ഇന്ത്യൻ സാമ്പത്തിക വിദഗ്ദരുടെയും അവർ രാജ്യത്തിനു നൽകിയ സംഭാവനകളുടെയും കണക്കെടുത്താൽ അതിൽ ഡോ. മൻമോഹൻ സിങ്ങിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയായിരിക്കും. റിസർബാങ്ക്ഗവർണറായും യുജിസി ചെയർമാനായും ധനകാര്യ മന്ത്രിയായും ഒടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും തന്റെ കർത്തവ്യ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
1991, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായ കാലഘട്ടം. എന്തുചെയ്യുമെന്നറിയാതെ പകച്ചുനിന്ന കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പ്രധാനമന്ത്രി നരസിംഹ റാവുവാണ് മൻമോഹൻ സിങ്ങിന്റെ പേര് അവതരിപ്പിച്ചത്. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായി പ്രവർത്തിച്ചിരുന്നെങ്കിലും ഈ ഫോൺ കോൾ വരുമ്പോൾ അദ്ദേഹം യുജിസി ചെയർമാനായിരുന്നു. നിരന്തര നിർബന്ധനത്തിനൊടുവിൽ മൻമോഹൻ സിങിനെ നരസിംഹ റാവു ഇന്ത്യയുടെ ധനമന്ത്രിയാക്കി. ധനമന്ത്രിയാകുന്നതിൻ്റെ ഭാഗമായി അദ്ദേഹം തൻ്റെ പദവികളെല്ലാം ഒഴിഞ്ഞ് അസമിൽ നിന്ന് രാജ്യസഭാംഗമായി പാർലമെൻ്റിലെത്തി.
ശേഷം കണ്ടത് ചരിത്രം. സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന് വിമർശകരും കൈപിടിച്ചുയർത്തിയെന്ന് ആരാധകരും പറയുന്ന ഉദാരവത്കരണത്തിന്റെ വാതിലുകൾ ഇന്ത്യൻ മണ്ണിൽ തുറക്കപ്പെട്ടു. മികച്ച ഭരണാധികാരിയെന്ന് കോൺഗ്രസും മൗനിബാബയെന്നും സോണിയയുടെ കളിപ്പാവയെന്ന് ബിജെപിയും പാടിനടക്കുന്ന മൻമോഹൻ സിങ്, മൂന്ന് പതിറ്റാണ്ട് നീണ്ട രാജ്യസഭ ജീവിതം അവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നു.
ഒരിക്കലും ഒരു മികച്ച രാഷ്ട്രീയക്കാരനോ പ്രാംസംഗികനോ ആയിരുന്നില്ല മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ശബ്ദം ഉയർന്നുകേൾക്കേണ്ടിടത്തൊന്നും മൻമോഹന്റെ ശബ്ദമുയർന്നില്ല. എന്നിട്ടും ഇന്ത്യയുടെ ചരിത്രം തിരുത്തിയ നേതാക്കളുടെ പട്ടികയിൽ ഈ പഞ്ചാബുകാരൻ അടയാളപ്പെടുത്തപ്പെട്ടു. പത്തുവർഷം രാജ്യം ഭരിച്ചു.
ആർബിഐ ഗവർണർ, പ്ലാനിങ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ തുടങ്ങി സാമ്പത്തിക മേഖലയിൽ പലവേഷങ്ങൾ കെട്ടിയാടിയതിന് ശേഷമായിരുന്നു മൻമോഹന്റെ രാഷ്ട്രീയ പ്രവേശനം. ഒരൊറ്റ തവണ മാത്രം തിരഞ്ഞെടുപ്പിനെ നേരിട്ടു. 1999-ൽ സൗത്ത് ഡൽഹിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. ഇരുപത്തിയൊമ്പതിനായിരം വോട്ടിന് ബിജെപിയോട് പരാജയപ്പെട്ടു.
ധനമന്ത്രിയായതിന് നാല് മാസത്തിന് ശേഷം കോൺഗ്രസ് അസമിലെ സീറ്റിലൂടെ മൻമോഹനെ രാജ്യസഭയിലെത്തിച്ചു. 2004-ൽ പ്രധാനമന്ത്രി പദത്തിലെത്തുമ്പോഴും ഒരു ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ മൻമോഹൻ സിങ് ധൈര്യം കാണിച്ചില്ല. ഉദാരവത്കരണവും സാമ്പത്തിക പരിഷ്‌കരണങ്ങളും മാത്രമായിരുന്നില്ല മൻമോഹൻ. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികളും മൻമോഹൻ സിങ് നടപ്പാക്കി.
ഇന്ത്യൻ ഗ്രാമീണ ജനതയുടെ ജീവിതം കുറച്ചെങ്കിലും ആയാസരഹിതമാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ രൂപീകരണത്തിന് പിന്നിലെ ഇടതുപക്ഷത്തിന്റെ പങ്ക് വിസ്മരിക്കാനാകില്ല. ഒന്നാം യുപിഎ സർക്കാരിനെ താങ്ങിനിർത്തുന്നതിൽ നിർണായക പങ്കുവച്ച ഇടതുപക്ഷം പിന്തുണ പിൻവലിക്കുന്നതും മൻമോഹനോട് കലഹിച്ചാണ്. 2005-ൽ മൻമോഹൻ സിങും അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും തമ്മിൽ ആണവ കരാറിൽ ഒപ്പുവെച്ചു.
കടുത്ത എതിർപ്പുമായി ഇടതുപക്ഷം രംഗത്തെത്തി. മന്മോഹൻ പിൻമാറില്ലന്നും കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും മനസ്സിലായതിന് പിന്നാലെ ഇടതു പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ ഭരണം നിലനിർത്താൻ മൻമോഹന് ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നു. വിശ്വാസവോട്ടെടുപ്പെന്ന കടമ്പ മൻമോഹൻ താണ്ടി. സമാജ്‌വാദി പാർട്ടിയും ഭാരതീയ നവശക്തി പാർട്ടിയും, നാഷണൽ ലോക്താന്ത്രിക് പാർട്ടിയും മൂന്നു സ്വതന്ത്രരും സർക്കാരിനെ പിന്തുണുച്ചു. ബിജെപിയുടെ പത്ത് എംപിമാരുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചു.
മികച്ച സാമ്പത്തിക വിദഗ്ധനെന്നും രാജ്യത്തെ സാമ്പത്തിക ദുരന്തത്തിൽ നിന്ന് കരകയറ്റിയയാളെന്നും പേരുകേട്ട മൻമോഹന്റെ ഭരണകാലത്ത് അഴിമതി നടമാടി. 2 ജി സ്‌പെക്ട്രം, കൽക്കരി കുംഭകോണം, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി തുടങ്ങി രണ്ടാം യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു.
അഴിമതി ആരോപണങ്ങളിൽ കയറിപ്പിടിച്ച ബിജെപി, നരേന്ദ്ര മോദിയെ അഴിമതി വിരുദ്ധ പ്രചാരകനായി ഉയർത്തിക്കാട്ടി. 2014-ൽ കോൺഗ്രസ് വീണുപോയതിന്റെ പഴിമുഴുവൻ മൻമോഹൻ കേൾക്കേണ്ടിവന്നു. എന്നിട്ടും അതേ നിസംഗഭാവത്തോടെ മൻമോഹൻ കോൺഗ്രസിനെപ്പം തുടർന്നു. നോട്ട് നിരോധന വേളയിൽ വെറുതേയിരുന്നില്ല മൻമോഹൻ. മോദിയുടെ തുഗ്ലക് നയത്തിന് എതിരെ ആദ്യം രംഗത്തുവന്നവരിൽ മൻമോഹനുമുണ്ടായിരുന്നു.
ശരിയും തെറ്റും ഒരുപോലെയുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ്. രാജ്യസഭയിൽ നിന്നും പടിയിറങ്ങി വിശ്രമവേളയിലേക്ക് കടക്കുന്ന മൻമോഹനെ കാലം അടയാളപ്പെടുത്തുക. മികച്ച സാമ്പത്തിക വിദഗ്ധൻ, പരാജയപ്പെട്ടുപോയ രാഷ്ട്രീയക്കാരൻ എന്ന നിലയിലായിരിക്കും.