Friday, November 22, 2024
spot_imgspot_img
HomeOpinionചോര കൊണ്ടെഴുതിയ ചരിത്രം: ഇസ്രയേൽ അധിനിവേശത്തിന്റെയും പലസ്തീൻ ചെറുത്തു നിൽപ്പിന്റെയും നാൾ വഴികൾ

ചോര കൊണ്ടെഴുതിയ ചരിത്രം: ഇസ്രയേൽ അധിനിവേശത്തിന്റെയും പലസ്തീൻ ചെറുത്തു നിൽപ്പിന്റെയും നാൾ വഴികൾ

ജെസ്ലോ ഇമ്മാനുവൽ ജോയ്

ഒന്നാം ഭാഗം

‘പല്ലിന് പല്ല് കണ്ണിന് കണ്ണ്’ അബ്രഹാമിക് മത ഗ്രന്ഥങ്ങളിൽ പറയുന്ന ഒരു തരം പ്രതികാര നടപടി. സന്ധി സംഭാഷണങ്ങൾക്കും, ചർച്ചകൾക്കും പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഈ കാലത്ത്, ഇത്തരമൊരു നയത്തിന് പ്രാധാന്യമുണ്ടോ? മുപ്പത് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കാര്യക്ഷമമായ സമാധാന ചർച്ചകൾക്കും, ഇസ്രായേൽ സൈന്യവും, കുടിയേറ്റക്കാരും പലസ്തീനികൾക്ക് നേരെ അഴിച്ചു വിട്ട അസമമായ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഒടുവിൽ ഇരു രാഷ്ട്രങ്ങളും എത്തി നിൽക്കുന്നത് മേൽ പറഞ്ഞ പകരത്തിന് പകരം പല്ലും കണ്ണും ചൂഴ്ന്നെടുക്കുന്ന നാശത്തിൽ മാത്രം കലാശിക്കുന്ന, വിജയികളില്ലാത്ത യുദ്ധ സിദ്ധാന്തത്തിലാണ്.

അടിച്ചമർത്തലുകളും വിവേചനങ്ങളും നേരിട്ട ജൂതർക്ക് പലസ്തീൻ ജനത വസിക്കാൻ ഇടം കൊടുത്തു, പണക്കൊഴുപ്പും, സ്വാധീനവും, അക്രമങ്ങളും കൊണ്ട് അർബുദം പോലെ തങ്ങൾക്ക് അഭയം തന്ന ജനതയുടെ ഭൂമി ഇഞ്ചിഞ്ചായി കവർന്നെടുത്ത തീവ്രവാദ രാഷ്ട്രമായ ഇസ്രയേലിന് എതിരെ പലസ്തീൻ പക്ഷത്ത് നിന്നും യുദ്ധത്തിന് ഇറങ്ങുന്നത് മറ്റൊരു തീവ്രവാദ പക്ഷക്കാരായ ഹമാസ്.

തീവ്ര വലത് പക്ഷക്കാരനായ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ പ്രസ്താവനയിലൂടെ 1973 – ന് ശേഷം ഇസ്രായേൽ ആദ്യമായി ഒരു യുദ്ധ പ്രഖ്യാപനം നടത്തുമ്പോൾ, നിശബ്ദ ശീതയുധത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്ക ഇസ്രായേലിൻ്റെയും, ചൈന പലസ്തീനിൻ്റെയും പക്ഷം ചേർന്ന് കഴിഞ്ഞിരിക്കുന്നു. തീവ്രവാദത്തിന് തീവ്രവാദം മറുപടിയാകുമ്പോൾ മാധ്യമ മുറികളിൽ തങ്ങളുടെ മരണങൾ ഒരു സ്കോർ ബോർഡിലേതെന്ന പോലെ വെറും അക്കങ്ങളിലേക്ക് ചുരുങ്ങാൻ വിധിക്കപ്പെട്ട ഇരു രാജ്യങ്ങളിലെയും ജനതയുടെ ചരിത്രമാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.

