Friday, November 22, 2024
spot_imgspot_img
HomeKeralaചരിത്രം സൃഷ്ടിക്കും നവകേരള സദസ്സ്

ചരിത്രം സൃഷ്ടിക്കും നവകേരള സദസ്സ്

ബിന്ദു സജി വയനാട്

വകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവ കേരള സദസ്സിന് തുടക്കമായിരിക്കുന്നു.

നവ കേരള സദസ്സ് കേവലമൊരു യാത്രയല്ല മറിച്ച് ജനങ്ങളുടെയും നാടിന്റെയും ഹൃദയം തൊട്ടറിഞ്ഞുള്ള സഞ്ചാരമാണ്.
തങ്ങളുടെ പ്രശ്നങ്ങൾ സർക്കാറുമായി നേരിട്ട് പങ്കു വെക്കാനും നാടിന്റെ വികസന വിഷയങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരമായും ജനങ്ങൾ വീക്ഷിക്കുന്ന നവ കേരള സദസ്സ് ജനകീയ ഭരണ രീതിയെന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.

സമൂഹത്തിന്റെ നാനാ തുറകളിലുള്ള ജനങ്ങളുമായി സംവദിച്ചു കൊണ്ട് അഭിപ്രായങ്ങൾ ആരായുകയും സർക്കാർ നയങ്ങളും നേട്ടങ്ങളും വിവിധ വിഭാഗങ്ങളിലെത്തിക്കുകയും ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാവി നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു, നവ കേരള സദസ്സിൽ.

നീതിയുക്തമായും സത്യ സന്ധമായുമുള്ള സേവനം പൊതു ജനങ്ങൾക്ക് നിയുക്തരാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവരാണ് ഭരണാധികാരികൾ എന്നിരിക്കെ സുസ്ഥിര വികസനം സാധ്യമാക്കാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് പ്രസ്തുത സദസ്സുകൾ.
ജന സേവകരായും കർമ്മ നിരതരായും ഭരണാധികാരികൾ ജനങ്ങളോട് ഇട പെടുകയും കാര്യ ക്ഷമതയോടെയും സുതാര്യതയോടെയുമുള്ള സേവനങ്ങൾ അവർക്ക് ഇവിടെ ലഭ്യമാക്കുകയും ചെയ്യുന്നു.

അത് വഴി ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് പരമാധികാരികളും യജമാനന്മാരുമെന്ന കാഴ്ചപ്പാടും സർക്കാർ സേവനങ്ങൾ ജനങ്ങളുടെ ഔദാര്യമല്ല അവകാശമാണെന്ന ബോധവും സൃഷ്ടിക്കപ്പെടുന്നു.

വികസനകാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട്, ജനകീയ ഇടപെടലിന്റെ പ്രാധാന്യം മനസ്സിലാക്കി
ജനങ്ങളുടെ പിന്തുണയോട് കൂടിയുള്ള മാതൃക പ്രവർത്തനം.

കേരളത്തിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നതിന് വേണ്ടിയും ജനകീയ സർക്കാറിനെ കളങ്കപ്പെടുത്തുന്നതിനായും വലത് പക്ഷ ശക്തികളും ചില മാധ്യമങ്ങളും വ്യാജ പ്രചാരണങ്ങളിലൂടെയും അസത്യ പ്രസ്താവനകളിലൂടെയും നവ കേരള സദസ്സിന്റെ ശോഭ കെടുത്താൻ വൃഥ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

സർക്കാറിനെതിരെ വ്യാജ വാർത്തകൾ സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിനേൽക്കുന്ന തിരിച്ചടിയാണ്
നവ കേരള സദസ്സിലേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങൾ. മുഖ്യ മന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച പച്ചക്കള്ളങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സ്‌ മാത്രമാണ് ഉണ്ടായിരുന്നത്.

അന്ധമായ ഇടത് പക്ഷ വിരുദ്ധതയുടെ പേരിൽ അബദ്ധങ്ങളും അസത്യങ്ങളും പടച്ച് വിട്ട് കേരളത്തിന്റെ വികസനത്തിന്‌ തുരങ്കം വെക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള വിവേകം പ്രബുദ്ധ കേരള ജനതക്കുണ്ട് എന്ന് മാത്രം സൂചിപ്പിക്കുന്നു!

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares