അലൻ പോൾ വർഗീസ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക് പ്രവേശിക്കപ്പെടുന്ന ലോകം അനുഭവിച്ച ഒരു ദുരന്തം ലിബറൽ അക്കാഡമിക്ക് രീതികളും സമീക്ഷകളും ചരിത്രത്തെ ആഴത്തിൽ പരിശോധിക്കാതെ കേവലം ഉപരിപ്ലവമായ രീതിയിൽ കാര്യങ്ങൾ പറയുകയും പലതിനെയും റദ്ദ് ചെയ്യുന്ന പൊതുബോധ നിർമാതാക്കളുടെ ഉദയമാണ്.
ഹോഴ്സ് ഷൂ തിയറി മുന്നോട്ട് വയ്ക്കുന്ന വികലമായ ചരിത്ര ആഖ്യാനരീതികൾ ആണ് പുനർവായനയുടെ പേരിൽ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. ഫാസിസവും മാർക്സിസവും ചരിത്രപരമായി പരസ്പരം സംഘർഷത്തിലായിരിക്കെ രണ്ടും ഫലത്തിൽ ഒന്നാണ് എന്ന വ്യാഖ്യാനം ഇന്ന് വ്യാപകമാണ്. മുസോളിനി തന്നെ ഫാസിസം എന്നാൽ ഭരണകൂടവും കോർപറേറ്റുകളും തമ്മിൽ സംഭവിക്കുന്ന ലയനമാണ് എന്ന് എഴുതിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കോർപറേറ്ററുകൾക്ക് എതിരെ നഖശിഖാന്തം ശബ്ദിക്കുന്ന മാർക്സിസം എങ്ങനെയാണ് ഫാസിസത്തിന് സമമാകുക ?
ഇത്തരം ഹോഴ്സ് ഷൂ സിദ്ധാന്തങ്ങൾ മൂലം പ്രശ്നവത്ക്കരിക്കപ്പെട്ട ചരിത്ര വ്യക്തിയാണ് ലെനിൻ. എന്ത് കൊണ്ട് അത്തരം വാദങ്ങൾക്ക് എതിരെ എഴുതണം ? കാരണം ചരിത്രം ദുർവ്യാഖ്യാനം ചെയ്യപ്പെടാതിരിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ലെനിനെ എന്ന് മാത്രമല്ല സ്വാതന്ത്യാനന്തര ഇന്ത്യയുടെ ചരിത്രവും ദുർവ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വളരെ ഉപരിപ്ലവമായി മാത്രം കാര്യങ്ങളെ കാണുമ്പോൾ നമ്മൾ റദ്ദ് ചെയ്യുന്നത് നമ്മുടെ തന്നെ കൊളോണിയൽ വിരുദ്ധ ചരിത്രത്തെയാണ്.
ലെനിൻ സോവിയറ്റ് യൂണിയന്റെ ശിൽപിയും മാർക്സിസത്തെ കൂടുതൽ വികസിപ്പിച്ച രാഷ്ട്രീയകാരനും തത്വചിന്തകനും മാത്രമല്ല, ഭൂമിയിലെ ഭൂരിപക്ഷം മനുഷ്യരുടേയും വിഷമങ്ങൾക്ക് കാരണമായ സാമ്രാജ്യത്വത്തെ കൃത്യമായി വിശകലനം ചെയ്ത് അതിനെ എങ്ങനെ നേരിടണം എന്നും ചിന്തിക്കുകയും ഒരു വഴി കാണിക്കുകയും ചെയ്ത് കൊടുത്ത വിമോചനവാദിയാണ്. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും അവരുടെ വിമോചനത്തിന് വേണ്ട മാർഗ്ഗങ്ങൾ രൂപപ്പെടുത്താൻ ശ്രദ്ധ കൊടുത്ത ലെനിനെ കോമിന്റെൺ ചരിത്രവും എം എൻ റോയിയുടെ പുസ്തകങ്ങൾ വായിക്കുന്നവർക്കും കാണാൻ സാധിക്കും.
