന്‍ പറയുന്നത്. പലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തുന്ന അന്വേഷണത്തില്‍ ഈ തെളിവുകളും ഉള്‍പ്പെടുത്തും.
എന്നാല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാര പരിധിയെ യുഎസ്, റഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കാന്‍ ഈ കോടതിക്ക് സേനയുമില്ല. യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാനായി സ്ഥാപിച്ചിട്ടുള്ള ഏക സ്ഥിരം ട്രൈബ്യൂണല്‍ ആണ് ഐസിസി. അന്താരാഷ്ട്ര നീതിന്യായ കോടതിയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും ഇത്തരം കേസുകള്‍ പരിഗണിക്കാറുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തു വിട്ടുകൊണ്ട് ആരംഭിച്ച ആക്രമണത്തില്‍ ഹമാസ് വന്‍തോതിലുള്ള യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. നിരപരാധികളായ അനേകം സിവിലിയന്‍മാരെ ഹമാസ് കൂട്ടക്കൊലനടത്തി.
ഇതിന് തിരിച്ചടിയായി, ഇസ്രയേല്‍ ആരംഭിച്ച ആക്രമത്തില്‍, കരമാര്‍ഗമുള്ള യുദ്ധം ആരംഭിച്ചിട്ടില്ല എന്നത് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഗാസയില്‍ വന്‍തോതില്‍ നടത്തിവരുന്ന വ്യോമാക്രമണത്തില്‍ മൂവായിരത്തിനടത്തു ജനങ്ങള്‍ കൊല്ലപ്പെട്ടു. 11 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി. ഗാസയില്‍ സമ്പൂര്‍ണമായി ജല, വൈദ്യുതി, ഇന്റര്‍നെറ്റ് വിതരണം തടസ്സപ്പെടുത്തി. എന്നാല്‍, തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഭീകരവാദികളെ ലക്ഷ്യമാക്കി മാത്രമാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് അടക്കം പ്രയോഗിച്ചതായി ഇസ്രയേലിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് നിരോധിച്ചിട്ടില്ലെങ്കിലും ഇത് ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കുന്നത് വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, തങ്ങള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിട്ടില്ല എന്നാണ് ഇസ്രയേല്‍ പറയുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിലേത് പോലെ, ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലും വിചാരണ സാധ്യതകള്‍ വിദൂരമാണെന്നാണ് വിലയിരുത്തല്‍.