ടി ടി ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാനകമ്മിറ്റി
തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വീക്ഷണങ്ങളോടും സംസ്‌കാരങ്ങളോടും വിയോജിക്കുന്ന മുഴുവൻ വ്യക്തികളോടും സമൂഹങ്ങളോടും അസഹ്യമായ അസഹിഷ്ണുത പുലർത്തുന്ന ഫാസിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ ഭീഭത്സ മുഖമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ നടി നിമിഷ സജയനെതിരെ സംഘ്പരിവാർ അഴിച്ചു വിടുന്ന സൈബർ ആക്രമണങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ആരോപിച്ചു.
വർഷങ്ങൾക്ക് മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിച്ച വേളയിൽ നിമിഷ സജയൻ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ഉന്മൂലന രാഷ്ട്രീയവും അപമാനവീകരണവുംലക്ഷ്യത്തിലെത്തുന്നതിനുള്ള മാർഗമായി സ്വീകരിക്കുന്ന ഫാസിസ്റ്റുകൾ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ ഇന്ന് വെല്ലുവിളിയുയർത്തിക്കൊണ്ടിരിക്കുന്നത്
നിമിഷയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ അശ്ലീല കമന്റുകൾ രേഖപ്പെടുത്തിയും നടിയുടെ ചിത്രത്തോടൊപ്പം അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിക്കൊണ്ടും ബിജെപി പ്രവർത്തകരടക്കമുള്ളവർ അവരെ അധിക്ഷേപിക്കുകയാണ്.
എതിർപ്പിൻ സ്വരങ്ങളെ ആശയ പരമായി പ്രതിരോധിക്കാൻ തയ്യാറാകാതെ തന്റെ പക്ഷത്തെ ശരികളിൽ നിന്നുള്ള ആത്മ വിശ്വാസം ഉൾക്കൊണ്ട് ശബ്ദമുയർത്തി കൃത്യമായ വാദമുഖങ്ങൾ നിരത്തി സംസാരിക്കുന്ന സ്ത്രീകളെ ആഭാസ അശ്ലീല പ്രകടനങ്ങളിലൂടെ നേരിടാൻ ശ്രമിക്കുന്നത് ആശയ ദാരിദ്രത്തിൽ നിന്നുമുടലെടുക്കുന്ന ഗതികേട് കൊണ്ട് മാത്രമാണ്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ നെറി കേടുകളോടും ഫ്യൂഡൽ മനോഭാവങ്ങളോടുമുള്ള നിമിഷയുടെ വിമർശനങ്ങളോട് ക്രിയാത്മകമായി സംവദിക്കാൻ സംഘ് പരിവാർ പ്രവർത്തകർ ആർജ്ജവം കാണിക്കണം. തങ്ങളുടെ വർഗീയ ഫാസിസ്റ്റ് ചിന്താ ഗതികൾക്കെതിരിൽ നിലപാട് സ്വീകരിക്കുന്നവരെ സൈബർ ആക്രമണത്തിലൂടെ നിർവീര്യമാക്കാമെന്ന സംഘ് പരിവാർ ധാർഷ്ട്യത്തിന്നെതിരെ ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും നിമിഷ സജയനോട് ഈയവസരത്തിൽ ഏവരും ഐക്യ ദാർഢ്യം പ്രഖ്യാപിക്കണമെന്നും ടി ടി ജിസ്‌മോൻ ആവശ്യപ്പെട്ടു.