ബാല്യകാല നിഷ്കളങ്കതയുടെയും ഗ്രാമീണ ജീവിതത്തിന്റെ കഠിനയാഥാർത്ഥ്യങ്ങളുടെയും മായാത്ത മുഖമായിരുന്നു പാഥേർ പാഞ്ചാലിയിലെ ദുർഗയ്ക്ക്. ഇന്ത്യൻ സാംസ്കാരിക ലോകത്തെ നാഴികക്കല്ലായ സത്യജിത് റേയുടെ അനശ്വര സിനിമ പാഥേർ പാഞ്ചാലിയിലെ ദുർഗ ഓർമ്മയാകുമ്പോൾ നമ്മുടെയെല്ലാം ഉളളിന്റെ ഉളളിൽ ഒരു വിങ്ങൽ ബാക്കിയാവുകയാണ്. 84-ാം വയസില്‍ രോഗങ്ങളോട് പൊരുതി നടി ഉമാ ദാസ് ഗുപ്ത വിടപറഞ്ഞപ്പോള്‍ അത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായി മാറിയിരിക്കുകയാണ്.
കുട്ടിക്കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഉമയുടെ സ്കൂളിലെ അധ്യാപകൻ സത്യജിത് സത്യജിത് റേയുടെ സുഹൃത്തായിരുന്നു. അദ്ദേഹം വഴിയാണ് ഉമയ്ക്ക് ‘പഥേർ പാഞ്ജലി’യിൽ അവസരം ലഭിച്ചത്. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ജലി എന്ന നോവലിനെ ആസ്പദമാക്കി റായി സംവിധാനം ചെയ്ത് 1955 ൽ പുറത്തിറങ്ങിയ ചിത്രം ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടു. എങ്കിലും മുഖ്യധാരാ സിനിമയിൽ അവർ സജീവമായിരുന്നില്ല. ‘പാഥേർ പാഞ്ചാലി’ക്ക് ശേഷം വളരെ കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് അഭിനയിച്ചിട്ടുള്ളു. ഒരിക്കൽ കണ്ടാൽ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണ് പഥേർ പാഞ്ചാലി എന്ന സിനിമയും അതിലെ ദുർഗ എന്ന കഥാപാത്രവും. ദശലക്ഷണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതാണ് ദുർഗ എന്ന കഥാപാത്രം. കൊടിയ ദാരിദ്ര്യം തന്നെയാണ് ചിത്രം എടുക്കാണിച്ചിട്ടുള്ളത്.
ഹരിഹർ റായും ഭാര്യ സർബജയും മക്കളായ ദുർഗയും അപുവും അടങ്ങുന്ന ചെറിയ കുടുംബം. ദാരിദ്ര്യത്തിന്റെ നടുക്കടലിൽ കരകാണാനാകാതെയുള്ള ജീവിതമാണ് അവരുടേത്. എന്നാൽ ദുർഗയുടെയും കുഞ്ഞനുജൻ അപുവിന്റെയും കുട്ടിക്കാലം സന്തോഷകരമായിരുന്നു. ജീവിതത്തെ കുറിച്ച് ആവലാതികളില്ലാത്ത ഇരുവരും നാട്ടിൻ പുറങ്ങളിലൂടെ കളിച്ചും ചിരിച്ചും കൗതുകത്തോടെ നടന്നു. പിന്നീട് ദുർഗയ്ക്കുണ്ടാകുന്ന അസുഖവും പട്ടിണിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നുണ്ട്.
വെറുമൊരു സിനിമ മാത്രമല്ല സാംസ്കാരിക നാഴികക്കല്ലായിരുന്നു പാഥേർ പാഞ്ചാലി(1955). റേയുടെ അപരാജിതോ (1956), അപൂർ സൻസാർ (1959) എന്ന പ്രശസ്തമായ അപുത്രയത്തിന്റെ ആദ്യ ഭാഗമായിരുന്നു ഇത്. ഈ ചിത്രത്തിന് വ്യാപകമായ രാജ്യാന്തര അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. സൈറ്റ് ആൻഡ് സൗണ്ടിന്റെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളുടെ പട്ടികയിൽ ഏക ഇന്ത്യൻ സിനിമ. ടൈം മാഗസിന്റെ കഴിഞ്ഞ 10 പതിറ്റാണ്ടുകളിലെ മികച്ച 100 സിനിമകളുടെ പട്ടികയിലും ഇടം നേടി.
പഥേർ പഞ്ചാലിയിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഉമ ദാസ്ഗുപ്തയ്ക്ക് പതിനാല് വയസാണ്.സ്‌കൂൾ ടീച്ചറാകണം എന്നായിരുന്നു ഉമയുടെ ആഗ്രഹം. ടീച്ചറായി. കുട്ടികൾക്കിഷ്ടമുള്ള നല്ല ടീച്ചർ. തുടർന്ന് മറ്റേതൊരു മധ്യവർത്തി ബംഗാളിയേ പോലെയും ജീവിതം തുടർന്നു. സത്യജിത് റേയുടെ നൂറാം ജന്മശതാബ്ദി ആഘോഷത്തിൽ മാത്രം പങ്കെടുത്തു.
വെള്ളിവെളിച്ചത്തിൽ നിന്ന് മാറിനിന്നെങ്കിലും അവിസ്മരണീയമായ ഒരു പ്രകടനത്തിലൂടെ ഉമാ ദാസ്‌ഗുപ്‌തയുടെ പാരമ്പര്യം ഇന്നും സജീവമായി നിലനിൽക്കുന്നു. ദുർഗ എന്ന വേഷം ബാല്യകാല നിഷ്കളങ്കതയുടെ സത്തയും ഗ്രാമീണ ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നു. ഇത് ഇന്ത്യൻ സിനിമയിലും ആഗോള സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ചു.
പാഥേർ പാഞ്ചാലിയുടെ ഹൃദയവും ആത്മാവുമായി എന്നും ഓർമിക്കപ്പെടുന്ന ഉമാ ദാസ് ഗുപ്തയുടെ വേർപാടിൽ സിനിമാ സമൂഹവും ആരാധകരും ഒരു പോലെ കണ്ണീരണിയുന്നു.