പ്രാചീന ചരിത്രവും, ഒട്ടോമൻ ഭരണവും

ആദിമ കാലത്ത് മനുഷ്യ കുലം ഉത്ഭവിച്ച, അല്ലെങ്കിൽ അവൻ ഒരു സാംസ്കാരിക ജീവി എന്ന നിലയിലേക്ക് വളർന്ന ചില ഇടങ്ങളിൽ ഒന്നാണ് ഇന്ന് നമ്മൾ കാണുന്ന പലസ്തീൻ – ഇസ്രായേൽ പ്രദേശങ്ങൾ. കാർഷിക വൃത്തിക്കും, പുതിയ സംസ്കാരങ്ങൾക്കും തുടക്കം കുറിച്ച ഈ ഭൂമികയിൽ ബൈബളിലും മറ്റും കാണുന്ന കാനാന്യർ എന്ന് വിളിക്കപ്പെടുന്ന ഒരു ജനതയാണ് നാഗരിക രീതികൾ കൊണ്ടുവരുന്നത്. പിന്നീട് ഇസ്രായേൽ, യെഹൂദാ ഗോത്രങ്ങൾ വടക്ക് നിന്നും, ഫിലിസ്ത്യർ എന്ന മറ്റൊരു കൂട്ടർ തെക്ക് നിന്നും ഈ പ്രദേശങ്ങളെ അക്രമിച്ച് കീഴടക്കി അവിടെ പാർക്കാൻ തുടങ്ങി.

ഫിലിസ്ത്യർ വസിക്കുന്ന നാട് എന്ന വിശേഷണമാണ് ഈ പ്രദേശത്തിന് പലസ്തീൻ എന്ന പേര് വന്നതിന് കാരണം എന്ന് പറയപ്പെടുന്നു. ഫിലിസ്ത്യരും – ഇസ്രായേലും തമ്മിൽ പ്രദേശത്തിൻ്റെ പൂർണ നിയന്ത്രണത്തിന് വേണ്ടിയും മറ്റ് പല കാരണങ്ങളുടെ പേരിലും യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇതിനിടയിൽ യെഹൂദാ – ഇസ്രായേൽ ഗോത്രങ്ങൾ തമ്മിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൻ്റെ ഫലമായി പുറത്ത് നിന്നുള്ള സാമ്രാജ്യങ്ങൾ ഈ പ്രാദേശങ്ങളിലേക്ക് എത്തുകയും ഇസ്രയേലിനെ കീഴ്പ്പെടുത്തുകയും ചെയ്തു, കുറെ കാലം ഇസ്രയേലിൻ്റെ ബാക്കിയായിരുന്ന യെഹൂദാ നില നിന്നെങ്കിലും അവരും ഒടുവിൽ വിദേശ ശക്തികൾക്ക് കീഴ്പ്പെടുകയായിരുന്നു.

പിന്നീട് ഉള്ള കാലങ്ങളിൽ പേർഷ്യൻ, ബാബിലോണിയൻ സാമ്രാജ്യങ്ങൾ മുതൽ അലക്സാണ്ടറും, ടോളിമിയും, ഇന്ത്യയിലെ ചന്ദ്രഗുപ്ത മൗര്യ അഞ്ഞൂറ് ആനകൾ കൊടുത്ത് സഹായിച്ച സെലുകസ് നിക്കേറ്റർ ഒന്നാമനുമെല്ലാം ഇവരെ ഭരിച്ചു പോന്നു. യേഹുദ ഗോത്രത്തിൻ്റെ പിൻമുറക്കാരായ ജൂതൻമാർക്കും, പാലസ്തീനികൾക്കും കഠിനമായ ഉപദ്രവങ്ങൾ നേരിട്ട ഒരു കാലമായിരുന്നു ഇത്, അടിച്ചമർത്തലുകൾ അതിൻ്റെ പാരമ്യത്തിൽ എത്തിയത് റോമ സാമ്രാജ്യ ഭരണകാലത്തായിരുന്നു, പിന്നീട് വന്ന ക്രിസ്ത്യൻ ക്രുസേഡുകളും അക്രമങ്ങളുടെ എണ്ണം കൂട്ടി. ഇതുമൂലം വലിയൊരു വിഭാഗം ജൂത സമൂഹം പല രാജ്യങ്ങളിലേക്കായി കുടിയേറി ചിതറി പാർത്തു, അത് കഴിഞ്ഞ് അറബ് ഭരണ കാലത്ത്, കൃത്യമായി പറഞ്ഞാൽ 1800 കളിലെ ഒട്ടോമൻ ഭരണകാലത്താണ് സ്ഥിതി ഗതികൾ മെച്ചപ്പെട്ടപ്പോൾ ഇവരിൽ കുറെപേർ തിരിച്ച് പലസ്തീനിലേക്ക് വരുന്നത്.

ഉപദ്രവങ്ങളും അടിച്ചമർത്തലുകളും കുറഞ്ഞ ഈ കാലയളവ് ജൂതർക്കും, അറബികൾക്കും സമാധാനത്തിൻ്റെ സമയമായിരുന്നു. ഇതേ കാലഘട്ടത്തിലാണ് 1896 – ൽ തിയോഡോർ ഹെഴ്‌സൽ ജൂത രാഷ്ട്ര സ്ഥാപനത്തിന് വേണ്ടി സയണിസ്റ്റ് പ്രസ്ഥാനം സ്ഥാപിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഒന്നാം മഹായുദ്ധം പുറപ്പെട്ടപ്പോൾ അപ്പോൾ തന്നെ യൂറോപ്പിലെ പ്രബല സാമ്പത്തിക ശക്തിയായി മാറിയ ജൂത സമൂഹം ജർമനിക്ക് എതിരെ നിന്നിരുന്ന ബ്രിട്ടൻ പക്ഷത്തിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അതിൻ്റെ പ്രത്യുപകാരം എന്നോണം ബ്രിട്ടൻ്റെ വിദേശ കാര്യ സെക്രട്ടറിയായ ആർഥർ ബൽഫോർട്ട് 1917 – ൽ ബൽഫോർട്ട് ഡിക്ലറേഷൻ എന്നൊരു രേഖ ഉണ്ടാക്കുക ഉണ്ടായി. അതിൻ പ്രകാരം ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബ്രിട്ടന് പൂർണ സമ്മതമാണെന്നും എന്നാൽ അത് പലസ്തീനിലെ നിലവിലുള്ള ജനതയെ ബുദ്ധിമുട്ടിച്ച് കൊണ്ട് ആകരുതെന്നും പറഞ്ഞിരുന്നു. ഇതാണ് ഇസ്രയേൽ എന്ന ജൂത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആദ്യ അധ്യായം.

രണ്ടാം ലോക മഹായുദ്ധവും, ഇസ്രയേൽ രൂപീകരണവും.

ബൽഫോർട്ട് ഡിക്ലറേഷൻ വരുന്നതിന് മുൻപ് തന്നെ പല രാജ്യങ്ങളിലായി കുടിയേറിയിരുന്ന വലിയ വിഭാഗം ജൂത വിഭാഗക്കാർ സയണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി പലസ്തീനിലേക്ക് കുടിയേറുക ഉണ്ടായി. പലിശക്ക് പണം കൊടുത്തും, കച്ചവടങ്ങൾ ചെയ്തും വലിയ രീതിയിൽ ധനം സമ്പാദിച്ചു പോന്ന ഇവർ അടുത്ത അടുത്ത ഭൂമികൾ വലിയ വില കൊടുത്ത് വാങ്ങി കൃഷി തുടങ്ങി. ഇതേ സമയം ഒന്നാം ലോക മഹായുദ്ധത്തോടെ തകർന്ന ഒട്ടോമൻ സാമ്രാജ്യത്തിന് പകരം പലസ്തീനിനെ ഒരു ബ്രിട്ടീഷ് മാൻഡേറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. തുടർച്ചയായുള്ള ഈ വലിയ രീതിയിൽ ഉള്ള കുടിയേറ്റങ്ങൾ മൂലം പല പലസ്തീനിയൻ കർഷകർക്കും വീട് വിട്ട് ഒഴിയേണ്ടി വന്നു, ലോകത്തെ ആകമാന മുള്ള ജൂതരുടെ കയ്യിൽ നിന്ന് സംഭാവന വാങ്ങി ഉണ്ടാക്കിയ ജൂവിഷ് നാഷണൽ ഫണ്ടിലൂടെ നടക്കുന്ന ഈ സംഘടിതമായ കുടിയേറ്റങ്ങൾക്ക് നേരെ അറബ് – ക്രിസ്ത്യൻ വിഭാഗങ്ങൾ ഒരുമിച്ച് നിന്ന് ആൻ്റി – സയണിസ്റ്റ് പ്രക്ഷോഭങ്ങൾ നടത്തി. ഇത്തരം പ്രതിഷേധങ്ങൾ പതിയെ അക്രമ സംഭവങ്ങളിലേക്കും ജൂത കുടിയേറ്റക്കാരും, പ്രധാനമായും പാലസ്തീനി കർഷകരും തമ്മിൽ ഏറ്റുമുട്ടുന്നത് സ്ഥിര സംഭവമായി മാറി.

