എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
1971ലെ തലശ്ശേരിയിലെ വർഗീയലഹളയെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജോസഫ് വിതയത്തിൽ അന്വേഷണാനന്തരം സമർപ്പിച്ച റിപ്പോർട്ടിൽ വർഗീയ ലഹള സൃഷ്ടിപ്പിനും വ്യാപനത്തിനുമായി ആർഎസ്എസ് നടത്തുന്ന കുല്സിത നീക്കങ്ങളെ കുറിച്ചുള്ള പരാമർശം ഇപ്രകാരമാണ്. “നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളെ പോലെ കഴിഞ്ഞ സ്ഥലമാണ് തലശ്ശേരി. ‘മാപ്പിള കലാപം’ പോലും രണ്ടു സമുദായങ്ങളുടെ സമധാനപരമായ സഹവര്‍തിത്വത്തെ ബാധിച്ചില്ല. ആര്‍എസ്എസും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ് സ്ഥിതിഗതികള്‍ മാറിയത്”.
എന്നാൽ ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെയും ക്രൈസ്തവരെയും പൊതുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മതവിഭാഗങ്ങൾക്കിടയിൽ ആസൂത്രിതമായി വിദ്വേഷം സൃഷ്ടിച്ച് വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധമുള്ള വ്യാജ പ്രചാരണങ്ങൾക്കാണ് ഈയിടെ അവർ നേതൃത്വം നൽകുന്നത്. വിഭജന രാഷ്ട്രീയം ലക്ഷ്യം വെച്ച് മണിപ്പൂരിൽ മെയ്തികളുടെ പക്ഷം ചേർന്ന് കുക്കി-ക്രിസ്തീയ വിഭാഗങ്ങൾക്കിടയിലെ വംശീയ സംഘർഷത്തെ മൂർച്ഛിപ്പിക്കുമ്പോൾ കേരളത്തിൽ ഇസ്ലാം ഭീതി വളർത്തി അതിൽ നിന്നുമുടലെടുക്കുന്ന ഭീതിജനകമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ തന്ത്രവും അവർ മുഖ മുദ്രയാക്കുന്നു. വിചാരധാരയിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർസംഘചാലക് മോഹൻ ഭാഗവത് 2018 ൽ നൽകിയ മറുപടി കൂടി കേൾക്കുമ്പോൾ ഈ വിരോധാഭാസത്തിന് പിന്നിൽ ഒളിഞ്ഞു കിടക്കുന്ന കുടിലത പുറത്തു വരും.”സംഘം അടച്ച് പൂട്ടിയ സംഘടനയല്ല , സമയത്തിനനുസരിച്ച് ഞങ്ങളുടെ ചിന്തകളും ആവശ്യമായ മാറ്റത്തിന് വിധേയമാണ് . അങ്ങനെ സമയത്തിനനുസരിച്ച് പരിഷ്കരിക്കാനുള്ള അനുമതി പൂജനീയ സംഘ സ്ഥാപകൻ ഹെഡ്ഗേവാർ തന്നിട്ടുണ്ട് .”
എറണാകുളം ജില്ലയിലെ മുനമ്പത്ത് മത്സ്യത്തൊഴിലാളികളായ ഒരു വിഭാഗത്തിന്റെ ജീവിതപ്രശ്‌നത്തിന് മതത്തിന്റെ നിറം നൽകി മുസ്ലിംകളും ക്രൈസ്തവരും തമ്മിലുള്ള ചേരിതിരിവിലേക്ക് നയിക്കുന്നതിലൂടെ സംഘ് പരിവാർ തങ്ങളുടെ വെറുപ്പിന്റെയും ന്യൂനപക്ഷവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾ പ്രയോഗവത്കരിക്കുക മാത്രമാണ് ചെയ്യുന്നത്. ബഹുമാനപ്പെട്ട കേരള ഹൈ കോടതിയുടെ പരിഗണനയിലുള്ള സങ്കീർണ്ണമായ ചില നിയമവശങ്ങൾ ഉൾക്കൊള്ളുന്ന വിഷയത്തെയാണ് ഹിന്ദുത്വ അജൻഡകൾക്കനുസൃതമായ നീക്കങ്ങളിലൂടെയുള്ള വർഗീയധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി അവർ കാണുന്നത്.1341ലെ പ്രളയത്തിൽ രൂപംകൊണ്ട എറണാകുളം വൈപ്പിൻ ദ്വീപിന്റെ വടക്കുഭാഗത്താണ് മുനമ്പം-ചെറായി പ്രദേശം നില കൊള്ളുന്നത്.
1503 ലാണ് പള്ളിപ്പുറം കോട്ട പണിതുകൊണ്ട് പോർച്ചുഗീസുകാർ ഇവിടെ ആധിപത്യമുറപ്പിക്കുന്നത്. 1663ൽ ഡച്ചുകാർ പ്രദേശവും കോട്ടയും കീഴടക്കുകയും 1789 തിരുവിതാംകൂർ രാജാവിന് വിൽക്കുകയും ചെയ്തു. 1902ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ മൂസാ ഹാജി സേട്ട് എന്ന വ്യക്തിക്ക് ഇവിടെ 404 ഏക്കർ കരഭൂമിയും 60 ഏക്കർ കായലും പാട്ടത്തിനു നൽകുകയുണ്ടായി. മേഖലയിൽ കാലങ്ങളായി കുടികിടപ്പുകാ രായിരുന്ന മത്സ്യത്തൊഴിലാളികളെ ഒഴിച്ചുനിർത്തിയായിരുന്നു ഈ പാട്ടക്കരാർ. 1950ൽ സത്താർ സേട്ടിന്റെ അനന്തരാവകാശിയായ സിദ്ദിഖ് സേട്ട് എന്നയാളാണ് മുനമ്പത്തെ ഈ ഭൂമി ഫറൂഖ് കോളേജിന്റെ മാനേജ്മെന്റിന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വഖഫ് ദാനമായി രജിസ്റ്റർ ചെയ്തു നൽകുന്നത്.
1950 നവംബര്‍ 1ന് എടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചായിരുന്നു നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. അപ്രകാരം നൽകുമ്പോൾ ഭൂമിയിൽനിന്നുള്ള ആദായം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും കോളേജിന്റെ വികസനത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന് അതിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കോളേജ് അടച്ചുപൂട്ടുകയാണെങ്കിൽ വസ്തു സത്താർ സേട്ടിന്റെ അനന്തരാവകാശികൾക്ക് തന്നെ തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ ഭൂമിക്കുമേലുള്ള ഫറൂഖ് കോളേജിന്റെ നിയന്ത്രണത്തെ പ്രദേശ വാസികൾ തുടക്കം മുതൽ എതിർത്തു പോന്നിരുന്നു. 1962ൽ ഫറൂഖ് കോളേജിന്റെ ഉടമസ്ഥാവകാശത്തിനെതിരെ അവർ പറവൂർ സബ്കോടതിയിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതി വരെയെത്തിയ കേസിനൊടുവിൽ 1975ൽ ഭൂമിക്കുമേൽ ഫറൂഖ് കോളേജിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് പുറത്തു വന്നത്.
എന്നാൽ കോളേജ് മാനേജ്മെന്റും പ്രദേശവാസികളും തമ്മിലുണ്ടായ ഒത്തുതീർപ്പിനെ തുടർന്ന് ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് അതു പണം നൽകി വാങ്ങാനുള്ള അവസരം ഒരുങ്ങുകയും 1983നും 93നും ഇടയിൽ അപ്രകാരം പണം കൊടുത്ത് ഭൂമി വാങ്ങിയവർ ഇപ്പോൾ അവിടെ അധിവസിക്കുകയും ചെയ്യുകയാണ്. എന്നാൽ, വഖഫ് ആയി ലഭിച്ച ഒരു വസ്തു വിൽക്കാൻ ഫറൂഖ് കോളേജിനുള്ള അവകാശത്തെ ചൊല്ലി അന്ന് മുതൽ ചോദ്യങ്ങൾ ഉയരുകയും ചെയ്തു. വഖഫ് ബോർഡ് മുൻ അംഗവും കേരള വഖഫ് സംരക്ഷണവേദി എന്ന സംഘടനയുടെ സെക്രട്ടറിയുമായ നസീർ മനയിൽ വഖഫ് സ്വത്തുക്കൾ കൈയേറുന്നു എന്ന പരാതിയുമായി രംഗത്ത് വരികയും പരാതിയെ തുടർന്ന് അന്നത്തെ സർക്കാർ മൊയ്തു അഹമ്മദ് നിസ്സാർ എന്ന മുൻ ജില്ലാ ജഡ്ജിയെ ചെയർമാനായി 2007 ൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു.
