Friday, November 22, 2024
spot_imgspot_img
HomeLatest Newsഒരേയൊരു സി കെ; കരുത്തനായ കമ്മ്യൂണിസ്റ്റ് വിട പറഞ്ഞിട്ട് ഒരു ദശാബ്ദം

ഒരേയൊരു സി കെ; കരുത്തനായ കമ്മ്യൂണിസ്റ്റ് വിട പറഞ്ഞിട്ട് ഒരു ദശാബ്ദം

ആർ അജയൻ(നവയു​ഗം എഡിറ്റർ)

വിപ്ലവ കേരളത്തിന്റെ ചുവന്ന താരകം സഖാവ് സി കെ ചന്ദ്രപ്പൻ ഓർമ്മയായിട്ട് മാർച്ച് 22ന് ഒരു ദശാബ്ദം പിന്നിടുന്നു. കേരളത്തെ അമേരിക്കൻ മോഡൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഇടയാക്കിയ പുന്നപ്രവയലാർ വിപ്ലവത്തിന്റെ പാരമ്പര്യവും പൈതൃകവുമാണ് ജീവിതകാലം മുഴുവൻ സഖാവ് സി കെ ചന്ദ്രപ്പൻ ഉയർത്തിപ്പിടിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന പുന്നപ്രവയലാർ ഇതിഹാസനായകൻ സി കെ കുമാരപ്പണിക്കരുടെ പുത്രനായ സി കെ ചന്ദ്രപ്പൻ, ബാല്യത്തിൽതന്നെ പ്രസ്ഥാനത്തിൽ അണിചേർന്നു. ഒളിവിലുള്ള നേതാക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറുക എന്ന അതി സാഹസികതനിറഞ്ഞ പ്രവർത്തനമായിരുന്നു വിപ്ലവ ജീവിതത്തിലെ ആദ്യ കർത്തവ്യം.

ഹൈസ്‌കൂൾ കാലത്തുതന്നെ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനായി. തുടർന്ന് എഐവൈഎഫിന്റെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് അദ്ദേഹം വളർന്നു. 18 വയസിനു മുമ്പു തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിക്കുകയുണ്ടായി. എസ്‌ഫ്-വൈഎഫ് ദേശീയ നേതൃത്വത്തിന്റെ അമരകാരനായിരുന്നുകൊണ്ട് യുവജനവിദ്യാർത്ഥി സംഘടനകളെ ശരിയായ ദിശാബോധത്തിലേക്ക് നയിക്കുകയും സമരോത്സുകം ആക്കുകയും ചെയ്തു.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ തകർക്കാനായി വലതുപക്ഷ ശക്തികൾ വിമോചന സമരം ആരംഭിച്ചപ്പോൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ സഖാകൾ ചന്ദ്രപ്പന്റെയും കണിയാപുരത്തിന്റെയും നേതൃത്വത്തിൽ യുവജന വിദ്യാർത്ഥി ഫെഡറേഷനുകളുടെ ആഭിമുഖ്യത്തിൽ വിമോചന സമരത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടികൊണ്ട് നടത്തിയ പ്രചരണജാഥകൾ വിമോചന സമരക്കാർക്ക് കനത്ത പ്രഹരമായിരുന്നു. ഇന്ത്യൻ യുവത്വത്തിന്റെ സമര തീക്ഷ്ണതയെ ഉത്തേജിപ്പിക്കാനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ യുവജനങ്ങളെ പങ്കാളികളാക്കാനും സി കെ പ്രത്യേകം ശ്രദ്ധിച്ചു.

ഗോവയെ വിമോചിപ്പിക്കാൻ ഡാങ്കെയുടെ ആഹ്വാനം: പറങ്കി പടയെ വെല്ലുവിളിച്ച സികെയും സഖാക്കളും https://youngindianews.in/the-memory-of-ck-in-indian-history

വിയ്റ്റനാം യുദ്ധ വിരുദ്ധ പ്രക്ഷോഭം, ആഫ്രിക്കൻ വിമോചന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം, പലസ്തീൻ, ക്യൂബ തുടങ്ങി സാർവ്വദേശീയ സമര മുന്നണിയിൽ ഇന്ത്യൻ യുവത്വത്തിന്റെ പ്രതിധ്വനി എത്തിക്കാൻ സഖാവ് സി കെയ്ക്ക് കഴിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയിട്ടും ഗോവ വിമോചിപ്പിക്കാൻ ദേശീയ ബൂർഷ്വാസി പ്രത്യേകിച്ചും നെഹ്‌റു ഗവൺമെന്റ് തയ്യാറായിരുന്നില്ല. ഗോവ വിമോചന പോരാട്ടത്തിൽ പാർട്ടി സെന്റർ പ്രത്യേകിച്ച് എസ് എ ഡാങ്കെ തെരഞ്ഞെടുത്ത യുവ കേഡർ ആയിരുന്നു സഖാവ് സി കെ. ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത സഖാവ് സി കെ, പോരാട്ടം വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് സഖാവ് സി കെ ചന്ദ്രപ്പൻ എന്ന വിപ്ലവകാരി നിറഞ്ഞുനിന്നു. ഇന്ത്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത സി കെ പാർലമെന്ററി പ്രവർത്തനങ്ങളിൽ അതീവ മികവും ജാഗ്രതയും പുലർത്തി. 18 വയസ്സിൽ വോട്ടവകാശം, തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് യുവജനങ്ങൾ ഇന്നനുഭവിക്കുന്ന തൊഴിലില്ലായ്മ വേതനവും 18 വയസ്സസിൽ വോട്ടവകാശവും ലഭിച്ചത്.

കേരള നിയമസഭ അംഗമായി 1991 നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി രംഗത്തെ പോരാട്ടത്തിനു ഒപ്പം തന്നെ സമര മുന്നണിയിലും അദ്ദേഹം ഉജ്ജ്വലവും നേതൃത്വപരവുമായ പങ്കാണ് വഹിച്ചിട്ടുള്ളത്. യുവജനങ്ങളുടെ പാർലിമെന്റ് വളയൽ, ഭക്ഷ്യധാന്യ പൂഴ്ത്തിവെപ്പ് കേന്ദ്രങ്ങൾ പിടിച്ചെടുക്കൽ തുടങ്ങി നിരവധി സമരങ്ങൾക്ക് സി കെ നേതൃത്വം നൽകി.

തോപ്പിൽ ഗോപാലകൃഷ്ണൻ എഐവൈഎഫിന്റെ അഖിലേന്ത്യാ നേതൃത്വത്തിൽ എത്തിയപ്പോൾ ഉയർത്തിയ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന സമരത്തിന്റെ പരിസമാപ്തിയായി പാർലമെന്റിന് മുന്നിലേക്ക് എഐവൈഎഫ് പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ സഖാക്കളെ പോലീസിന്റെ ക്രൂരമർദ്ദനത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞത് സി കെയുടെ ഇടപെടൽ കൊണ്ടാണ്.

അദ്ദേഹം പിന്നീട് കിസാൻ സഭയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് പ്രവർത്തനരംഗം മാറ്റുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ അദ്ദേഹത്തിന്റെ അറിവ് പാർട്ടിയുടെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നുപോകാതെ സൂക്ഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പൊതുജീവിതത്തിൽ വിശുദ്ധി സൂക്ഷിക്കാൻ ഓരോ പാർട്ടി പ്രവർത്തകരും തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സിപിഐയുടെ ഏറ്റവും ഉയർന്ന ഘടകമായ കേന്ദ്ര സെക്രട്ടറിയേറ്റിൽ അംഗമായും പാർട്ടി കേരള സംസ്ഥാന കൗൺസിൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.

സഖാവ് സി രാജേശ്വര റാവു, ഭൂപേഷ് ഗുപ്ത, ഇന്ദ്രജിത്ത് ഗുപ്ത,രാജശേഖര റെഡ്ഡി,എൻകെ കൃഷ്ണൻ, എബി ബർദൻ, ഗുരുദാസ് ഗുപ്ത തുടങ്ങിയ ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കന്മാരുടെ ഇടയിലായിരുന്നു സഖാവ് സി കെ ചന്ദ്രപ്പന്റെ സ്ഥാനം. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് അനാരോഗ്യം കാരണം അധിക കാലം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നൂതനവും വ്യത്യസ്തവുമായ ഒട്ടേറെ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നു. അതിന്റെ ഫലമായി പാർട്ടിക്ക് ഒരു വ്യത്യസ്തമായ മുഖം കേരളത്തിൽ കൈവരിക്കാൻ കഴിഞ്ഞു.

വർഗീയശക്തികളുടെ നേതൃത്വത്തിലുള്ള ബിജെപി തന്നെയാണ് നമ്മുടെ മുഖ്യശത്രു എന്ന് അദ്ദേഹം അസന്നിഗ്ധമായി പറയുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളും രാജ്യങ്ങളും ജനങ്ങൾ നേരിടുന്ന ഭീഷണിയെ കുറിച്ചും പാർട്ടി പ്രവർത്തകരെ ജാഗരൂകരാക്കാനും അതനുസരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സി കെയ്ക്കുള്ള കഴിവ് അസാമാന്യം ആയിരുന്നു. സിപിഐ സിപിഐ(എം) ഐക്യം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രസക്തി ഇതേകുറിച്ചെല്ലാം നന്നേ ധാരണയുണ്ടായിരുന്നു സഖാവിന്. കോർപ്പറേറ്റുകളാൽ നയിക്കപ്പെടുന്ന സവർണ്ണ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തിലുള്ള മോദി ഭരണം അവസാനിപ്പിക്കാൻ വിശാല മതേതര ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കണമെന്നതിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് അനുദിനം ശക്തിപ്പെട്ടു വരുന്നു.

സഖാവ് സി കെ ചന്ദ്രപ്പന്റെ ദീപ്തമായ സ്മരണ നമുക്ക് കരുത്ത് പകരട്ടെ.
സഖാവ് സി കെയ്ക്ക് ബാഷ്പാഞ്ജലി

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares