ടി കെ മുസ്തഫ വയനാട്
വയനാട്ടിൽ വീണ്ടും വന്യ ജീവി ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഡിസംബർ മാസം സുൽത്താൻ ബത്തേരിക്കടുത്ത് വാകേരിയിൽ വെച്ച് കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രജീഷ് എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടതിന്റെ നടുക്കം വിട്ടു മാറുന്നതിന് മുൻപാണ് മാനന്തവാടി പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയെ ശനിയാഴ്ച പുലർച്ചെ അതിദാരുണമായി ആന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മനുഷ്യന്റെ അനിയന്ത്രിത പ്രവർത്തനങ്ങൾ നിമിത്തമായി മറ്റ് ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് വംശമറ്റ് പോകുന്നതിനെ പ്രതിരോധിക്കുന്നതിനും വനം കൊള്ള തടയൽ ലക്ഷ്യം വെച്ച് കൊണ്ടും 1972 ൽ രൂപപ്പെട്ട വന്യ ജീവി സംരക്ഷണ നിയമം വർത്തമാന കാലത്ത് മനുഷ്യന്റെ ദൈനം ദിന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നുവോ എന്ന് ന്യായമായും ആശങ്കപ്പെടേണ്ട സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു.
കാട്ടിൽ പെരുകുന്ന വന്യ ജീവികൾ മനുഷ്യന്റെ വാസ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ കടന്നു വന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതം തീർത്തും അസാധ്യമാക്കുന്ന തരത്തിൽ ദുരന്തങ്ങൾ സൃഷ്ടിക്കുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരാ യവർ ജന വിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ ചട്ടങ്ങളുടെ മറ പിടിച്ച് മനുഷ്യ വന്യ ജീവി സംഘർഷത്തിന് ആക്കം കൂട്ടുകയാണ് പലപ്പോഴും.
മലയോര ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടു മൃഗങ്ങളുടെ ആക്രമണം ഏതു നിമിഷവും എവിടെ വെച്ചും സംഭവിക്കാം എന്ന സാഹചര്യത്തിൽ വന്യ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല മൃഗ സംരക്ഷണത്തിന്റെ പേരിൽ നിരപരാധികളായ ജനങ്ങളെ നിരന്തരം വേട്ടയാടി പീഡിപ്പിക്കുക കൂടി ചെയ്യുകയാണ് അധികാരികൾ.
2023 ജനുവരിയിലാണ് മാനന്തവാടിയിൽ തന്നെ പുതുശ്ശേരിയിൽ കടുവ ആക്രമിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ കർഷകൻ പള്ളിപ്പുറത്ത് തോമസ് മരണ മടഞ്ഞത്. വയനാട് ജില്ലയിൽ മാത്രം കഴിഞ്ഞ 8 വർഷത്തിനിടെ 7 മനുഷ്യർക്കാണ് കടുവയുടെ അക്രമണത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.സംസ്ഥാനത്താകമാനം കഴിഞ്ഞ 5 വർഷത്തിനിടെ നൂറിലേറെ പേർ കാട്ടാനയുടെ അക്രമണത്തെ തുടർന്ന് മരണപ്പെടുകയുണ്ടായി.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവിതോപാധികളായ കൃഷിയെയും വളർത്തു മൃഗങ്ങളേയും നിത്യേന നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മൃഗങ്ങളെ വനത്തിനുള്ളിൽ തടഞ്ഞു നിർത്താനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അക്രമണ കാരണങ്ങളെയും സാഹചര്യങ്ങളെയും പഠിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയോ ചെയ്യാതെ ബന്ധപ്പെട്ടവർ കാണിക്കുന്ന നിഷ്‌ക്രിയത്വം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.
1972 ലെ നിയമ പ്രകാരം ആക്രമണകാരിയായ മൃഗത്തെ വെടി വെച്ചു കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ഉണ്ടായിരിക്കെ പ്രസ്തുത അധികാരം അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിമുഖത കാട്ടുകയാണ് പലപ്പോഴും, സി ആർ പി സി സെക്ഷൻ 133 പ്രകാരം ജില്ല കളക്ടർമാർക്കും അപകടകാരിയായ മൃഗത്തെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിറക്കാൻ കഴിയുമെന്നിരിക്കെ പ്രസ്തുത നിയമം പ്രയോഗിക്കുന്ന വിഷയത്തിലും വൈമുഖ്യമാണ് പതിവ്, എന്നാൽ നിയമത്തിന്റെ സെക്ഷൻ 11(2)പ്രകാരം ഒരു വ്യക്തിയുടെ ജീവൻ നഷ്‌ടപ്പെടുമെന്ന ഘട്ടത്തിൽ അക്രമകാരിയായ മൃഗത്തെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് കുറ്റ കൃത്യമായി പരിഗണിക്കുകയില്ലെന്ന വ്യവസ്ഥയെ കാറ്റിൽ പറത്തിക്കൊണ്ടാണ് പലപ്പോഴും സ്വയ രക്ഷക്കായി വന്യ മൃഗങ്ങളെ നേരിടേണ്ടി വരുന്ന മനുഷ്യർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ഉപയോഗിച്ച് കേസെടുത്ത് പീഡിപ്പിക്കുന്നത്.
1972 ലെ നിയമ പ്രകാരം വന്യ ജീവികൾക്ക് വനത്തിനകത്തും പുറത്തും നിയമ സംരക്ഷണം ഉറപ്പ് വരുത്തുന്നുണ്ട്. എന്നാൽ ഭരണ ഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാർക്ക് സ്വന്ത ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അവകാശവുമുണ്ടെന്നത് മറക്കരുത്.
ഭരണ കൂടങ്ങൾ സമയ ബന്ധിതമായി പദ്ധതികളും നടപടികളും കൈകൊണ്ട് പൊതു ജനങ്ങളും വനം വകുപ്പും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വനാതിർത്തി മേഖലകളിൽ സൗഹാർദ്ദാന്തരീക്ഷമുറപ്പാക്കുന്നതിനുമാവശ്യമായ നടപടികൾ കർശനമായി സ്വീകരിക്കണം.
നാട്ടിലിറങ്ങിയുള്ള വന്യ ജീവി അക്രമണങ്ങളുടെ കാരണങ്ങളും സാഹചര്യങ്ങളും പഠിക്കുവാനും കാട്ടിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഗുണകരമാവുന്ന ഇടപെടലുകൾ നടത്തുന്നതിനും അടിയന്തിരമായി തയ്യാറാവണം. വനത്തിനുള്ളിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വേണ്ടി
പോപ്പുലേഷൻ മാനേജ്മെന്റ് പോലുള്ള നിയമപരമായ അധികാരത്തെ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട് .അതോടൊപ്പം കേന്ദ്ര ഗവൺമെന്റ് നിലവിലെ നിയമത്തിലെ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങളുടെ പുന: ക്രമീകരണം സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾ അനുസരിച്ചു നിജപ്പെടുത്താനും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി നടപ്പിലാക്കാനും ശ്രമിക്കണം.
വനവും വന്യ ജീവികളും സംരക്ഷിക്കപ്പെടുക തന്നെ വേണം,എന്നാൽ മനുഷ്യ ജീവനെ തുച്ഛീകരിച്ചു കൊണ്ടാവരുത് എന്ന് മാത്രമേ പറയുന്നുള്ളൂ.
നമുക്ക് കാട് വേണം,നാടും!