ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂൺ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരൻ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരൻ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങൾ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാൾ ഡൽഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകൾ ഹാജരാക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുമെന്നു വ്യക്തമായതോടെ ഇഡി പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശം മൗലിക അവകാശമല്ലെന്നാണ് ഇഡി നിലപാടെടുത്തത്.
കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെ കോടതി ചോദ്യം ചെയ്തു. രണ്ടു വർഷമെടുത്താണ് എന്തെങ്കിലുമൊരു പുരോഗതിയുണ്ടാവുന്നത്. പ്രതികളോടും സാക്ഷികളോടും കൃത്യമായ ചോദ്യങ്ങൾ ചോദിക്കാതെ ഇഡി വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിൽ കെജരിവാളിന്റെ പങ്ക് പിന്നീട് വ്യക്തമായതെന്ന് ഇഡിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. തുടക്കത്തിൽ കെജരിവാളിൽ ആയിരുന്നില്ല ഫോക്കസ്. പിന്നീടു കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടു. ഗോവ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെജരിവാൾ സെവൻ സ്റ്റാർ ഹോട്ടലിലാണ് തങ്ങിയതെന്നും ഡൽഹി പൊതു ഭരണ വകുപ്പ് ഇതിനു ഭാഗികമായി പണം നൽകിയിട്ടുണ്ടെന്നും എസ് വി രാജു പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ മാർച്ച് 21നാണ് കെജരിവാളിനെ അറസ്്റ്റ് ചെയ്തത്. തിഹാർ ജയിലിൽ കഴിയുന്ന കെജരിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കഴിഞ്ഞിട്ടില്ല.
അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.