സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) മേധാവി അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഇന്ന് പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1988 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. 2016 മുതൽ എസ്‌പിജി ഡയരക്ടറാണ്. കഴിഞ്ഞ മേയിൽ വിരമിക്കാനിരുന്ന സിൻഹയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിനൽകിയിരുന്നു.
കേരളത്തിൽ വിവിധ ജില്ലകളിൽ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്‌ട്രേഷൻ ഐജി, സോണൽ ഐജി തുടങ്ങിയ പദവികളും വഹിച്ചു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെതിരയുണ്ടായ നടന്ന ഇ-മെയിൽ വധഭീഷണി, ലെറ്റർ ബോംബ് കേസ് തുടങ്ങിയ പ്രധാനപ്പെട്ട കേസുകൾ തെളിയിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.