ടി കെ മുസ്തഫ
വയനാട്
ദേശീയ ശ്രദ്ധ കേന്ദ്രമായ വയനാട് പാർലമെന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണിയുടെ കുത്തകയാണെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് പ്രസ്തുത മണ്ഡലം തീർത്തും ബാലി കേറാ മലയാണെന്നുമുള്ള പ്രചരണം വ്യാപകമായി പടച്ചു വിടുന്നതിൽ വ്യാപൃതരാണ് വലതു പക്ഷ പ്രസ്ഥാനങ്ങളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും.മണ്ഡല രൂപീകരണ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വിജയങ്ങളും മണ്ഡലത്തിന് കീഴിലെ നിയമ സഭ മണ്ഡലങ്ങളിലെ വോട്ടിംഗ് നിലകളുമൊക്കെയായിരിക്കാം ഇപ്രകാരമൊരു അഭിപ്രായ പ്രകടനത്തിനുള്ള അടിസ്ഥാനം എന്ന് തോന്നുന്നു.വാസ്തവത്തിൽ വയനാട് പാർലമെന്റ് മണ്ഡലം യു ഡി എഫിന്റെ കുത്തകയാണോ?ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് മണ്ഡലം തീർത്തും ബാലികേറാമലയോ?
ഒരു നിഷ്പക്ഷ അന്വേഷണം
2009 ന് മുൻപ് കോഴിക്കോട് ലോക സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന വയനാട് ജില്ലയിലെ കല്പറ്റയും സുൽത്താൻ ബത്തേരിയും കണ്ണൂർ ലോക സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മാനന്തവാടിയും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ എന്നീ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും ചേർന്നതാണ് നിലവിൽ വയനാട് പാർലമെന്റ് മണ്ഡലം. 2009 ൽ യു ഡി എഫ് സ്ഥാനാർഥി എം ഐ ഷാനവാസ് അന്ന് വരെ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം 153439 വോട്ടുകൾക്കാണ് സി പി ഐ യിലെ അഡ്വക്കേറ്റ് എം റഹ്മത്തുള്ളയെ പരാജയപ്പെടുത്തിയത്. എന്നാൽ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ 2014 ൽ രണ്ടാം അങ്കത്തിന്നിറങ്ങിയ എം ഐ ഷാനവാസ് എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് മുന്നിൽ 20870 ന്റെ നിസ്സാര വോട്ടുകളുടെ ലീഡിൽ രക്ഷപ്പെടുന്ന കാഴ്ചയാണ് കണ്ടത്. യു ഡി എഫ് കേന്ദ്രങ്ങളെ അവസാന നിമിഷം വരെ മുൾ മുനയിൽ നിർത്തിയ സത്യൻ മൊകേരി വയനാട് ജില്ലയിൽ 15769 വോട്ടുകളുടെ ലീഡ് നേടുകയും ചെയ്തു. എൽ ഡി എഫ് സ്ഥാനാർഥിയുടെ ജനകീയതയും പ്രാദേശിക വിഷയങ്ങളിൽ എം പി യോടുണ്ടായിരുന്ന വോട്ടർമാരുടെ നീരസവും വോട്ടിംഗിൽ പ്രകടമായിരുന്നു. 2011 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ഏഴിടത്തും യു ഡി എഫിനായിരുന്നു വിജയം. നേടിയത് 88082 വോട്ടിന്റെ ഭൂരിപക്ഷവും. 2016 ൽ പക്ഷെ കല്പറ്റയും മാനന്തവാടിയും നിലമ്പൂരും തിരുവമ്പാടിയും ജയിച്ചു ഇടത് മുന്നണി കരുത്തു കാട്ടി. യു ഡി എഫ് ഭൂരിപക്ഷം 19053 ൽ ഒതുങ്ങി. 2019 ൽ രാഹുൽ ഗാന്ധിയുടെ രംഗ പ്രവേശനത്തോടെ ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലത്തിൽ സി പി ഐ തങ്ങളുടെ ജനകീയ നേതാവ് പി പി സുനീറിനെ രംഗത്തിറക്കി. രാഹുൽ തരംഗവും ‘വയനാടിന് പ്രധാന മന്ത്രി’യെന്ന യു ഡി എഫ് പ്രചരണവും 431770 വോട്ടുകൾക്ക് രാഹുലിനെ പാർലമെന്റിൽ എത്തിച്ചു. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയും മാനന്തവാടിയും നിലമ്പൂരും ഇടത്തോട് ചാഞ്ഞപ്പോൾ മറ്റ് നാലിടങ്ങളിൽ യു ഡി എഫ് തേരോട്ടമായിരുന്നു. യു ഡി എഫ് ഭൂരിപക്ഷം 39046.
വയനാട് പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമ സഭ മണ്ഡലങ്ങളിൽ ഏറനാടും വണ്ടൂരും ഒഴിച്ച് ബാക്കിയുള്ള അഞ്ചെണ്ണവും ഇടത്തോട്ടും വലത്തോട്ടും ആഭിമുഖ്യം പുലർത്തുന്നവയാണ് എന്നതാണ് സത്യം. തെരഞ്ഞെടുപ്പ് ചരിത്രം വിശകലനം ചെയ്യുമ്പോൾ ദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക വിഷയങ്ങളും സ്ഥാനാർഥികളുടെ ജനകീയതയും വോട്ടർമാരിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറയേണ്ടി വരും. ഇരു വിഭാഗം സമസ്തകളും ക്രൈസ്തവ സഭകളും എസ് എൻ ഡി പി, എൻ എസ് എസ് പോലുള്ള സംഘടനകളും പല മണ്ഡലങ്ങളിലെയും വിധി നിർണ്ണയത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ബി ജെ പി ക്ക് പുറമേ വെൽ ഫെയർ പാർട്ടി, എസ് ഡി പി ഐ, ബി എസ് പി, ആം ആദ്മി,എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പോലുള്ള പാർട്ടികളും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സാന്നിദ്ധ്യം അറിയിക്കാറുണ്ട്.
മണ്ഡലങ്ങളിലൂടെ ഒരെത്തി നോട്ടം
സുൽത്താൻ ബത്തേരി
ആർക്കും പിടി കൊടുക്കാത്ത പ്രത്യേക തരം മനസ്സാണ് ബത്തേരിയിലെ വോട്ടർമാരുടേത്. ഇഷ്ടം തോന്നിയാൽ വാരിക്കോരിക്കൊടുക്കാനും ഇഷ്ടക്കേട് വന്നാൽ നിർദയം പ്രഹരിക്കാനും മടിയില്ലാത്ത പ്രകൃതം. 2001 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വാതന്ത്രൻ ഫാദർ മത്തായി നൂറനാലിനെതിരെ യു ഡി എഫ് സ്ഥാനാർഥി എൻ ഡി അപ്പച്ചന് 23356 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ ബത്തേരിക്കാർ അതേ അപ്പച്ചനെതിരെ 2006 ൽ സി പി എമ്മിലെ പി കൃഷ്ണ പ്രസാദിന് നൽകിയത് 25540 വോട്ടിന്റെ ഭൂരിപക്ഷം. കരുണാകരൻ കോൺഗ്രസ് പിളർത്തി ഡി ഐ സി(കെ )രൂപീകരിച്ച ശേഷം നടന്ന പ്രസ്തുത തെരഞ്ഞെടുപ്പിൽ അപ്പച്ചൻ ഡി ഐ സി യുടെ സ്ഥാനാർഥിയായിരുന്നു. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബത്തേരിക്കാർ പക്ഷെ യു ഡി എഫി നോട് കൂറ് കാട്ടി. 2011 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ഐ സി ബാലകൃഷ്ണന് ഇ എ ശങ്കരനെതിരെ 7583 വോട്ട് ലീഡ് നൽകിയവർ 2014 ലോക സഭയിൽ സത്യൻ മൊകേരിക്ക് 8983 വോട്ടിന്റെ മുൻതൂക്കം നൽകി.