1930 – കളിൽ ഹിറ്റ്‌ലറിൻ്റെ നേതൃത്വത്തിൽ ഉള്ള നാസി ഭരണകൂടത്തിൻ്റെ കീഴിൽ ജൂതന്മാരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളുന്നതും, ഗ്യാസ് ചേമ്പറുകളിൽ ഇട്ട് കൊല്ലുന്നതും പോലുള്ള നിഷ്ഠൂര കൃത്യങ്ങൾ നടന്ന് പോന്നു, അത് കൊണ്ട് തന്നെ ജൂതർ 1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക മഹായുദ്ധ കാലത്തും ബ്രിട്ടൻ്റെ ഒപ്പമായിരുന്നു. അതേ സമയം ജൂതരുമായി നിരന്തരം ആഭ്യന്തര കലാപത്തിൽ ഏർപ്പെട്ടിരുന്ന പലസ്തീനികളെ എതിർ ചേരിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ല എന്നാണ് ചരിത്രം. യുദ്ധം അവസാനിച്ചതോടെ ലോകത്ത് ആകമാനം ജൂത സമൂഹത്തോട് ഒരു സഹതാപ സഹാചര്യം ഉരിതിരിഞ്ഞു. യൂറോപ്പിലും മറ്റും ആൻ്റി സെമറ്റിസം ഒരു കുറ്റമായി മാറി. അതേ സമയം പലസ്തീൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന ബ്രിട്ടൻ്റെ ശക്തി ക്ഷയിക്കുകയും കലുഷിതമായ പലസ്തീനിൽ നിന്നും ഭരണം പിൻവലിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

അപ്പോഴേക്കും ലോകാതെ ഏറ്റവും വലിയ ശക്തിയായി മാറിയ അമേരിക്ക ജൂതർക്ക് പിന്തുണയായി വരികയും ജൂത രാഷ്ട്രം അഥവ ഇസ്രായേൽ രൂപീകരണത്തിന് കളമൊരുങ്ങുകയും ഉണ്ടായി, അറബ് രാജ്യങ്ങൾ ഈ നീക്കത്തെ ശക്തമായി എതിർത്തെങ്കിലും, അമേരിക്കയുടെ നേതത്വത്തിൽ ഈ വിഷയം യു. എന്നിൽ. അവതരിപ്പിക്കപ്പെട്ടു, അറബ് രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് കൊണ്ട് അമേരിക്കയുടെ സ്വാധീനമുപയോഗിച്ച് പലസ്തീനെ ജൂത രാഷ്ട്രമായും, അറബ് രാഷ്ട്രമായും വിഭാഗിക്കാനും ജറുസലേമിനെ യു. എൻ. ഭരണ പ്രദേശമായി കണക്കാക്കാനുമുള്ള തീരുമാനം പാസായി, ഒടുവിൽ അഭയാർത്ഥികളായി വന്ന് പണമുപയോഗിച്ച് ജൂതർ വാങ്ങിക്കൂട്ടിയ പലസ്തീൻ ഭൂമിയിൽ അവർ ബെൻ ഗുറിയോൺ എന്ന പ്രധാനമന്ത്രിയുടെ നേതത്വതത്തിൽ മെയ് 14, 1948 – ന് രാജ്യം സ്ഥാപിച്ചു. പലസ്തീൻ എന്നത് ചെറിയൊരു പ്രദേശമായി ചുരുങ്ങുകയും ഉണ്ടായി. ഇന്ന് കാണുന്ന മിസൈൽ വർഷങ്ങൾക്കും ബോംബ് ആക്രമങ്ങൾക്കും തുടക്കമിട്ട ആദ്യ നടപടി.