23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടു എന്ന് കണ്ടെത്തിയ നിസാര്‍ കമ്മീഷൻ അതില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നത് മുനമ്പത്താണെന്നും പ്രഖ്യാപിച്ചിരുന്നു. ശേഷം 2016ൽ നസീർ മനയിൽ തന്നെ നൽകിയ കേസിനെത്തുടർന്നാണ് നിസ്സാർ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവും അതിന്റെ മേൽനടപടികളും നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ഉത്തരവിടുന്നത്. 2019ൽ, കേരള വഖഫ് ബോർഡ് മുനമ്പത്തെ വസ്തു വഖഫ് ആയി രജിസ്റ്റർ ചെയ്ത് അവകാശം ഉന്നയിക്കുകയും ചെയ്തു. കോടതി ഉത്തരവിനെത്തുടർന്ന് ഇതിൽപ്പെട്ട ഭൂമിയുടെ കരമടയ്ക്കുന്നതും ക്രയവിക്രയവും നിലവിൽ തടഞ്ഞിരിക്കുകയാണ്. ഈ ഭൂമിയെ സംബന്ധിച്ചുള്ള കേസുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
വിവിധ മതവിഭാഗങ്ങളില്‍ പെട്ട 614 കുടുംബങ്ങളാണ് നിലവില്‍ മുനമ്പത്ത് ഭീഷണി നേരിടുന്നത്. മുനമ്പത്തെ ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധമാണെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി അവിടെ താമസിച്ചുവരുന്നവരിൽ പലരും ഫറൂഖ് കോളേജിൽനിന്നും പണം കൊടുത്ത് വസ്തു വാങ്ങിയവരുമാണ്. 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ഒരു സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും പൊതുവായ മേല്‍നോട്ടം സംസ്ഥാന/ യൂണിയന്‍ ടെറിട്ടറി വഖഫ് ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. ഈ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ വഖഫ് ബോര്‍ഡുകള്‍ക്കാണ് അധികാരമുള്ളത്. സിദ്ദിഖ് സേട്ട് ഫറൂഖ് കോളേജിന് ഭൂമി കൈമാറിയ ആധാരത്തിൽ വഖഫ് എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കോളേജിന്റെ പ്രവർത്തനം നിലച്ചാൽ ഭാവിയിൽ ഭൂമി തിരിച്ചുനൽകണമെന്നും ക്രയവിക്രയം ചെയ്യാൻ കോളേജിന് അധികാരമുണ്ടെന്നുമുള്ള വഖഫ് വിരുദ്ധ വ്യവസ്ഥകളുടെ ആധികാരികതയും പഠന വിധേയമാക്കേണ്ടതുണ്ട്. സമവായത്തോടും സംയമനത്തോടും ഭരണ കൂടവും വഖഫ് ബോർഡും പ്രദേശ വാസികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ ഇവിടെ വഖഫ് ബോർഡിനെയും വഖഫ് നിയമത്തെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചയിൽ അഭിരമിക്കാനാണ് സംഘ് പരിവാറിനും മറ്റു ചിലർക്കും താല്പര്യം. നിയമ പരമായ സങ്കീർണ്ണതകളിൽ മാത്രം കുടുങ്ങിക്കിടക്കുന്ന വിഷയത്തിന്റെ ഏക പരിഹാരം വഖഫ് നിയമ ഭേദഗതിയാണെന്ന വാദഗതി വിഷയത്തെ മതവുമായി കൂട്ടിക്കലർത്തി സമൂഹത്തിൽ ഭിന്നത വളർത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ളതാണ്.
വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നും വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ച സുരേഷ് ഗോപിയും വഖഫിനെയും ശബരിമലയെയും വേളാങ്കണ്ണി പള്ളിയെയും ചേർത്ത് കലാപാഹ്വാനത്തിനുതകുന്ന പരാമർശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാല കൃഷ്ണനും അത്യാപല്‍ക്കരമായ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ‘വിചാരധാര’യിൽ ‘അഭ്യന്തര ഭീഷണികൾ’ എന്ന അധ്യായത്തിൽ ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമ്മികതയും രാജനൈതികവുമായ തന്ത്രങ്ങൾ കൈവശമുള്ളവരാണ് ക്രൈസ്തവരെന്ന ആർ എസ് എസ് വിലയിരുത്തൽ ഇവിടെ ആരും മറന്ന് പോകരുത്. 1930 കളിൽ ഹിറ്റ്‌ലറെ പിന്തുണച്ച ജർമ്മനിയിലെ ചില സഭാ നേതാക്കൾ പിൽക്കാലത്തെ നാസി ഭീകരത കണ്ട് നിലപാട് തിരുത്തിയത് ചരിത്രത്തിൽ നിന്ന് വായിക്കണം.
മുനമ്പം വിഷയത്തിൽ പ്രദേശ വാസികൾക്ക് ലഭിക്കേണ്ട നീതിയുടെ കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ കേവല വൈകാരികതക്ക് അടിമപ്പെട്ട് കൊണ്ട് വര്‍ഗ്ഗീയതയെ മുഖ്യ ആയുധമാക്കി പ്രവര്‍ത്തിക്കുന്ന സംഘ് പരിവാറിന്റെ പ്രതിലോമ ആശയങ്ങളോടുള്ള അനുരഞ്ജനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെയാണ് ദുർബലപ്പെടുത്തുന്നതെന്നോർക്കുക.