ലെനിൻ ഏകാധിപതിയാണ്, ജനാധിപത്യ വിരുദ്ധനാണ് , ഫാസിസ്റ്റാണ് എന്ന് കരുതുന്നവർ ഒരു രീതിയിൽ റദ്ദ് ചെയ്യുന്നത് ഇന്ത്യയടക്കമുള്ള കോളനി പൂർവ രാജ്യങ്ങളുടെ സ്വാതന്ത്യ സമര പോരാട്ടത്തിന്റെ ചില ഘടകങ്ങളെയാണ്.
ഡബ്യു ഇ ബി ഡുബോയ്സ്, ഹ്യൂയെ ന്യൂട്ടൺ , ക്വമേ ട്യുരെ, ആൻജെലിന ഡേവിസ് തുടങ്ങി ആഫ്രോ അമേരിക്കൻ വിമോചന നേതാക്കൾ ലെനിന്റെ ആരാധകർ മാത്രമായിരുന്നില്ല. അമേരിക്കയിലെ സുപ്രസിദ്ധ ബ്ലാക് പാന്തർ പാർട്ടിയുടെ പഠന ക്ലാസുകളിലെ സുപ്രധാന പഠന മെറ്റീരിയൽ ലെനിന്റെ കൃതികൾ ആയിരുന്നു. അതിർത്തികൾക്കോ ബാരക്കുകൾക്കോ തടഞ്ഞു നിർത്താൻ സാധിക്കാത്ത ലെനിൻ ലോകം മുഴുവൻ നടക്കുകയാണ് എന്ന് ആഫ്രോ അമേരിക്കൻ വിമോചന സാഹിത്യത്തിലെ പ്രധാനിയായ ലംഗ്സ്റ്റൻ ഹ്യുഗ്സ് എഴുതിയത് കോളനിവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ പോരാട്ടത്തെ ലെനിൻ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ പ്രതിഫലനമാണ്.
ലെനിനും ബോൾഷെവിക് വിപ്ലവവും ഇന്ത്യയിലെയും മറ്റ് കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളുടെ സ്വാതന്ത്യ സമര പോരാട്ടങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് നോക്കാം.
ലോകത്ത് സാമ്രാജ്യത്വവും കോളനിവത്‌ക്കരണവും എതിർക്കപ്പെടരുത് എന്നും അതാണ് മികച്ച വ്യവസ്ഥകൾ എന്നും അവയുടെ ഗുണങ്ങൾ നമ്മൾ സ്വാംശീകരിക്കാൻ ശ്രമിക്കണം എന്ന് പ്രചരിപ്പിച്ചവരിൽ കൊളോണിയൽ ശക്തികൾ മാത്രമല്ല, അവരുടെ ചട്ടുകങ്ങളായി പ്രവർത്തിച്ച തദ്ദേശ പൊതുബോധ നിർമാണ ശക്തികളും ഉണ്ടായിരുന്നു.
എന്തായിരുന്നു അന്നത്തെ കൊളോണിയലിസം ? ചരിത്രകാരനായ ബിപൻ ചന്ദ്ര India”s Struggle for Independence ൽ എഴുതുന്നു ” They were able to see that colonialism no longer worked through crude tools of plunder and tribute and mercantilism but operated through the more disguised and complex mechanism of free trade and foreign capital investment. The essence of 19th century colonialism they said lay in the transformations of India into a supplier of food stuffs and raw materials to the metropolis a market of metropolitan manufacturers and a field of investment of British Capital. “
മെർക്കെന്റലിസത്തിൽ നിന്ന് മാറി സ്വതന്ത്ര കമ്പോളത്തെയും വിദേശ മൂലധന നിക്ഷേപങ്ങളുടെയും രൂപത്തിലാണ് കൊളോണിയലിസം പ്രവർത്തിച്ചിരുന്നത്.
