പ്രതിഭാധനനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി ഉണ്ണിരാജയുടെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. 1995 ജനുവരി 28 നാണ് ഉണ്ണിരാജ നമ്മെ വിട്ടുപിരിഞ്ഞത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച സൈദ്ധാന്തികനായിരുന്നു അദ്ദേഹം. മാര്‍ക്‌സിസത്തില്‍ അവഗാഹമായ അറിവുണ്ടായിരുന്ന ഉണ്ണിരാജ അരനൂറ്റാണ്ടിലേറെക്കാലം കമ്മ്യൂണിസ്റ്റുകാരുടെ അധ്യാപകനായി പ്രവര്‍ത്തിച്ചു. സങ്കീര്‍ണതയേറിയ വിഷയങ്ങള്‍ പോലും സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന നിലയില്‍ ലളിതമായി അവതരിപ്പിക്കുവാന്‍ സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ക്‌സിസം ലെനിനിസത്തില്‍ മാത്രമല്ല ചരിത്രത്തിലും ശാസ്ത്രത്തിലും സാഹിത്യത്തിലും പാണ്ഡിത്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ഉണ്ണിരാജ.
1917 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂര്‍ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ച ഉണ്ണിരാജയുടെ പ്രാഥമിക വിദ്യാഭ്യാസം ചാവക്കാട് ഹൈസ്‌കൂളിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യവിഷയങ്ങളില്‍ ഉണ്ണിരാജ ശ്രദ്ധപതിപ്പിച്ചിരുന്നു. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉണ്ണിരാജ ആ സമരം കാണാന്‍ പല തവണ പോയിരുന്നു. സാമൂഹ്യനവോത്ഥാനത്തിനായി നടന്ന സമരങ്ങള്‍ പില്‍ക്കാലത്ത് പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് എത്തിച്ചേരുവാന്‍ അദ്ദേഹത്തിന് പ്രചോദനമായി.
ഉപരിപഠനത്തിനായി മദ്രാസ് ലയോള കോളേജില്‍ ചേര്‍ന്ന ഉണ്ണിരാജ കോളേജ് ലൈബ്രറിയിലുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളിലേയ്ക്ക് അദ്ദേഹം ആകൃഷ്ടനാവുന്നത് അങ്ങനെയാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അദ്ദേഹം മാര്‍ക്‌സിസത്തെയും സോഷ്യലിസത്തെയും കുറിച്ച് ഗൗരവപൂര്‍ണം മനസ്സിലാക്കിയിരുന്നു.
1939 ല്‍ കേരള പാര്‍ട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ പാര്‍ട്ടി അംഗമായ സി ഉണ്ണിരാജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് നിര്‍വഹിച്ചത്. പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റിയിലും തിരുകൊച്ചി കമ്മിറ്റിയിലും അംഗമായിരുന്നു അദ്ദേഹം. 1957 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി. 58 ല്‍ ദേശീയ കൗണ്‍സിലിലും അംഗമായി.
പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തില്‍ ഉണ്ണിരാജ ഒളിവുജീവിതം അനുഭവിച്ചു. ഒളിവുജീവിതത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ അദ്ദേഹം പിന്നീട് ചൈനായുദ്ധവേളയില്‍, 1962 ല്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു.
ആശയപ്രചരണത്തിനായി നിരന്തരം തൂലിക ചലിപ്പിച്ച പ്രതിഭാശാലിയായ എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സൈദ്ധാന്തിക ലേഖനങ്ങളും രാഷ്ട്രീയ-സാമൂഹ്യ-ചരിത്ര-സാഹിത്യ സംബന്ധിയായ ലേഖനങ്ങളുമുള്‍പ്പെടെ എണ്ണമറ്റ സൃഷ്ടികള്‍ അദ്ദേഹത്തിന്റേതായുണ്ട്. ആശയവ്യക്തത വരുത്തുന്നതിനും എതിരാളികളുടെ ദുഷ്പ്രചരണങ്ങളുടെ മുനയൊടിക്കുന്നതിനും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഹാകരമായി. ചരിത്രവസ്തുതകളെ സത്യസന്ധതയോടെ വിലയിരുത്തുന്നതില്‍ പ്രത്യേകമായ നിഷ്‌കര്‍ഷ അദ്ദേഹത്തിനുണ്ടായിരുന്നു. കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും കൃതികള്‍ പരിഭാഷപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.
പത്രപ്രവര്‍ത്തനരംഗത്തും ഉണ്ണിരാജ തന്റേതായ മുഖമുദ്ര പതിപ്പിച്ചു. 1942 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശാഭിമാനി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പത്രാധിപ സമിതിയിലേയ്ക്ക് നിയോഗിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രാഗില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേള്‍ഡ് മാര്‍ക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.
ലളിതവും ആദര്‍ശഭരിതവുമായ പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ ഉദാത്ത അടയാളമായിരുന്നു ഉണ്ണിരാജ. എല്ലാമുള്ള സാഹചര്യത്തില്‍ നിന്ന് ഇറങ്ങിവന്ന് ഒന്നുമില്ലാത്തവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരെ ആശയപരമായി ആയുധമണിയിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ ഉണ്ണിരാജയുടെ ദീപ്തസ്മരണ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എക്കാലവും വെളിച്ചം പകരും.
( സഖാവ് ചന്ദ്രപ്പന്‍ ജനയുഗത്തില്‍ എഴുതിയ ലേഖനം)