ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബീഫ് ഇറച്ചി പാകംചെയ്യുന്നതിനും കഴിക്കുന്നതിനും നിരോധനമേർപ്പെടുത്തി അസം സർക്കാർ. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതായി ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുചടങ്ങുകളിലും ബീഫ് പാകം ചെയ്ത് വിളമ്പുന്നതിനാണ് അസം മന്ത്രിസഭ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഹിന്ദുക്കൾ ഭൂരിപക്ഷമായി അതിവസിക്കുന്ന പ്രദേശങ്ങളിൽ ബീഫ് ഇറച്ചി വിൽക്കുന്നതിനും പാകംചെയ്യുന്നതിനും 2021 ൽ അസം സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. അതേപോലെ ജൈന മതക്കാർ, സിഖു വംശജർ ഉൾപ്പെടെയുള്ള ബീഫ് കഴിക്കാത്തവർ കൂടുതലായുള്ള പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും സത്രങ്ങളുടെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലും നിരോധനം ബാധകമായിരുന്നു. അതിന്റെ പിന്നാലെയാണ് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബീഫ് ഇറച്ചി പാകംചെയ്യുന്നതിനു വിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം.
സമഗുരി നിയമസഭാ സീറ്റിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വോട്ടർമാർക്ക് ബിജെപി പ്രവ്രത്തകർ ബീഫ് വിതരണം ചെയ്തെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോൺഗ്രസ് എംപി റാക്കിബുൾ ഹുസൈനും അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറയും സമ്മതിച്ചാൽ സംസ്ഥാനത്ത് ബീഫ് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.