ഈ സ്വതന്ത്ര കമ്പോളത്തിന് ബദൽ ഇല്ല എന്ന് പരക്കെ വിശ്വസിക്കപ്പെടുകയും കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ സ്വാതന്ത്യദാഹികൾ ബദൽ തേടി നടക്കുമ്പോഴാണ് സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടതും തുടർന്ന് ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ സോവിയറ്റ് യൂണിയൻ മാത്രം തകരാതെ നിലനിന്നതും. ഒരു വലിയ രാഷ്‌ട്രീയ – സാമ്പത്തിക ബദൽ എന്ന രീതിയിൽ ലെനിന്റെ തിയറികളെ വീക്ഷിച്ചവർക്ക് ലെനിൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണലിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് കമ്മ്യൂണിസ്റ്റ്കാരും സോവിയറ്റ് യൂണിയനും പിന്തുണ നൽകണം എന്ന് തീരുമാനിക്കുന്നതോടെ കൂടുതൽ ആവേശഭരിതരായി.
1917 ലെ വിപ്ലവത്തിന് ശേഷം ഇന്ത്യയിലും മറ്റ് കോളനിവത്കരിക്കപ്പെട്ട സമൂഹങ്ങളിലും സാമ്രാജ്യത്വവും ഫിനാൻസ് മൂലധനവും അതിനുള്ള ബദലുകളും ചർച്ചയായി. ലെനിന്റെ പുസ്തകമായ Imperialism : The Highest Stage of Capitalism ഇത്തരം ചർച്ചകളുടെ അടിത്തറയായി.
ഇൻഡ്യയിലെ ആദ്യ തൊഴിലാളി ട്രേഡ് യൂണിയനായ എ ഐ ടി യു സിയുടെ സ്ഥാപക സമ്മേളനത്തിൽ ലാല ലജ്പത് റായിയുടെ പ്രസംഗം ഇതിന് തെളിവാണ്. ” സംഘടിത മൂലധനം മനുഷ്യ രാശിയുടെ രക്ത മൂറ്റിയെടുത്തു അവരെ കാൽ കീഴിലാക്കിയിരിക്കുകയാണ്. സാമ്രാജ്യത്വവും സൈനിക വൽക്കരണവും മുതലാളിതത്തിന്റെ ഇരട്ട മക്കളാണ് ..അവ മൂന്നും പിരിയാനാവാത്ത വിധം ബന്ധിതമാണ് – ലാലാ ലജ്പത് റായ് പറഞ്ഞു.”
സാമ്രാജ്യത്വം , മൂലധനം, സ്വതന്ത്ര കമ്പോളം എന്നിവ വലിയ ചർച്ചയായി. സാമ്രാജ്യത്വത്തെ എതിർത്ത് തോൽപിച്ച് കൊളോണിയൽ ശക്തികളെ തുരത്താൻ ലെനിൻ എഴുതിയ National and Colonial Question 1920 ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. ലോകത്തിന്റെ നാനാദിക്കിലുള്ള കമ്മ്യൂണിസ്റ്റ്കാർ മാത്രമല്ല, വിമോചന പോരാളികളും ശ്രദ്ധയോടെ ആ രേഖ വായിച്ചിരുന്നു.
എസ്. എ ഡാങ്കെ, മുസഫർ അഹമ്മദ് ,ശൃങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരുടെ നേത്രത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉയർന്ന് വന്നു. 1925 ൽ കാൺപൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് ശേഷവും റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. 1936 ൽ എ ഐ എസ് എഫും അഖിലേന്ത്യ കിസാൻ സഭയും രൂപം കൊണ്ടപ്പോൾ അവയിലും ബോൾഷെവിക് വിപ്ലവത്തിന്റെ സ്വാധീനങ്ങൾ പ്രകടമായി. കോൺഗ്രസിന് അകത്തും പുറത്തും സോഷ്യലിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ഉണ്ടായി.
സോവിയറ്റ് യൂണിയനെ കുറിച്ചും ബോൾഷെവിക് വിപ്ലവത്തെ കുറിച്ചും ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ പ്രമുഖർ പറഞ്ഞത് എന്തൊക്കെയാണ് എന്ന് അറിയാം
മഹാത്മാഗാന്ധി 1928 നവംബർ 5 ന് യങ് ഇന്ത്യയിൽ ഇങ്ങനെ എഴുതി ” ഹിംസയിലൂടെ ശാശ്വതമായ ഒന്നും കെട്ടിപ്പടുക്കാനാവില്ലെന്നത് എന്റെ ഉറച്ച ബോധ്യമാണ്. പക്ഷേ, അതെന്തായാലും, ബോൾഷെവിക് ആദർശത്തിന് പിന്നിൽ, അതിനായി തങ്ങളുടെ എല്ലാം ത്യജിച്ച എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ ശുദ്ധമായ ത്യാഗം ഉണ്ടെന്ന വസ്തുത ചോദ്യം ചെയ്യേണ്ടതില്ല. ലെനിനെപ്പോലുള്ള ആത്മാക്കളുടെ ത്യാഗങ്ങളാൽ വിശുദ്ധമാക്കപ്പെട്ട ഒരു ആദർശം വെറുതെയാകില്ല.”
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഡിസ്കവറി ഓഫ് ഇന്ത്യയിൽ റഷ്യൻ വിപ്ലവത്തെ പ്രകീർത്തിച്ചു കൊണ്ട് എഴുതി.” സോവിയറ്റ് വിപ്ലവം ഒരു വലിയ കുതിച്ചുചാട്ടത്തിലൂടെ സമൂഹത്തെ മുന്നോട്ട് നയിച്ചുവെന്നും അത് അണയ്ക്കാൻ കഴിയാത്ത ഒരു ജ്വാല കത്തിച്ചുവെന്നും അത് ലോകത്തിന് മുന്നേറാൻ കഴിയുന്ന ആ പുതിയ നാഗരികതയ്ക്ക് അടിത്തറയിട്ടിട്ടുണ്ടെന്നും എനിക്ക് സംശയമില്ല.” നെഹ്റു വളരെ ആഴത്തിൽ സോവിയറ്റ് യൂണിയനെയും ലെനിനെയും ഇഷ്ടപ്പെട്ടിരുന്നു.
1927 ലാണ് ജവഹർലാൽ നെഹ്‌റുവിന്റെ സോവിയറ്റ് യൂണിയനിലേക്കുള്ള ആദ്യ സന്ദർശനം.ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ടതാണ് നെഹ്റു യു എസ് എസ് ആർ സന്ദർശിക്കുന്നത്.
ജോൺ റീഡ് എഴുതിയ ലോകത്തേ പിടിച്ചു കുലുക്കിയ പത്ത് ദിനങ്ങൾ, ലെനിൻ എഴുതിയ ഇമ്പിരിയലിസം ദി ഹൈയ്സ്റ് സ്റ്റേജ് ഓഫ് ക്യാപിറ്റലിസം എന്നീ പുസ്തകങ്ങളിൽ നെഹ്റു അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നെഹ്രുവിന്റെ വാക്കുകളിൽ ” മഹാനായ ലെനിൻ നയിച്ച ഒക്‌ടോബർ വിപ്ലവത്തിന്റെ അതേ സമയത്താണ് ഞങ്ങൾ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പുതിയ ഘട്ടം ആരംഭിച്ചത്. ലെനിന്റെ മാതൃക ഞങ്ങളെ വളരെയധികം സ്വാധീനിച്ചു.”
റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ കശ്മീരിൽ ഉണ്ടായിരുന്നു. കശ്മീരിന്റെ സിംഹം എന്ന് വിളിക്കപ്പെടുന്ന ഷെയ്ഖ് അബ്ദുള്ള ബോൾഷെവിക് വിപ്ലവത്തിൽ ആവേശഭരിതനായി, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളോട് ഒരു പുതിയ കശ്മീരിനായി (നയാ കശ്മീർ )ഒരു പ്രകടനപത്രിക എഴുതാൻ ആവശ്യപ്പെട്ടു. കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെക്കുറിച്ച് പ്രകടനപത്രികയിൽ പ്രത്യേക ചാർട്ടറുകൾ ഉണ്ടായിരുന്നു.
1944-ലെ നയാ കശ്മീർ പരിപാടിയുടെ ആമുഖത്തിൽ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന അബ്ദുള്ള പറഞ്ഞു: “സാമ്പത്തിക വിമോചനത്തിൽ നിന്നാണ് സ്വാതന്ത്ര്യം പിറക്കുന്നത് എന്ന് സോവിയറ്റ് റഷ്യ നമ്മുടെ കൺമുന്നിൽ കേവലം സൈദ്ധാന്തികമായി മാത്രമല്ല, ദൈനംദിന ജീവിതത്തിലും വികസനത്തിലും തെളിയിച്ചു.”
എഴുത്തുകാരനും പത്രപ്രവർത്തകനും ഗ്രന്ഥകാരനും മുൻ ജമ്മുകശ്മീർ സംസ്ഥാന മന്ത്രിയുമായ പീർ ഗിയാസുദ്ദീൻ തന്റെ ” എന്ന പുസ്തകത്തിൽ പറയുന്നത് പോലെ, “കമ്മ്യൂണിസ്റ്റുകൾ 1936 മുതൽ കശ്മീരിൽ പ്രവർത്തിക്കാൻ തുടങ്ങി, അവർ നാഷണൽ കോൺഫ്രൻസ് പാർട്ടിയുമായി അടുത്ത് പ്രവർത്തിച്ചു. കെ എം അഷ്‌റഫ്, ബിപിഎൽ ബേദി, ഫസൽ ഇലാഹി കുർബാൻ, അജോയ് ഘോഷ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ പതിവായി കശ്മീർ സന്ദർശിക്കാറുണ്ട്. 1937-ൽ കെ എം അഷ്‌റഫ് കശ്മീർ സന്ദർശിക്കുകയും നെഹ്‌റു പാർക്കിൽ ഒരു “വിശാലാധിഷ്ഠിത വിദ്യാർത്ഥി സംഘടന” ഉദ്ഘാടനം ചെയ്യുകയും അതിൽ മാർക്സിസ്റ്റ് സാഹിത്യം പ്രത്യേകിച്ച് ലെനിന്റെ ജീവചരിത്രം വിതരണം ചെയ്യുകയും ചെയ്തു.”
1941-ൽ, നാസി ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ, കശ്മീരി കമ്മ്യൂണിസ്റ്റുകൾ,ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് തുടക്കമിട്ടു. പിന്നീട് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ജി എം സാദിഖ് പ്രസിഡന്റും പീർ ഗിയാസുദ്ദീൻ കൺവീനറുമായി.
ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് വായിച്ചിരുന്നത് ലെനിനെ കുറിച്ചുള്ള പുസ്തകമായിരുന്നു. ലെനിന്റെ ഓർമ ദിനവും ഭഗത് സിംഗും സഖാക്കളും ആചരിച്ചത് ഭഗത് സിംഗിന്റെ ബയോഗ്രാഫി എഴുതിയ പ്രൊഫ.ചമൻ ലാലും ഗോപാൽ ടാഗോറും ശരി വയ്ക്കുന്നുണ്ട്. അജോയ് ഘോഷ് , ജമ്മു കശ്മീരിൽ സിപിഐയുടെ സുപ്രധാന നേതാവായി മാറിയ ധന്വന്തരി എന്നിവർ അന്ന് ഭഗത് സിംഗിനൊപ്പം ജയിലിൽ ഉണ്ടായിരുന്നു.
ഡോ ബി ആർ അംബേഡ്കർ പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് സ്വീകരിക്കാൻ കഴിയുന്ന മികച്ച മാതൃകയാണ് സോവിയറ്റ് യൂണിയൻ എന്ന് എഴുതുന്നുണ്ട്.
ആഫ്രോ അമേരിക്കൻ വിമോചന പോരാളികൾ അറിഞ്ഞ ലെനിൻ
ഒരു സമഗ്രാധിപതിയാണ് ലെനിൻ എന്ന വാദത്തെ പരിഗണിക്കാം. ജനാധിപത്യ വിരുദ്ധനും മനുഷ്യാവകാശ ലംഘനവും ലെനിന് മേൽ ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ മനുഷ്യാവകാശത്തിനും മനുഷ്യാന്തസിനും വേണ്ടി നിലകൊണ്ട ആഫ്രിക്കൻ അമേരിക്കൻ ചിന്തകരും രാഷ്ട്രീയ വ്യക്തിത്വങ്ങളും എങ്ങനെയാണ് ലെനിനെയും സോവിയറ്റ് വിപ്ലവത്തെയും കണ്ടിരുന്നത് എന്ന് ചരിത്രത്തിൽ നിന്ന് പരിശോധിക്കാം.
റഷ്യൻ വിപ്ലവവും കോമിന്റേണിന്റെ സൃഷ്ടിയും അക്കാലത്ത് സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ബുദ്ധിജീവികളിലും മറ്റുള്ളവരിലും സ്വാധീനം ചെലുത്തി. എല്ലാ ആഫ്രിക്കൻ രാജ്യങ്ങളുടെയും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന് കോമിന്റേൺ ആഹ്വാനം ചെയ്തിരുന്നു.ഡബ്യു ഇ ബി ഡുബോയ്സ്, മാർക്ക്സ് ഗാർവി പോലുള്ള ആഫ്രിക്കൻ-അമേരിക്കൻ ബുദ്ധിജീവികൾ കോമിന്റേണിന്റെ ആഹ്വാനത്തെ പ്രശംസിച്ചു. പാൻ-ആഫ്രിക്കൻ കോൺഗ്രസിന്റെ തലവനായിരുന്നു ഡുബോയിസ്. ലെനിൻ 1920-ൽ അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ കിഴക്കിന്റെ കോൺഗ്രസ് സംഘടിപ്പിച്ചു.
കൊളോണിയലിസവും വംശീയതയും തമ്മിലുള്ള പ്രധാന ബന്ധത്തെ ഊന്നിപ്പറയുന്ന 1922-ലെ കോൺഫറൻസിൽ കോമിന്റേൺ ഒരു പാൻ-ആഫ്രിക്കൻ വീക്ഷണം സ്വീകരിച്ചു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അമേരിക്ക,കരീബിയൻ ദ്വീപ് , ആഫ്രിക്ക എന്നിവിടങ്ങളിലെ കറുത്തവർഗ്ഗക്കാരുടെ പോരാട്ടങ്ങളുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത. നെൽസൺ മണ്ടേല, അമിൽകാർ കബ്രാൾ, ഫ്രാന്റ്സ് ഫാനോൺ, ഖ്വാം എൻക്രുമ, ജോമോ കെനിയാട്ട എന്നിവർ ഒക്ടോബർ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് . കെനിയൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവും രാജ്യത്തിൻറെ ആദ്യ പ്രസിഡന്റുമായ കെനിയാട്ട 1920-കളിൽ മോസ്കോയിലെ കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടോയ്ലേഴ്സ് ഓഫ് ഈസ്റ്റിലാണ് പഠനം പൂർത്തിയാക്കിയത്.
ഗാർവി ലെനിനെ “ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ചിരുന്നു. 1924-ൽ ലെനിന്റെ മരണശേഷം നടന്ന ഒരു അനുസ്മരണ യോഗത്തിൽ സംസാരിക്കവേ, കറുത്തവർഗ്ഗക്കാർ ലെനിനെക്കുറിച്ച് വിലപിക്കുന്നു, കാരണം റഷ്യ നീഗ്രോ ജനതയ്ക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ ദുർബലരായ ആളുകൾക്കും വലിയ പ്രതീക്ഷ വാഗ്ദാനം ചെയ്തുവെന്ന് ഗാർവി പറഞ്ഞു.
ലെനിനെ ജനാധിപത്യ വിരുദ്ധൻ എന്ന് വിമർശിക്കുന്നവർക്ക് എന്താണ് ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? നെൽസൺ മണ്ടേലയെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയ അമേരിക്കയിൽ നിന്നോ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്നും അട്ടിമറി നടത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ നിങ്ങൾ ജനാധിപത്യം പഠിക്കുന്നത് എങ്കിൽ ലെനിൻ മാത്രമല്ല മാർട്ടിൻ ലൂഥർ കിംഗ് വരെ നിങ്ങൾക്ക് ജനാധിപത്യ വിരുദ്ധനാകും.
സോവിയറ്റ് യൂണിയൻ ഇന്നില്ല. ഒരുപാട് കാരണങ്ങൾ കൊണ്ട് അത് തകർന്നു. എന്നാൽ ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത് അല്ല സോവിയറ്റ് യൂണിയനെയോ ലെനിനെയോ വിശകലനം ചെയ്യേണ്ടത്. അതാത് കാലത്തെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം വിശകലനം. മണ്ടേല പറഞ്ഞത് പോലെ അത് ജനാധിപത്യത്തിനെ കുറിച്ചുള്ള ചോദ്യമാണ് . ഒറ്റ പാർട്ടി സംവിധാനത്തിലൂടെ ജനാധിപത്യം മികച്ച രീതിയിൽ പ്രവർത്തിക്കുമെങ്കിൽ, ഞാൻ നിർദ്ദേശം വളരെ ശ്രദ്ധാപൂർവ്വം പരിശോധിക്കും. എന്നാൽ ജനാധിപത്യം ഒരു മൾട്ടി-പാർട്ടി സംവിധാനത്തിലൂടെ മികച്ച രീതിയിൽ പ്രകടിപ്പിക്കപ്പെടുകയാണെങ്കിൽ, ഞാൻ അത് ശ്രദ്ധാപൂർവ്വം പരിശോധിക്കും.
എന്ത് കൊണ്ട് സോവിയറ്റ് യൂണിയനിൽ യൂറോപ്പിൽ കാണുന്ന പോലെയുള്ള പാർലിമെന്റോ വോട്ടിങ്ങോ ഇല്ലാതെ പോയി ? അതിന്റെ ഉത്തരം 1917 കൾക്ക് മുൻപുള്ള റഷ്യൻ ചരിത്രത്തിൽ ഉണ്ട്.
മാർക്സിസത്തെ പ്രയോഗവത്കരിച്ച രാഷ്ട്രീയ നേതാവ് എന്ന നിലയിൽ മാത്രമല്ല മറ്റൊരു വഴി സാധ്യമാണ് എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത കാറൽ മാർക്സ് പറഞ്ഞ പോലെ ലോകത്തേ മാറ്റാൻ ശ്രമിച്ച ഒരു പ്രതിഭയാണ് ലെനിൻ.
ലെനിനെതിരെ ഉന്നയിക്കപ്പെടുന്ന വ്യാജ പ്രചാരണങ്ങൾക്ക് ബോൾഷെവിക് വിപ്ലവത്തോളം പഴക്കമുണ്ട്. ബാൽ ഗംഗാധർ തിലക് പറഞ്ഞ ഒരു കാര്യത്തോടെ ലേഖനം ഉപസംഹരിക്കുകയാണ്.
” ലെനിൻ സമാധാനത്തിന്റെ പക്ഷത്തായിരുന്നു അടിച്ചമർത്തപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ടു. കർഷകർക്കിടയിൽ ഭൂമി വിതരണം ചെയ്തതുകൊണ്ടാണ് അദ്ദേഹം ജനങ്ങൾക്കും പട്ടാളത്തിനും ഇടയിൽ പ്രശസ്തനായത്.”