യുദ്ധങ്ങളുടെ കാലം

ഇസ്രായേൽ രാഷ്ട്രം രൂപീകരിച്ചതിൻ്റെ അടുത്ത ദിവസം തന്നെ അറബ് രാജ്യങ്ങളും പലസ്തീനും അവർക്കെതിരെ യുദ്ധത്തിന് പുറപ്പെട്ടു, അതാണ് ആദ്യ അറബ് ഇസ്രയേലി യുദ്ധം. പലസ്തീനിന് ഈ പോരാട്ടം അവരുടെ നിലനിൽപ്പിന് വേണ്ടിയായിരുന്നെങ്കിൽ, അവരുടെ ഒപ്പം ഉണ്ടായിരുന്ന മറ്റ് രാജ്യങ്ങൾക്ക്, തങ്ങളുടെ പ്രദേശങ്ങൾക്ക് ചേർന്നിരിക്കുന്ന ഇസ്രായേൽ – പലസ്തീൻ ഭൂമി വെട്ടി പിടിക്കാൻ ഉള്ള ശ്രമത്തിന് വേണ്ടിയായിരുന്നു. ഈ ഐക്യമില്ലായ്മയും ഇസ്രായേൽ സൈന്യത്തിൻ്റെ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബലവും കലാശിച്ചത് പലസ്തീനിൻ്റെ പരാജയത്തിലും സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ട മറ്റ് രാജ്യങ്ങൾക്ക് അവർക്ക് വേണ്ട ഭൂമിയും ലഭിച്ചു. മാത്രവുമല്ല നേരത്തെ തീർപ്പാകിയതിനേക്കാൾ അധിക പ്രദേശം യുദ്ധത്തിൽ ഇസ്രായേൽ പലസ്തീനിൽ നിന്നും കയ്യടക്കുകയും 400 മുതൽ 600 മുതൽ പലസ്തീനിയൻ ഗ്രാമങ്ങൾ നശിപ്പിക്കുകയും ഉണ്ടായി. അത് മൂലം ഏതാണ്ട് ഏഴ് ലക്ഷത്തിലധികം അതായത് ഏകദേശം പലസ്തീനിൻ്റെ പകുതി ജനസംഖ്യ തങ്ങൾ ജനിച്ച് വളർന്ന നാട്ടിൽ നിന്നും വീടുകളിൽ നിന്നും, സയണിസ്റ്റ് സൈന്യത്തിൻ്റെ അക്രമം മൂലവും മറ്റും അഭയാർത്ഥികൾ ആകേണ്ടി വന്നു.

