അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്കാരം. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിർണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്റർ പുരസ്കാരം നൽകിവരുന്നത്.
2024 ഒക്ടോബർ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, കോമൺവെൽത്ത് , മുൻ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കാണ് പെൻ പിന്റർ പുരസ്കാരം നൽകിവരുന്നത്. ഇംഗ്ലീഷ് പെൻ 2009-ലാണ് പുരസ്കാരം സ്ഥാപിച്ചത്. ഇംഗ്ലീഷ് പെൻ അധ്യക്ഷൻ റൂത്ത് ബോർത്ത്വിക്ക്, നടൻ ഖാലിദ് അബ്ദല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ഈ വർഷത്തെ ജൂറി അംഗങ്ങൾ. അരുന്ധതി റോയ് അനീതിയുടെ അടിയന്തിരമായ കഥകൾ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നുവെന്ന് ജൂറി അധ്യക്ഷൻ റൂത്ത് ബോർത്ത്വിക്ക് ചൂണ്ടിക്കാട്ടി.
‘ഇന്ത്യ ലോകത്തിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിമാറുമ്പോൾ അരുന്ധതി റോയ് യഥാർത്ഥത്തിൽ ഒരു അന്താരാഷ്ട്ര ചിന്തകയാകുന്നു. അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതല്ല,’ അദ്ദേഹം പറഞ്ഞു. ‘സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ്’ അരുന്ധതി എന്നും ജൂറി അംഗം ഖാലിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. ‘അരുന്ധതിയുടെ കൃതികൾ ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും ഒരു നക്ഷത്രമായിരുന്നു’ എന്നും ജൂറി ചൂണ്ടിക്കാട്ടി.
അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താൻ ഡൽഹി ലഫ്നന്റ് ഗവർണർ വി കെ സെ്കസേന അനുമതി നൽകിയതിന് പിന്നാലെയാണ് പുരസ്കാരം തേടിയെത്തുന്നത്. 2010ൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.