2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ഐ സി യുടെ ഭൂരിപക്ഷം 11198 ആക്കി ഉയർത്തിയ ബത്തേരിക്കാർ 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് നൽകിയത് 70465 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം. 2021 ൽ ഐ സി ക്ക് മൂന്നാം അവസരം നൽകിയ ബത്തേരി ലീഡ് 11822ആക്കി ഉയർത്തിക്കൊടുത്തു. 2006 ന് മുൻപ് 1996 ൽ പി വി വർഗീസ് വൈദ്യർ നേടിയ 1296 വോട്ടിന്റെ വിജയവും എൽ ഡി എഫിന്റെ കണക്കിലുണ്ട്.
കല്പറ്റ
ബത്തേരിയെ പോലെ പ്രവചനാതീതം തന്നെയാണ് കല്പറ്റയുടെ മനസ്സും. 2019 ൽ രാഹുൽ ഗാന്ധിക്ക് നൽകിയത് 63754 വോട്ട് ലീഡ്, മുൻ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും യു ഡി എഫ് മുന്നേറ്റം. നിയമ സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ നിലവിൽ കോൺഗ്രസ്സിലെ ടി സിദ്ദിഖ് ആണ് എം എൽ എ. 5740 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്ഥാനാർഥി എം വി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയത്.
ഇതേ ശ്രേയാംസ് കുമാർ 2016 ൽ യു ഡി എഫ് സ്ഥാനാർഥി ആയിരുന്നപ്പോൾ എൽ ഡി എഫിലെ സി കെ ശശീന്ദ്രനോട് പരാജയപ്പെട്ടത് 13083 വോട്ടുകൾക്കായിരുന്നു. 2011 ൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് എൽ ഡി എഫിലെ പി എ മുഹമ്മദിനെ 18169 വോട്ടിനും 2006 ൽ നാലാം ജയം പ്രതീക്ഷിച്ചെത്തിയ കെ കെ രാമചന്ദ്രൻ മാസ്റ്ററെ 1841 വോട്ടിനും ശ്രേയാംസ് കുമാർ പരാജയപ്പെടുത്തിയിട്ടുണ്ട്(അന്ന് എൽ ഡി എഫ് സ്ഥാനാർഥി ). കെ ജി അടിയോടി, എം കമലം, എം പി വീരേന്ദ്ര കുമാർ, എന്നിവരെല്ലാം കല്പറ്റയിൽ വിജയക്കൊടി പാറിച്ചവരാണ്. കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ഹാട്രിക് ജയവും (1991,96,2001) ഇരു മുന്നണിയിൽ നിന്നുമുള്ള ശ്രേയാംസിന്റെ ജയങ്ങളും തോൽവികളും കല്പറ്റയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കൗതുകമാണ്.
മാനന്തവാടി
വയനാട് മണ്ഡല രൂപീകരണത്തിന് മുൻപ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിന് കീഴിലായിരുന്നു മാനന്തവാടി. വടക്കേ വയനാട് എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2008 ലെ മണ്ഡല പുനർ നിർണ്ണയത്തോടെ മാനന്തവാടി ആയി മാറുകയായിരുന്നു. 1970മുതലുള്ള നിയമ സഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ്സ് മേൽക്കോയ്മക്കന്ത്യം കുറിച്ച് 2006 ൽ മണ്ഡലം കെ സി കുഞ്ഞി രാമനിലൂടെ ഇടത്തോട്ട് തിരിയുകയായിരുന്നു. മുസ്ലിം ലീഗിലെ പി ബാലനെ അന്ന് 15115 വോട്ടുകൾക്കാണ് കുഞ്ഞി രാമൻ പരാജയപ്പെടുത്തിയത്. 2011 ൽ കെ സി കുഞ്ഞി രാമനെ വീഴ്ത്തി പി കെ ജയലക്ഷ്മി വീണ്ടും മണ്ഡലത്തെ യു ഡി എഫ് കരങ്ങളിലാക്കി.12734 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2009 ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിനും 2014 ൽ സത്യൻ മൊകേരിക്കും ലീഡ് നൽകി. 8666 വോട്ടാണ് 2014 ലെ എൽ ഡി എഫ് ലീഡ്. 2019 ൽ രാഹുൽ ഗാന്ധിക്ക് മാനന്തവാടിക്കാർ നൽകിയ ഭൂരിപക്ഷം 54631.