Friday, November 22, 2024
spot_imgspot_img
HomeOpinionതൊഴിലാളികൾക്ക് കാവൽ നിന്ന കാനം

തൊഴിലാളികൾക്ക് കാവൽ നിന്ന കാനം

ടി കെ മുസ്തഫ വയനാട്

സാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങൾക്ക് കരുത്തായിരുന്ന കാനം ഇനി ജ്വലിക്കുന്ന ഓർമ്മ. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്ന സഖാവ് കാനം രാജേന്ദ്രൻ മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കരുത്ത് പകരുകയും തൊഴിലാളി വർഗ്ഗ ക്ഷേമത്തിനായി മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ത്യാഗോജ്ജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത നേതാവാണ്.

വിദ്യാർത്ഥി ആയിരിക്കെ തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങളോട് തോന്നിയ അഭിനിവേശം അവരിൽ ഒരാളാകാനുള്ള മോഹമുണർത്തുകയും ഹൈ സ്കൂൾ വിദ്യഭ്യാസ കാലം മുതൽക്കേ തൊഴിലാളി നേതാക്കന്മാരുമായി വൈകാരിക ബന്ധം പുലർത്തിപ്പോരുകയും ചെയ്തിരുന്നു.

1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാവുകയും പി ബാലചന്ദ്രമേനോൻ, കെ എ രാജൻ, പി ഭാസ്കരൻ, കല്ലാട്ട് കൃഷ്ണൻ,ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻ നിര നേതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

2006 ൽ എ ഐ ടി യു സി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം തൊഴിലാളി വർഗ്ഗത്തിന്റെ സമര പോരാട്ടങ്ങളിൽ കൂടുതൽ നിശ്ചയ ദാർഡ്യത്തോടെ നിലയുറപ്പിക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അവരുടെ വിശ്വാസം ആർജ്ജിച്ചെടുക്കുകയും ചെയ്തിരുന്നു കാനം.

തോട്ടം മാനേജർ ആയ പിതാവിനൊപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടറിഞ്ഞ സഖാവ് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ ജീവിതാവസാനം വരെ സജീവ സാന്നിദ്ധ്യമായത് ബാല്യം മുതൽ കാണാനിട വന്ന തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ തന്നിൽ സൃഷ്ടിച്ച വർഗ്ഗ ബോധത്താൽ ആയിരുന്നു. നിയമ സഭ സാമാജികനായിരിക്കെ നിർമാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽ വരുന്നത്.

ലോകത്തെവിടെയായാലും ജോലി ചെയ്താലുള്ള കൂലി തൊഴിലാളികളുടെ അവകാശമാണെന്നും ഏത് മുന്നണി വന്നാലും തൊഴിലാളികൾ സമരം ചെയ്യുമെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സമരങ്ങളിലൂടെയാണ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുത്തതെന്നും
കെഎസ്ആർടിസി തൊഴിലാളികളുടെ സമരത്തെ പിന്തുണച്ച് കൊണ്ട് പ്രഖ്യാപിച്ചപ്പോൾ കേരളം കണ്ടു ആ നിലപാടുകളിലെ കാർക്കശ്യം.

സിനിമ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടന രൂപീകരിക്കാൻ ശ്രമിച്ചുവെന്നതി​ന്റെ പേരിൽ ബഹിഷ്കരണം നേരിടേണ്ടി വന്ന സംവിധായകൻ വിനയന് വേണ്ടി വാദിക്കാൻ കാനം മുൻ നിരയിലുണ്ടായിരുന്നു. സിനിമ മേഖലയിൽ നിലനിൽക്കുന്നത് നാടുവാഴിത്തമാണെന്നാണ് അന്ന് സഖാവ് തുറന്നടിച്ചത്. മലയാള സിനിമയിൽ വിനയനും തിലകനും വിലക്കേർപ്പെടുത്തിയ കാലത്ത് സിനിമ മേഖലയിലെ വമ്പൻ സ്രാവുകൾക്കെതിരെ പ്രതികരിക്കാൻ പലരും മടിച്ചു നിന്ന വേളയിൽ ആയിരുന്നു കാനത്തിന്റെ അഭിപ്രായ പ്രകടനമെ ന്നോർക്കണം!

മൾട്ടി ലെവൽ മാർക്കറ്റിംഗ് മേഖലയിലെ യൂണിയൻ രൂപവത്കരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അക്കാലത്ത് രൂക്ഷമായ വാഗ്വാദങ്ങളും സംവാദങ്ങളുമാണ് ഉയർന്നു വന്നത്. ഏത് പ്രതിസന്ധി ഘട്ടം തരണം ചെയ്യാനും തന്റേതായ ശൈലിതന്നെ കണ്ടെത്തുമായിരുന്ന കാനം അവിടെയും പതറിയില്ല.

തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിപ്പിക്കാൻ മുൻ നിരയിൽ നില കൊണ്ട സഖാവ് തോട്ടം മേഖലയുടെ സമഗ്ര പുരോഗതിക്ക് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവാനായിരുന്നു.

തൊഴിൽ തർക്കങ്ങളിൽ എക്കാലവും സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയിട്ടുള്ള കാനം ബ്രഹ്മോസിൽ ട്രേഡ് യൂണിയൻ അവകാശം സ്ഥാപിച്ചെടുത്തതിലും നിർണ്ണായക പങ്കാണ് വഹിച്ചത്. എഐടിയുസി ജനറൽ സെക്രട്ടറി ആയിരിക്കെ അസംഘടിത മേഖലയിൽ നിരവധി യൂണിയനുകൾ സ്ഥാപിച്ച കാനം പുതുതലമുറ ബാങ്കുകൾ, ഐ.ടി, സിനിമ എന്നീ മേഖലകളിലും യൂണിയൻ രൂപീകണത്തിന് മുൻ കയ്യെടുത്തു.

‍ആഗോള വത്കരണത്തിന്നെതിരെ തൊഴിലാളി വർഗ്ഗത്തെ സമര പാതയിൽ എത്തിക്കുന്നതിൽ നേതൃത്വ പരമായ പങ്ക് വഹിച്ച കാനം ഇടത് പക്ഷ മൂല്യങ്ങൾ ചോരാതെ പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിന് വിട്ടുവീഴ്ചകൾക്ക് വിധേയനാവാത്ത നേതാവ് കൂടിയായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ തൊഴിലാളികളെ ആഴമായി സ്നേഹിച്ച സഖാവ് വാക്കിനാലുള്ള വർണ്ണനകൾക്കും മനസ്സിനാലുള്ള നിരൂപണങ്ങൾക്കുമപ്പുറത്തെ വിസ്മയമാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares