Thursday, November 21, 2024
spot_imgspot_img
HomeIndiaഅഗ്നിപഥ്: പ്രതിഷേധവുമായി ഉദ്യോ​ഗാർത്ഥികൾ തെരുവുകളിൽ; രണ്ട് ട്രെയിനുകൾ കൂടി തീയിട്ടു

അഗ്നിപഥ്: പ്രതിഷേധവുമായി ഉദ്യോ​ഗാർത്ഥികൾ തെരുവുകളിൽ; രണ്ട് ട്രെയിനുകൾ കൂടി തീയിട്ടു

ന്യൂഡൽഹി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി വൻ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ബിഹാറിലെ സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾക്ക് തീയിട്ടു. സമസ്തിപൂരിൽ ജമ്മു താവി- ​ഗുഹാവത്തി എക്സ്പ്രസിനാണ് ഉദ്യോ​ഗാർത്ഥികൾ തീയിട്ടത്. ഇതിനുപുറമേ ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു. ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു.ബക‍്‍സർ, ലഖിസരായി,ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും അക്രമികൾ തീയിട്ടു.

ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി.സ്റ്റേഷൻ നൂറിലധികം പ്രതിഷേധക്കാർ അടിച്ചുതകർത്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ.

ഉദ്യോ​ഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

അതേസമയം ‘അഗ്നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ ഉയ‍ർത്തി. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെൻറ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസർക്കാർ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares