അരുവിക്കര: എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെൻ്റുമായി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി. ഏപ്രിൽ 29 ന് പറണ്ടോട് ഗ്രൗണ്ടിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുക.
സേവ് ഇന്ത്യ മാർച്ചിനോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള പരിപാടികൾ സംസ്ഥാനത്തുടനീളം പ്രവർത്തകർ സംഘടിപ്പിക്കുന്നുണ്ട്. ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് കേരളമൊട്ടാകെയാണ് കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.