ജെസ്ലോ ഇമ്മാനുവൽ ജോയ്
അന്തരീക്ഷത്തിൽ പടരുന്ന കത്തി എരിയുന്ന മനുഷ്യ മാംസത്തിൻ്റെ ഗന്ധം. മിസൈൽ വർഷത്തിൻ്റെ ഉഗ്ര ശബ്ദം ഉണ്ടാക്കിയ ഞെട്ടൽ വിട്ടു മാറാതെ തരിച്ചു നിൽക്കുന്ന കുട്ടികളുടെ മണ്ണിലും ചൊരയിലും കുതിർന്ന മുഖങ്ങൾ. സ്വന്തം നാട്ടിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ട, ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിച്ചത് എല്ലാം ഇട്ടെറിഞ്ഞ് രാജ്യത്തിൻ്റെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പല തവണ പാലായനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ. 1948 മുതൽ ഇങ്ങോട്ട് പലപ്പോഴായി പലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതയാതനയുടെ ചിത്രമാണിത്.
ഏഴ് ദശാബ്ദക്കാലമായി തുടരുന്ന ഈ വംശഹത്യയുടെ ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞ വർഷം ഇതേ സമയത്ത് തുടക്കമിട്ടത്. ഹമാസിൻ്റെ പേര് പറഞ്ഞ് ഗാസയുടെ വടക്കൻ മേഖലയെ നിഷ്പ്രഭമാക്കി അവിടുത്തെ ജനങ്ങളെ ഓടിപ്പിച്ചപ്പോൾ മൗനം പാലിച്ച പല ലോക നേതാക്കളും വർഷം ഒന്ന് കഴിയുമ്പോൾ സങ്കട സന്ദേശങ്ങളുമായി മുൻപന്തിയിലുണ്ട്. പക്ഷേ ഇന്ത്യയിലെ സംഘ പരിവാർ അനുകൂലികൾ ഇപ്പോഴും ഈ ക്രൂര വംശഹത്യക്ക് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്.
അഭയാർത്ഥി ക്യാമ്പുകളെ കേന്ദ്രീകരിച്ചുള്ള വംശഹത്യ
Ghettoization അഥവാ ഗെറ്റോവൽക്കരണം. ജൂതന്മാരെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഗെറ്റോകൾ എന്നറിയപ്പെടുന്ന ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് തുരത്തുന്ന നാസി ജർമ്മനിയിലെ ഒരു വംശഹത്യ രീതി. ഇത്തരം ഗെറ്റോകളിലേക്ക് എത്തുന്ന ഒരു ജൂതൻ നടന്നടുക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ജീവിത സാഹചര്യങ്ങൾ മൂലമോ, കോൺസെൻട്രേഷൻ ക്യാമ്പുകളിലെ വിഷ വാതകങ്ങൾ മൂലമോ ഉള്ള മരണത്തിലേക്കാണ്. തങ്ങളുടെ പൂർവികർ നേരിട്ട അതേ ക്രൂര നടപടിയാണ് ഇസ്രായേൽ ഇന്ന് പലസ്തീൻ ജനതയ്ക്ക് മുകളിലേക്ക് ചുമത്തുന്നത്. ഒക്ടോബർ ഏഴിൻ്റെ പേരിൽ ഹമാസിനെ തുരത്തുക എന്ന ലക്ഷ്യം വച്ച് ഇസ്രായേൽ സൈന്യം ആദ്യം മിസൈൽ ഇട്ടത് ഗാസയുടെ വടക്കൻ പ്രദേശങ്ങളിലാണ്. അന്ന് അവിടെ കഴിഞ്ഞിരുന്ന പലസ്തീൻ ജനതയോട് വാദി ഗാസ നദിയുടെ തെക്കൻ പ്രദേശങ്ങളില്ലേക്ക് നീങ്ങാൻ സൈന്യം നിർദേശിക്കുകയായിരുന്നു.
എന്നാൽ തെക്ക് റഫയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാലായനം ചെയ്ത് എത്തിയ അവർക്ക് നേരിടേണ്ടി വന്നത് ഇതേ മിസൈലുകളും ബോംബുകളെയുമാണ്. പിന്നീട് ഗാസയുടെ മധ്യ ഭാഗത്തിന് അടുത്തുള്ള ഖാൻ യൂണിസിലേക്കും, ദെയിറ അൽ ബലയിലേക്കും മറ്റും അഭയം തേടി പോയപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. നിലവിൽ ഭൂരിഭാഗം വരുന്ന ഗാസയിലെ അഭയാർഥികൾ മെഡിറ്ററേനിയൻ കടലിന് സമീപം ഉള്ള ഒരു ഇടുങ്ങിയ പ്രദേശത്ത് തിങ്ങി പാർക്കുന്ന സാഹചര്യമാണ് ഉള്ളത്. പിറന്ന് വീണ നാട്ടിൽ നാസി ഗേറ്റോകളെ ഓർമിപ്പിക്കും വണ്ണം വൃത്തിഹീനവും, അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു ജീവിത സാഹചര്യങ്ങളിലേക്കാണ് ഗാസ നിവാസികളെ തള്ളി വിട്ടിരിക്കുകയാണ് ഇസ്രായേൽ. നിരത്തുകളിൽ കൂടാരമടിച്ചും, സന്നദ്ധ സംഘടനകൾ കൊണ്ട് വരുന്ന ഭക്ഷണത്തിലൂടെയുമാണ് അവർ ജീവൻ നിലനിർത്തുന്നത്.
എന്നാൽ ഭക്ഷണം കൊണ്ടുവരുന്ന വാഹനങ്ങളെ കസ്റ്റംസ് നിയമ കുരുക്കുകളിലൂടെ ഇസ്രായേൽ സൈന്യം പലപ്പോഴായും മുടക്കുന്നതും നമുക്ക് കാണാൻ സാധിക്കുന്നു. ലളിതമായി പറഞ്ഞാൽ മിസൈലുകളും ബോംബുകളും വർഷിച്ച് പലസ്തീൻ ജനതയെ തങ്ങളുടെ സ്വദേശങ്ങളിൽ നിന്ന് ഓടിച്ച് രാജ്യത്തിൻ്റെ ഒരു ഇടുങ്ങിയ പ്രദേശത്തേക്ക് എത്തിക്കുകയാണ് ഇസ്രായേലിൻ്റെ ലക്ഷ്യം. അതിന് ശേഷം അവരെ അവിടെ പട്ടിണിക്കിട്ടും, ആയുധം ഉപയോഗിച്ചും വംശഹത്യ ചെയ്യുക. മനുഷ്യത്ത രഹിതമായ ഇസ്രായേലിൻ്റെ ഈ നരാധമന പ്രവർത്തനങ്ങൾക്ക് ഇപ്പോഴും നമ്മുടെ നാട്ടിൽ പോലും പിന്തുണ ലഭിക്കുന്നു എന്നാണ് മറ്റൊരു വസ്തുത.
സംഘപരിവാറിൻ്റെ പ്രിയപ്പെട്ട ഇസ്രായേൽ
” കശ്മീരിൽ വേണ്ടത് ഇസ്രായേൽ മാതൃകയിൽ ഉള്ള പരിഹാരമാണ് ” കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു പോഡ്കാസ്റ്റ് ചർച്ചയിൽ തീവ്ര വലത് പക്ഷ എഴുത്തുകാരനും, നിരീക്ഷകനുമായ ആനന്ദ് രംഗനാഥൻ്റെ വാക്കുകളാണിത്. റഫയ്ക്ക് പിന്നാലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിൻ്റെ ഈ പ്രസ്താവന. ബിജെപി – സംഘ പരി സന്തത സഹചാരികളുടെ ഇസ്രായേൽ – പലസ്തീൻ വിഷയത്തിലെ പൊതുവായ നിലപാടാണിത്. രാഷ്ട്രീയമായ ഒരു വിഷയത്തെ മതത്തിൻ്റെ ചാപ്പ കുത്താൻ ശ്രമിക്കുകയാണ് തീവ്ര ഹിന്ദുത്വ വാദികൾ.
അതേ സമയം കാസ അടക്കമുള്ള ചില തീവ്ര ക്രിസ്ത്യൻ സംഘടനകളും അവരുടെ അനുയായികളും ഇവരുടെ പിന്നാലെ കൂടിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾ മൂലം മരിച്ചു വീഴുന്നവരുടെ അറബ് പേരുകൾ കാണുമ്പോൾ അതിൽ സന്തോഷം കണ്ടുത്തകയാണ് ഈ കൂട്ടർ. പക്ഷേ അതിൽ പലസ്തീനിലെ ക്രിസ്ത്യാനികളും ഉണ്ടെന്ന വസ്തുത അവർ മറക്കുന്നു. ക്രിസ്ത്യാനിയായ ഷിറീൻ അബ്ദുൾ അക്ലേഹ് എന്ന പലസ്തീനിയൻ മാധ്യമ പ്രവർത്തക ഇസ്രായേൽ പട്ടാളം വെടി വച്ച് കൊന്നപ്പോൾ അവിടെ പേര് നോക്കി അഹ്ലാദിക്കുകയായിരുന്നു ഇവിടുത്തെ തീവ്ര വലതുപക്ഷത്താൽ വിഴുങ്ങപ്പെട്ട ക്രിസ്ത്യാനികൾ. അതേ സമയം ഭരണ തലത്തിൽ കാലങ്ങളായുള്ള ഇന്ത്യയുടെ പലസ്തീൻ അനുകൂല നിലപാടിനെ കേന്ദ്രം ഭരിക്കുന്ന മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാർ കാവിവൽക്കരിച്ചിരിക്കുകയാണ്. പലസ്തീനിൽ ഇസ്രായേലിൻ്റെ അധിനിവേശത്തിന് എതിരെ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോൾ ഇന്ത്യ വിട്ട് നിന്നത് അതിൻ്റെ ഭാഗമായിട്ടാണ്.
ഇസ്രായേൽ – ഹമാസ് പ്രശനങ്ങൾ തുടങ്ങിയ സമയം മുതൽ ഇസ്രായേലിനെതിരെ വരുന്ന പ്രമേയങ്ങളിൽ ഒക്കെ ഇന്ത്യയുടെ നിലപാട് ഇതാണ്. നെഹ്റുവിയൻ കാലാഘട്ടത്തിൽ സാമ്രാജ്യത്വ വിരുദ്ധ നയങ്ങളുടെ പ്രധാന വക്താക്കളായിരുന്ന പൂർവ്വകാല ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ന് അധിനിവേശ ശ്രമങ്ങൾക്ക് മൗനാനുവാദം നൽകുന്ന വേട്ടക്കാരുടെ പട്ടികയിലേക്ക് രാജ്യത്തെ തള്ളി വിട്ടിരിക്കുകയാണ് തീവ്ര വലത് പക്ഷം ഭരിക്കുന്ന കേന്ദ്ര സർക്കാർ. അതേ സമയം മോദിയുടെ ഏറ്റവും പ്രിയപ്പെട്ട കോർപ്പറേറ്റ് സുഹൃത്തായ അദാനി ഇസ്രായേലിന് ഡ്രോണുകൾ വിൽക്കുന്ന വാർത്തയും മാധ്യമങ്ങളിൽ വരിക ഉണ്ടായി. യുദ്ധത്തിന് വേണ്ടിയുള്ള ഡ്രോണുകൾ അല്ല ഇവ എന്ന് അദാനി ഗ്രൂപ് പറയുന്നുണ്ടെങ്കിലും. ഇവ ഇസ്രായേലിലേക്ക് കയറ്റി അയക്കുന്നത് ആയുധ ലൈസൻസ് ഉപയോഗിച്ച് കൊണ്ടാണ്. തൻ്റെ സുഹൃത്തായ അദാനിക്ക് വേണ്ടി ഏത് അറ്റം വരെയും പോകുന്ന മോദിയെ നമ്മൾ പൂർവകാലങ്ങളിൽ കണ്ടിട്ടുള്ളതാണ്. അതും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ വിട്ടു നിൽക്കലും ചേർത്ത് വച്ചാൽ ആർക്ക് വേണ്ടിയാണ് കേന്ദ്രം രാജ്യത്തിൻ്റെ വിദേശ നയം മാറ്റിയത് എന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
സർവ്വത്ര നാശം വിതച്ച് കൊണ്ട് ഇസ്രായേൽ
ഇസ്രായേലിൻ്റെ വടക്കേ അതിർത്തി പങ്കിടുന്ന രാജ്യമായ ലെബനോണിലെ തീവ്രവാദി സംഘടനയാണ് ഹിസ്ബുല്ല. ഇസ്രായേൽ – ഹമാസ് പ്രശ്നം തുടങ്ങിയ ദിവസം മുതൽ ഹമാസിന് പിന്തുണയുമായി വടക്കേ അതിർത്തിയിൽ ഇസ്രായേലിനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ. നിലവിൽ ഹിസ്ബുള്ളയെ വടക്ക് നിന്ന് ഉന്മൂലനം ചെയ്ത് അവിടെ സെറ്റിൽമെൻ്റുകൾ തുടങ്ങാനുള്ള ശ്രമങ്ങളിൽ ഏർപ്പെടിരിക്കുകയാണ് ഇസ്രായേൽ. അതിനായി, ” ഹമാസ് ഉന്മൂലനം ” എന്ന പേരിൽ ഗാസയെ ചുട്ടെരിച്ച ഇസ്രായേൽ ഇപ്പോൾ ” ഹിസ്ബുള്ള ഉന്മൂലന ” ത്തിൻ്റെ പേരിൽ ലെബനോൺ ജനതയെ കൊന്നൊടുക്കുകയാണ്. ആദ്യം പേജർ പൊട്ടിത്തെറികളിലൂടെയും, പിന്നീട് മിസൈൽ വർഷത്തിലൂടെയുമാണ് ഇസ്രായേൽ ഇത് നടപ്പാക്കി പോരുന്നത്. മ്യൂണിക്ക് ഒളിമ്പിക്സിൽ പങ്കെടുത്ത ഇസ്രായേൽ കായിക താരങ്ങളെ വക വരുത്തിയ തീവ്രവാദികളെ ഇരു ചെവിയറിയാതെ വക വരുത്തിയ ചരിത്രം മൊസാദിനുണ്ട്.