നിയമ സഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ ഒ ആർ കേളുവിലൂടെ എൽ ഡി എഫ് മുന്നേറ്റം ആണ് കാണുന്നത്. 2016 ൽ സിറ്റിംഗ് എം എൽ എ യും മന്ത്രിയുമായ പി കെ ജയലക്ഷ്മിയെ 1307 വോട്ടുകൾക്ക് ആണ് കേളു തോല്പിച്ചത്. 2021 ൽ ജയലക്ഷ്മിക്കെതിരെ തന്നെ കേളു 9282 വോട്ടുകൾക്ക് വിജയം നേടി. കെ കെ അണ്ണൻ, എം വി രാജൻ, കെ രാഘവൻ, രാധ രാഘവൻ എന്നിവരാണ് 1965 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
തിരുവമ്പാടി
മലയോര മേഖലയിലെ കർഷകരുടെ നിലപാടുകളും മത സംഘടനകളുടെ ഇഷ്ടാനിഷ്ടങ്ങളും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രകടമായി തെളിഞ്ഞു വരാറുള്ള തിരുവമ്പാടി മണ്ഡലം ആരുടേയും കുത്തകയോ ആർക്കും ബാലി കേറാ മലയോ അല്ല.1977, 80, 82 തെരഞ്ഞെടുപ്പുകളിൽ സിറിയക് ജോണും 87 ൽ പി പി ജോർജും തിരുവമ്പാടിയുടെ നാഥന്മാരായി. കോൺഗ്രസ് പിളർപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിറിയക് ജോൺ കോൺഗ്രസ് (യു ) സ്ഥാനാർഥിയായിരുന്നു. 1991, 96 തെരഞ്ഞെടുപ്പുകളിൽ ലീഗ് നേതാവ് എ വി അബ്ദു റഹ്മാൻ ഹാജിയെയും 2001 ലും 2011ലും ലീഗിലെ തന്നെ സി മോയിൻ കുട്ടിയെയും സ്വീകരിച്ച മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം നാല് തവണയാണ് ഇടതിനോട് ആഭിമുഖ്യം കാണിച്ചത്. 2006 ൽ മത്തായി ചാക്കോയും 2006 ലെ ഉപതെരഞ്ഞെടുപ്പിലും 2016 ലും ജോർജ് എം തോമസും 2021 ൽ ലിന്റോ തോമസും മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 2016 ൽ 3008 വോട്ടും 2021 ൽ 4643 വോട്ടുമായിരുന്നു ഇടത് ഭൂരിപക്ഷം. പാർലമെന്റ് തെരഞ്ഞെടുപ്പിലെ രാഹുലിന്റെ ഭൂരിപക്ഷം 54471.
ഏറനാട്
2008 ലെ നിയമ സഭ പുനർ നിർണ്ണയത്തോടെ നിലവിൽ വന്ന മണ്ഡലം വലത്തോട്ട് ആഭിമുഖ്യം കാട്ടുന്നതായാണ് കാണുന്നത്. 2011 മുതൽ തുടർച്ചയായി മൂന്ന് തവണ പി കെ ബഷീർ വിജയം കുറിക്കുന്നു. 2011 ൽ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിനെതിരെ 11246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബഷീർ 2016 ൽ ഭൂരിപക്ഷം 12893 ആക്കി വർദ്ധിപ്പിച്ചു. 2021 ൽ കെ ടി അബ്ദു റഹ്മാനെതിരെ ബഷീർ നേടിയത് 22546 വോട്ടിന്റെ ലീഡാണ്. 2014 പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫിന് 18838 വോട്ടിന്റെയും 2019 ൽ രാഹുൽ ഗാന്ധിക്ക് 56527 വോട്ടിന്റെയും ലീഡ് നൽകി. 2014 ൽ വയനാട് ജില്ലയിൽ കാലിടറിയ ഷാനവാസിന് കര കയറാൻ കഴിഞ്ഞത് ഏറനാടിന്റെയും വണ്ടൂരിന്റെയും സഹായം കൊണ്ടാണെന്ന് പറയാം
വണ്ടൂർ
വണ്ടൂരിന്റെ മനസ്സും യു ഡി എഫിന് ഒപ്പമെന്നാണ് കണക്കുകൾ പറയുന്നത്. 1996 ൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കണ്ണൻ പന്തളം സുധാകരനെ 4201 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് മാത്രമാണ് ഇതിനൊരു അപവാദം. 2001 മുതൽ കോൺഗ്രസ് നേതാവ് എ പി അനിൽകുമാറാണ് അവിടെ വിജയിക്കുന്നത്. 2009 ലും 2014 ലും 2019 ലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ യു ഡി എഫ് ആധിപത്യം പ്രകടമായിരുന്നു.
2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വണ്ടൂർ നൽകിയ 12267 വോട്ടുകളുടെ ലീഡ് ഷാനവാസിന്റെ വിജയത്തിൽ വഹിച്ച പങ്ക് ചെറുതല്ല.2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ കെ നിശാന്തിന്നെതിരെ അനിൽകുമാർ നേടിയത് 23864 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ ഭൂരിപക്ഷം 69555. എന്നാൽ 2021 ൽ പി മിഥുനക്കെതിരെ അനിൽകുമാറിന് നേടാനായത് 15563 വോട്ടുകളുടെ ലീഡാണെന്നത് ശ്രദ്ധേയമാണ്. 1977 ൽ വെള്ള ഈചരൻ, 1980 ൽ എം എ കുട്ടപ്പൻ, 82 ലും 87 ലും 91 ലും പന്തളം സുധാകരൻ എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
നിലമ്പൂർ
അതിശയോക്തി നിറഞ്ഞതും രാഷ്ട്രീയ വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്നതുമാണ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം.
1965 ൽ സി പി എം നേതാവ് കുഞ്ഞാലി ആര്യാടൻ മുഹമ്മദിനെ 7161 വോട്ടുകൾക്ക് തോൽപിച്ചു. 1967 ലെ കുഞ്ഞാലി ആര്യാടൻ അങ്കത്തിൽ കുഞ്ഞാലിയുടെ ലീഡ് 9789 വോട്ട്. 1970 ൽ എം പി ഗംഗാധരൻ,77 ൽ ആര്യാടൻ മുഹമ്മദ്, 80 ൽ സി ഹരിദാസ് (കോൺഗ്രസ് യു ) 82 ൽ ടി കെ ഹംസ എന്നിവരായിരുന്നു നിലമ്പൂരിന്റെ സാമാജികർ. 1987 മുതൽ 2011 വരെ ആര്യാടന്റെ സർവ്വാധിപത്യം. യു ഡി എഫ് മുന്നേറ്റത്തിന് തടയിട്ട് കൊണ്ട് 2016 ൽ പി വി അൻവറിലൂടെയുള്ള ഇടത് പരീക്ഷണത്തിന് നിലമ്പൂർ ജനത നൽകിയ അംഗീകാരം 11504 വോട്ട് ഭൂരിപക്ഷം. ആര്യാടൻ ഷൗക്കത്ത് ആയിരുന്നു എതിരാളി. 2021 ൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും അൻവർ മണ്ഡലം നില നിർത്തി. വി വി പ്രകാശിനെതിരെ നേടാനായത് 2700 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ യു ഡി എഫ് ലീഡ് 61660. 2014 ൽ എൽ ഡി എഫി നേക്കാൾ വെറും 3266 വോട്ടുകൾ മാത്രമാണ് ഷാനവാസ് അധികമായി നേടിയത്.
ബിജെപി, മറ്റ് രാഷ്ട്രീയ പാർട്ടികൾ
ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ സാന്നിദ്ധ്യം അറിയിക്കാനല്ലാതെ കാര്യമായ സ്വാധീനം ചെലുത്താൻ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. 2009 ലും 2014 ലും എൻഡിഎക്ക് വേണ്ടി ബിജെപിയും 2019 ൽ ബിഡിജെഎസുമാണ് മത്സരിച്ചത്. 2014 ൽ ബിജെപി സ്ഥാനാർഥി പി ആർ രശ്മിൽ നാഥ് നേടിയ 80752 വോട്ടാണ് ഇത് വരെയുള്ള ബിജെപി യുടെ മികച്ച പ്രകടനം.
കഴിഞ്ഞ തവണ ബി ഡി ജെ എസി നു വേണ്ടി രംഗത്തിറങ്ങിയ തുഷാർ വെള്ളാപ്പള്ളിക്ക് 78816 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2009 ൽ ബിജെപി യുടെ സമ്പാദ്യം 31687 വോട്ടുകൾ ആയിരുന്നു. സി വാസുദേവൻ മാസ്റ്റർ ആയിരുന്നു സ്ഥാനാർഥി. 2009 ൽ എൻ സി പി സ്ഥാനാർഥിയായി വന്ന് 99663 വോട്ടുകൾ നേടിയ കെ മുരളീധരനും 2014 ൽ സ്വതന്ത്ര വേഷത്തിൽ വന്ന് 37123 വോട്ടുകൾ സമാഹരിച്ച പി വി അൻവറും ഇപ്പോൾ യഥാക്രമം വടകര എം പി യും നിലമ്പൂർ എംഎൽഎയുമാണ്.
കുത്തകയോ കിട്ടാക്കനിയോ അല്ല
നിഷ്പക്ഷമായും വസ്തു നിഷ്ഠമായും വയനാട് പാർലമെന്റ് മണ്ഡലത്തെ പഠിക്കുമ്പോൾ വയനാട് ആരുടെയെങ്കിലും കുത്തകയായോ ആർക്കെങ്കിലും കിട്ടാക്കനിയായോ വിലയിരുത്താൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. 2009 ലെയും 2019 ലെയും തെരഞ്ഞെടുപ്പ് ഫലങ്ങളും നിയമ സഭ മണ്ഡലങ്ങളിലെ വോട്ടിംഗ് നിലകളും ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് ആത്മ വിശ്വാസമെങ്കിൽ 2014 ലെ പ്രകടനവും നിയമ സഭ മണ്ഡലങ്ങളിൽ പല തെരഞ്ഞെടുപ്പുകളിലും നേടിയ മിന്നും ജയങ്ങളും ഇടതു മുന്നണിക്കും പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന ഇമേജും ‘രാഹുൽ’ വികാരവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന കണക്ക് കൂട്ടൽ യു ഡി എഫ് കേന്ദ്രങ്ങൾക്കുണ്ടെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട രാഹുൽ തരംഗം ഇക്കുറി മണ്ഡലത്തിൽ നില നിൽക്കുന്നില്ലെന്നതാണ് വാസ്തവം.ന്യൂന പക്ഷങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും കാര്യമായ വേരോട്ടമുള്ള വയനാട് പാർലമെന്റ് മണ്ഡലത്തിന് കീഴിലെ പല നിയമ സഭ മണ്ഡലങ്ങളും കാലാ കാലങ്ങളിൽ നില നിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്നതിനാൽ മണ്ഡലം ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമാണെന്ന വിലയിരുത്തൽ തീർത്തും നിരർത്ഥകമാണെന്ന് തന്നെ പറയേണ്ടി വരും.
കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലുകൾക്കൊപ്പം എം പി എന്ന നിലയിലുള്ള രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സജീവ ചർച്ച വിഷയമാകും,രാത്രി യാത്ര ഗതാഗത നിരോധനവും വന്യ മൃഗ ശല്യവും മലയോര മേഖലയിലെ കർഷകരുടെ വിഷയങ്ങളും വയനാടിന്റെ ട്രെയിൻ സ്വപ്നങ്ങളും പ്രചരണത്തിൽ ഇടം പിടിക്കുമ്പോൾ തെരഞ്ഞെടുപ്പ് രംഗം തീ പാറുമെന്നുറപ്പ്.