എം ടി വാസുദേവൻനായർക്ക് പിന്നാലെ ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുകയാണ്. മാഗസിൻ ജേണലിസത്തിൽ വലിയ ഇരിപ്പിടങ്ങൾ കെട്ടിപ്പൊക്കിയ രണ്ട് പത്രാധിപൻമാർ ദിവസങ്ങളുടെ വ്യത്യാസത്തിൽ വിട്ടുപിരിഞ്ഞു. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. മലയാളരാജ്യം, സമകാലിക മലയാളം വാരിക എന്നിവയുടെയും പത്രാധിപരായിരുന്നു. മലയാളത്തിലെ മാഗസിൻ ജേണലിസത്തിന് പുതിയ മുഖം നൽകിയ വ്യക്തിയാണ് ജയചന്ദ്രൻ നായർ.
എംടിയുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. എംടിയുടെ ജീവചരിത്ര പഠനഗ്രന്ഥമായ ‘കഥാസരിത് സാഗരം’ എഴുതിയത് ജയചന്ദ്രൻ നായരാണ്. ‘രണ്ടാമൂഴ’ത്തിന്റെ കൈയെഴുത്തുപ്രതി ഏൽപിക്കുമ്പോൾ എംടി പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ ഇത് സീരിയൽ ചെയ്‌താൽ ശരിയാകുമോയെന്ന്.’ സത്യസന്ധമായ ആ ഉത്‌കണ്‌ഠ അടിസ്ഥാനരഹിതമായിയിരുന്നുവെന്ന് കാലം തെളിയിച്ചുവെന്ന് പിൽക്കാലത്ത് ജയചന്ദ്രൻ നായർ അഭിമാനത്തോടെ ഓർമിച്ചു. നമ്പൂതിരിയുടെ ചിത്രങ്ങളോടെ ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ചത് പത്രാധിപർ എന്ന നിലയിൽ ജയചന്ദ്രൻ നായരുടെ ഗ്രാഫ് ഉയർത്തി. എംടിയുടെ ‘വാരാണസി’ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
വിവിധ മേഖലകളിൽ ഒട്ടേറെ പുതിയ എഴുത്തുകാരെ കണ്ടെത്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വലുപ്പച്ചെറുപ്പമോ പ്രശസ്തിയോ ഒന്നും പ്രസിദ്ധീകരണത്തിനു പരിഗണിക്കപ്പെട്ടില്ല. എഴുത്തിന്റെ മികവു മാത്രമായിരുന്നു മാനദണ്ഡം. സാഹിത്യം, സിനിമ, രാഷ്ട്രീയം, ചിത്രരചന തുടങ്ങിയ രംഗങ്ങളിലെ നിരവധി പ്രമുഖരെ കണ്ടെത്താനും വളർത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കണിശമായ സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മാധ്യമപ്രവർത്തകനെന്ന നിലയിൽ അനുഭവങ്ങളുടെ ഒരു കടൽ തന്നെയുണ്ട് എസ് ജയചന്ദ്രൻ നായരുടെ ഉള്ളിൽ.
മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽനിന്ന് എന്നും അകന്നുനിന്നു. പിന്നണിയിലായിരിക്കണം പത്രാധിപർ ഉണ്ടാകേണ്ടതെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.വിദേശ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ശ്രദ്ധേയമായ പഠനങ്ങൾ മലയാളികൾക്കു വേണ്ടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതും സ്വന്തം കർത്തവ്യമായി കണ്ടു. പത്രപ്രവർത്തനം വിട്ട ശേഷം എഴുത്തിൽ സജീവമായി. നോവലടക്കം ഈ കാലയളവിൽ പ്രസിദ്ധീകരിച്ചു.
ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ആ വാക്കിന്റെ അർഥം, ഒരു നിലവിളി, മരക്കുതിര, ബാക്കിപത്രം തുടങ്ങിയ നോവലുകൾ രചിച്ചു. ഗാന്ധിജിയുടെ അവസാന ദിവസങ്ങൾ, ജെന്നി മാർക്സിന്റെ ജീവിതം, റോസാദളങ്ങൾ, തേരൊലികൾ, ആന്ദ്ര തർക്കോവ്സ്കി: ജീവിതവും ചലച്ചിത്രങ്ങളും, വെയിൽത്തുണ്ടുകൾ, പാടിത്തീരാത്ത പാട്ടിന്റെ സംഗീതം, സ്വാതന്ത്ര്യത്തിന് 21 ദിവസം മുൻപ്, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, പുഴകളും കടലും, ബാക്കിപത്രം, മരക്കുതിര, ഇലകൾ പൊഴിയാത്ത മരങ്ങൾ, ഗോഡ്സെക്കും പ്രതിമ, കാഴ്ചയുടെ സത്യം തുടങ്ങിയവയാണ് മറ്റു ഗ്രന്ഥങ്ങൾ.