എന്നാലും, ഹമാസിനെയും, ഹിസ്ബുള്ളയേയും നശിപ്പിക്കാൻ ഇസ്രയേലിന് ഒരു പ്രദേശം തന്നെ നശിപ്പിക്കേണ്ടി വരുന്നു എന്നതിലാണ് വിരോധാഭാസം. തങ്ങളുടെ പൗരന്മാർക്ക് സ്ഥലമൊരുക്കാൻ ആയുധമെടുക്കുന്നതിനെ ന്യായീകരിക്കുന്ന ഇസ്രായേൽ. പക്ഷേ, പാലസ്തീൻ ജനത തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ കടന്ന് കയറിയ ഇസ്രയേലിനെ പ്രതിരോധിക്കുന്നതിനെ തീവ്രവാദ പ്രവർത്തനമായി വിശേഷിപ്പിക്കുന്നു.
ഉപസംഹാരം
ജീവൻ മാത്രം കയ്യിൽ പിടിച്ച് കൊണ്ട് മിസൈലിൻ്റെ മൂളലുകളും മുരൾച്ചകളും കേട്ട് ഭയന്ന് തെരുവിൽ കൂടാരങ്ങളിൽ പാർക്കുന്ന അവർക്ക് ഇനി പോകാൻ മറ്റൊരു ഇടമില്ല. ആശുപത്രികളും, സ്കൂളുകളും വരെ സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ. പാലസ്തീൻ ഉന്മൂലനം അതിൻ്റെ സമ്പൂർണതയിലേക്ക് എത്തിക്കുന്ന ഇസ്രായേൽ, ലെബനോണിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിക്കുമ്പോൾ ഒറ്റ നിമിഷം കൊണ്ട് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരും മരിച്ചു വീഴുന്നതും ആയിരങ്ങളാണ്. ആയുധ കച്ചവടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്ക ഉൾപ്പടെ ഉള്ള രാജ്യങ്ങൾക്കും, ഇന്ത്യയിൽ അടക്കമുള്ള കുത്തക മുതലാളിമാർക്കും ഇത് ലാഭം കൊയ്യാനുള്ള സുവർണ്ണ അവസമരാണ്.
മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകളെ പോലെ അവർ മരിച്ചു വീഴുന്ന പാവപ്പെട്ട സാധാരണക്കാരൻ്റെ രക്തത്തിന് വില ഇടുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ ലാഭത്തെ ഹനിക്കുന്ന ഒരു വെടി നിർത്തലിനോ, സമാധാന ചർച്ചയ്ക്കോ ഇവർ മുൻകൈ എടുക്കുമെന്ന പ്രതീക്ഷ വേണ്ട. നരാധമാനായ നെതന്യാഹുവിനെ നിയമത്തിന് മുൻപിലേക്ക് കൊണ്ട് വരാൻ ശ്രമിച്ച അന്താരാഷ്ട്ര നീതി ന്യായ കോടതിയെ വരെ അവർ ശിതിലമാക്കി. യുദ്ധങ്ങൾ അവസാനിപ്പിക്കാൻ രൂപം കൊണ്ട ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറിലിനെ ഇസ്രായേൽ തങ്ങളുടെ രാജ്യത്ത് കടക്കുന്നത്തിൽ നിന്ന് വിലക്കിയിട്ടും ഇവിടെ ആർക്കും ഒരു രോഷവുമില്ല, പ്രതിഷേധവുമില്ല. കാരണം അവർ കൊന്ന് തള്ളുന്നത് സ്വർണ തലമുടിയും, നീല കണ്ണുകളുമുള്ള തങ്ങളുടെ പാശ്ചാത്യ സുഹൃത്തുക്കളെ അല്ലല്ലോ.