ചുരുങ്ങിയ വാക്കുകളിൽ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രയോഗങ്ങൾ നടത്തുന്നതിൽ സഖാവ് കാനം രാജേന്ദ്രന് പ്രത്യേക കഴിവുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതൽ മാധ്യമങ്ങൾ വരെ ആ വാക്ക് കനത്തിന്റെ കരുത്തറിഞ്ഞു. കെ റെയിൽ പദ്ധതി തകർക്കാൻ ബിജെപി കച്ചകെട്ടി ഇറങ്ങിയപ്പോൾ കേന്ദ്ര മന്ത്രി മുരളീധരനോട് ഒരൊറ്റ ഡയലോഗിൽ കാനം കാര്യം പറഞ്ഞു. പ്രസംഗത്തിനു വേഗത കൂടിയാൽ ട്രെയിനിനു കൂടണമെന്നില്ല. അതിൽ എല്ലാമുണ്ടായിരുന്നു, കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാൻ ശ്രമിക്കേണ്ട എന്ന മുന്നറിയിപ്പ്.
സർക്കാരിനെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്നു കച്ചകെട്ടി ഇറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലതവണ കാനത്തിന്റെ കനത്ത വാക്കിന്റെ ഇരയായിട്ടുണ്ട്. ആദ്യ ചാൻസിലർ മഹാരാജാവ് ആയാൽ ബാക്കിയുള്ളവരെല്ലാം മഹാരാജാക്കന്മാർ ആകുമോ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാനോട് സഖാവിന്റെ ചോദ്യം. ആ പോക്ക് പോയ ഗവർണർ പിന്നീട് കാനത്തെ ചൊറിയാൻ നിന്നിട്ടില്ല.
ബിജെപി മത രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കയ്യും കെട്ടി നോക്കി ഇരിക്കരുതെന്നു എല്ലാ പ്രസംഗങ്ങളിലും അദ്ദേഹം തറപ്പിച്ചു ആഹ്വനം ചെയ്തു.
ഇടത് നയങ്ങളിൽ നിന്ന് മാറുന്നു എന്ന് തോന്നിയാൽ സർക്കാരിനെതിരെ വടി എടുക്കാൻ സഖാവിനു ഒരു മടിയും ഇല്ലായിരുന്നു. സർക്കാർ നയത്തിന് വിരുദ്ധമായ പരിഷ്കാരങ്ങൾ വേണ്ടെന്നു അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
കേരളത്തെ നടുക്കിയ നരബലി സംഭവം നടന്നപ്പോൾ അദ്ദേഹം പറഞ്ഞു, ‘കുഴിയാനകൾ ആകരുത്, വിശ്വാസം അന്ധമാകാൻ പാടില്ല’, അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്കല്ല, മാനവികതയുടെ ലോകത്തേക്കാണ് നടക്കേണ്ടത് എന്ന കൃത്യമായ സന്ദേശം അതിലുണ്ടായിരുന്നു. കേരളം വഴി തെറ്റുമെന്ന് തോന്നുമ്പോൾ വാക്ക് കൊണ്ട് വടിയെടുക്കാൻ സിപിഐയുടെ പ്രിയപ്പെട്ട കാനം ഇനിയില്ല…