മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിട്ടത്.
മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.