ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇല്കടറല്‍ ബോണ്ട് വഴി നാലുകോടി നല്‍കിയ ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് എഎപി. അര്‍ബിന്ദോ ഫാര്‍മ മേധാവി ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മദ്യനയ കേസില്‍ മാപ്പു സാക്ഷിയായ റെഡ്ഡി, ബിജെപിക്ക് നാലു കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് നല്‍കിയ ആളാണ്. കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജെപിക്ക് ഇദ്ദേഹം ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതെന്നും എഎപി മന്ത്രി അതിഷി സിങ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇലക്ടറല്‍ ബോണ്ട് വഴി അനധികൃത പണം കൈപ്പറ്റിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് എതിരെ ഇ ഡി അന്വേഷണം നടത്തണമെന്നും അതിഷി ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26-ന് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ ഖരാവോ നടത്തി പ്രതിഷേധിക്കുമെന്നും അതിഷി വ്യക്തമാക്കി.
”2022 നവംബര്‍ 9-നാണ് ശരത് ചന്ദ്ര റെഡ്ഡിയെ ചോദ്യം ചെയ്യാനായി ഇ ഡി വിളിച്ചുവരുത്തുന്നത്. അരവിന്ദ് കെജ്‌രിവാളിനെ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് റെഡ്ഡി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. എഎപിയുമായി തനിക്ക് ബന്ധമില്ലെന്നും റെഡ്ഡി വ്യക്തമാക്കി എന്നാല്‍, ഇഡി ഇദേഹത്തെ അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിഞ്ഞതിന് ശേഷം ശരത്ചന്ദ്ര റെഡ്ഡി തന്റെ മൊഴി മാറ്റി. അരവിന്ദ് കെജ്‌രിവാളിനെ താന്‍ കണ്ടിരുന്നു എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഇതിന് ശേഷമാണ് റെഡ്ഡിക്ക് ജാമ്യം ലഭിക്കുന്നത്”, അതിഷി ആരോപിച്ചു.
മദ്യനയ അഴിമതിക്കേസില്‍ മാപ്പുസാക്ഷിയായ പി ശരത് ചന്ദ്ര റെഡ്ഡിയുടെ കമ്പനി അരബിന്ദൊ ഫാർമ ലിമിറ്റഡ് ബിജെപിക്ക് കൈമാറിയത് 55 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍. 2022 നവംബറില്‍ ശരതിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അഞ്ച് കോടി രൂപയാണ് കമ്പനി ബിജെപിക്ക് സംഭാവന നല്‍കിയത്. കേസില്‍ ജാമ്യാപേക്ഷയുമായി ശരത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇ ഡി എതിർത്തിരുന്നില്ല. 2023 മേയില്‍ കോടതി ജാമ്യം നല്‍കുകയും ജൂണില്‍ ശരത് മാപ്പുസാക്ഷിയാകുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം കമ്പനി 25 കോടി രൂപ കൂടി ബിജെപിക്ക് സംഭാവനയായി നല്‍കി. പിന്നാലെ എപിഎല്‍ ഹെല്‍ത്ത്‌കെയർ ലിമിറ്റഡിന്റെ പേരില്‍ ശരത് 10 കോടിയും സംഭാവന ചെയ്തു. അരബിന്ദോയുടെ ഡയറക്ടർമാരിലൊരാളായ രഗുനാഥന്‍ കണ്ണന്‍ 15 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇവ മൂന്നും 2023 നവംബർ എട്ടിനാണ്.