ദുരന്തം എന്ന് അർത്ഥം വരുന്ന നക്ബ എന്ന പദമാണ് ഈ പാലായനത്തെ അറിയപ്പെടുന്നത്. പിന്നെ നടന്ന ഒരു പ്രധാന യുദ്ധമാണ് 1967 – ൽ ആറ് ദിവസം നീണ്ടു നിന്ന മൂന്നാം അറബ് ഇസ്രായേലി യുദ്ധം, 1956 – ൽ സൂയസ് കനാൽ പ്രതിസന്ധിക്ക് പിന്നാലെ ഉണ്ടായ അസ്വാരസ്യങ്ങളും തുടർന്നുണ്ടായ അതിർത്തി തർക്കങ്ങളും കൊണ്ടെത്തിച്ചത് ഇസ്രായേലിൻ്റെ ഈജിപ്തിനെ നേരെ തൊടുത്ത് വിട്ട ആക്രമണത്തിലാണ്, യുദ്ധത്തിനൊടുവിൽ ഗാസയും, വെസ്റ്റ് ബാങ്കും ഈജിപ്തിൽ നിന്നും ജോർദാനിൽ നിന്നും പിടിച്ച് എടുക്കുകയും അവിടെ ഇസ്രായേൽ കുടിയേറ്റക്കാരെ പാർപ്പിക്കുകയും ചെയ്തതോടെ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ച് കൊടുക്കണം എന്ന യുദ്ധ നിയമം ലംഘിക്കുകയും അതേ സമയം ഒട്ടനവധി പലസ്തീനികൾ അഭയാർത്ഥിത്വത്തിലേക്ക് തള്ളി വിടപ്പെടുകയും ഉണ്ടായി.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി എൽ ഓ) രൂപീകൃതമാകുന്നതും ഈ സമയത്താണ്. ഫത്ത പാർട്ടി പലസ്തീനിൽ അധികാരത്തിൽ വന്നതോടെ പ്രതിരോധം എന്നത് പ്രതികാരത്തിലേക്ക് നീങ്ങുന്നതാണ് കണ്ടത്. 1972 – ലെ മ്യുനിക്ക് ഒളിമ്പിക്സ് ഗ്രാമത്തിലെത്തി ഇസ്രായേൽ അത്‌ലറ്റുകളെ കൊല്ലുന്നത് പോലുള്ള ക്രൂര പ്രവർത്തികൾ പലസ്തീനിയൻ തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായി. അടിക്ക് അടിയും തിരിച്ചടിയും കൂട്ടകൊലകളും കൊണ്ട് നിറഞ്ഞൊരു അശാന്ത കാലമായിരുന്നു പിന്നീടുള്ള വർഷങ്ങൾ. 1973 – ൽ അറബ് മുന്നണി ഒന്നിച്ച് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണത്തലൂടെ യോം കിപ്പുർ യുദ്ധത്തിന് തുടക്കമിട്ടു, അത് കലാശിച്ചത് ക്യാമ്പ് ഡേവിഡ് അക്കോഡ്സ് എന്ന സമാധാന ചർച്ചയിലാണ്. അറബ് ലോകവും ഇസ്രായേലും തമ്മിലുള്ള സമാധാന ശ്രമങ്ങളുടെ കാര്യക്ഷമമായ മുന്നേറ്റമായിരുന്നു ഇത്.

1987 – ൽ ഒരു ഐഡിഎഫ് ( ഇസ്രായേൽ ഡിഫൻസ് ഫോർസ്) വാഹനം ഗാസയിലുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പിൽ വച്ച് അഭ്യാർഥികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയും നാല് പലസ്തീനികൾ മരിക്കുകയും ഉണ്ടായി. ഇത് നേരത്തെ തന്നെ വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള ഇസ്രായേൽ കുടിയേറ്റങ്ങളാൽ പൊറുതി മുട്ടിയ ജനങ്ങളെ ചൊടിപ്പിച്ചു, സ്ത്രീകളടക്കം തെരുവിൽ ഇറങ്ങി ഐഡിഎഫിനെതിരെയും കുടിയേറ്റക്കാർക്ക് എതിരെയും കല്ലുകളും മറ്റ് സ്ഫോടക വസ്തുക്കളും എറിഞ്ഞു കലാപങ്ങളിലും പ്രതിഷേധനങ്ങളിലും ഏർപ്പെട്ടു. ഒന്നാം ഇൻത്തിഫാധ എന്ന് അറിയപ്പെടുന്നത് ഈ പ്രക്ഷോഭത്തെയാണ്. പ്രതിഷേധിച്ച സാധാരണ ജനങ്ങളുടെ മേൽ ഐഡിഎഫ് നിർദാക്ഷിണ്യം മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ക്രൂരമായ ഈ അടിച്ചമർത്തൽ ഇസ്രായേലിൻ്റെ ധാർഷ്ട്യ മുഖം ലോകത്തിന് മുൻപിൽ വെളിവാക്കി, ഒടുവിൽ സമാധാന ചർച്ചകൾക്കും ടു സ്റ്റേറ്റ് എന്ന ആശയത്തിനും ഇസ്രായേലിന് വഴങ്ങേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്, അത് വഴി തുറന്നത് 1991 – ലെ മാഡ്രിഡ് കോൺഫ്രൻസിനും 1993 – ലെ ഓസ്ലോ അക്കോഡ്‌സിനും.

(തുടരും)

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares