മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജമ്യത്തിനായുള്ള വാദത്തിൽ സിബിഐക്ക് നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങളാണ്. കൂട്ടിലടച്ച തത്തയാവരുത് കേന്ദ്ര ഏജൻസി എന്ന് സുപ്രീം കോടതി വിമർശിച്ചു. കെജരിവാളിന്റെ അറസ്റ്റ് നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് ഉജ്വൽ ഭൂയാൻ വിധിയിൽ ചൂണ്ടിക്കാട്ടി. കേസ് എടുത്ത് 22 മാസമായിട്ടും സിബിഐക്ക് അറ്സ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇഡി അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് കേസിൽ സിബിഐ അറസ്റ്റിലേക്ക് നീങ്ങിയത്. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരതരമായ ചോദ്യം ഉയർത്തുമെന്നും അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്നും ജസ്റ്റിസ് ഉജ്വൽ ഭൂയാൻ വിധിയിൽ ചൂണ്ടിക്കാട്ടി.
കെജരിവാളിൻ അറസ്റ്റിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. സിബിഐ രാജ്യത്തെ വലിയ അന്വേഷണ ഏജൻസിയാണെങ്കിലും ഈ കേസിന്റെ കാര്യത്തിൽ ശരിയായ രീതിയിൽ അല്ല അന്വേഷണം നടന്നിരിക്കുന്നതെന്നും ജസ്റ്റിസ് ഉജ്വൽ ഭുയാൻ ചുണ്ടിക്കാട്ടി.
എന്നാൽ കേസ് വിധി പറയേണ്ട സുപ്രീം കോടതി ബഞ്ചിൽ പോലും രണ്ട് അഭിപ്രയമാണ് ഉണ്ടയതെന്നതും ചർച്ചയായിട്ടുണ്ട്. അറസ്റ്റിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്ന് ജസ്റ്റിസ് ഉജ്വൽ ഭുയാൻ വാദിച്ചപ്പോൾ അറസ്റ്റ് നിയമപരമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇഡിയുടെ കേസിൽ അറസ്റ്റിലായ ഒരാളെ അതേക്കുറ്റത്തിന്റെ പേരിൽ മറ്റൊരു അന്വേഷണ ഏജൻസിക്ക് അറസ്റ്റ് ചെയ്യാൻ സിആർപിസിയുടെ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിധിയിൽ ചൂണ്ടിക്കാട്ടി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. ഇതോടെ കെജ്‌രിവാൾ ജയിൽമോചിതനാകും. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നേരത്തേ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതിനുശേഷം ജയിലിൽ കഴിയുകയായിരുന്ന കെജ്‌രിവാളിന് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. മേയ് പത്തിനായിരുന്നു അദ്ദേഹം ജയിൽ മോചിതനായത്. ജൂൺ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.
കസ്റ്റഡിയിൽ ഇരിക്കെ ജൂൺ 26ന് സിബിഐയും അറസ്‌റ്റ് രേഖപ്പെടുത്തി. സിആർപിസി 41 എ പ്രകാരം ചോദ്യംചെയ്യാൻ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്‌റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി അന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സിആർപിസി 41 എയിൽ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നൽകുന്നത്. ഇഡി കേസിൽ ജാമ്യം ലഭിച്ചാലും കെജ്‌രിവാൾ പുറത്തിറങ്ങരുതെന്ന നിർബന്ധ ബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്‌തംബർ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. സത്യം ജയിച്ചെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു.