ടി കെ മുസ്തഫ വയനാട്
ലോകം കണ്ട ദാർശനികനും തൊഴിലാളി വർഗ്ഗത്തിന്റെ മഹാനായ ആചാര്യനുമായ ലെനിന്റെ നൂറാം ചരമ വാർഷിക ദിനമാണിന്ന്. മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ ജനാധിപത്യ സമരങ്ങൾക്കും ജനകീയ പോരാട്ടങ്ങൾക്കുമെതിരെ നിരന്തരം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ലെനിന്റെ ദാർശനിക നിരീക്ഷണങ്ങൾ രാജ്യ സീമകൾക്കപ്പുറത്തേക്കും പുരോഗമന കാംക്ഷികളെയും സാമ്രാജ്യത്വത്തിന്നെതിരെ ഐതിഹാസിക പോരാട്ടത്തിന്റെ പാതയിൽ നിലയുറപ്പിച്ചിട്ടുള്ള പ്രസ്ഥാനങ്ങളെയും ആകർഷിച്ചു കൊണ്ടിരിക്കുകയാണ്.
ബാല്യം മുതൽക്കെ മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് കടുത്ത മമതയും അഭിനിവേശവും ലെനിൻ പ്രകടിപ്പിച്ചിരുന്നു. 1883 ൽ റഷ്യയിലെ അക്കാലത്തെ മാർക്സിസ്റ്റ് നേതാവ് ജോർജി പ്ലഖ്നോവിന്റെ നേതൃത്വത്തിൽ ജനീവയിൽ രൂപം കൊണ്ട റഷ്യൻ മാർക്സിസ്റ്റ് വിപ്ലവ സംഘടന ‘തൊഴിലാളി വിമോചന’ത്തിലൂടെയാണ് ലെനിൻ മാർക്സിസത്തെ അടുത്തറിയുന്നത്. വിപ്ലവ രാഷ്ട്രീയം സർവ്വാശ്ളേഷിയായ സമരമാണെന്നും രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക സമരങ്ങളുടെ ഉദ്ഗ്രഥനത്തിലൂടെ മാത്രമേ പ്രസ്തുത രാഷ്ട്രീയത്തിന്റെ വികാസം സാധ്യമാകൂ എന്നും നിരീക്ഷിച്ച ലെനിൻ യഥാർത്ഥ തൊഴിലാളി സ്വഭാവം ആർജ്ജിക്കണമെങ്കിൽ സാമൂഹ്യ സാമ്പത്തിക സമരങ്ങളിൽ നിന്നുമുരിത്തിരിയുന്ന ബോധ നിലവാരത്തിൽ നിന്നുമുയർന്ന് വിപ്ലവ കരമായ വർഗ ബോധം ആർജ്ജിച്ചെടുക്കണമെന്നും മാർക്സിസ്റ്റ് വർഗ്ഗ സമര സിദ്ധാന്തം പ്രയോഗ വത്കരിക്കണമെന്നും ചിന്തിച്ചു.
ചരിത്രത്തെ വൈരുദ്ധ്യാത്മകമായ ഭൗതികവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വിലയിരുത്തുന്ന മാർക്സിയൻ ചരിത്ര വീക്ഷണത്തെ തമസ്കരിച്ചും സമൂഹത്തിൽ ന്യൂന പക്ഷമായിരുന്ന വ്യാവസായിക തൊഴിലാളികളെ അവഗണിച്ചുമുള്ള കാർഷിക കമ്മ്യൂണിസത്തിന്റെ വക്താക്കളായി 1860-70 കളിൽ റഷ്യയിൽ പ്രചാരം നേടിയ ‘നാരോദിസ’ ത്തിന്നെതിരെ മാർക്സിസ്റ്റ് ദർശനത്തിലൂന്നിയുള്ള പ്രചരണം ലെനിൻ ആരംഭിച്ചു. 1884 ൽ ലെനിൻ രചിച്ച ‘ജനങ്ങളുടെ സുഹൃത്തുക്കൾ എന്നാൽ എന്താണ്?” എന്ന കൃതി നാരോദനിക്കുകളോടുള്ള വിമർശനവും തൊഴിലാളികളുടെയും കർഷകരുടെയും വിപ്ലവ കരമായ മുന്നണി രൂപീകരണ ആഹ്വാനവുമായിരുന്നു.
തൊഴിലാളികൾ ബൂർഷ്വാ പ്രത്യയ ശാസ്ത്രത്തിൽ നിന്ന് മുക്തരായി കമ്മ്യൂണിസ്റ്റ് ബോധ നിലവാരത്തിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകത ലെനിൻ ഊന്നിപ്പറഞ്ഞു. വിപ്ലവ സമരം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ വ്യക്തി ഗത ചിന്തകളെയും താല്പര്യങ്ങളെയും വിപ്ലവ ചിന്തയോടും തൊഴിലാളി വർഗ്ഗ താല്പര്യത്തോടും താദാത്മ്യപ്പെടുത്താനായുള്ള വിട്ടു വീഴ്ചയില്ലാത്ത സമരങ്ങളിലൂടെയുള്ള സാംസ്‌കാരിക ബോധത്തെ ലെനിൻ വരച്ചു കാട്ടി. ആഗോള മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥിതിയിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കാനും ഉള്ളവൻ ഇല്ലാത്തവന്റെ മേൽ നടത്തുന്ന സമസ്ത ചൂഷണങ്ങളിൽ നിന്നും മുക്തമായ വർഗ്ഗ രഹിത സമൂഹ സൃഷ്ടിക്കും നിദാനമായ നിസ്തുല്യ പ്രത്യയ ശാസ്ത്രത്തെ ജീവിതാന്ത്യം വരെ മുറുകെ പിടിച്ചു.
ചൂഷിതരായ ബഹു ജനങ്ങളിൽ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുകയും കാറൽ മാർക്സിന്റെയും ഫ്രെഡറിക് ഏംഗൽസിന്റെയും ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തെ വികസിപ്പിക്കുകയും ചെയ്ത ലെനിന്റെ നൂറാം ചരമ വാർഷികത്തിന്റെ വേളയിൽ കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ശ്രേഷ്ഠത ഉയർത്തിപ്പിടിച്ചും പ്രസ്തുത പ്രത്യയ ശാസ്ത്രത്തിന്നനുസൃതമായുള്ള വ്യക്തി – സാമൂഹ്യ ജീവിതത്തെ ക്രമപ്പെടുത്തിയും മുതലാളിത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തി കൂടുതൽ കരുത്തോടെ നമുക്ക് മുന്നോട്ട് പോകാം!