ഗുവാഹത്തി: ആസാമിൽ കോൺഗ്രസ് ഉറപ്പിച്ചിരുന്ന ഒരു രാജ്യസഭസീറ്റ് കളഞ്ഞുകുളിച്ചു. ഒരു എംഎൽഎ വോട്ട് പാഴാക്കിയതാണ് ഉറപ്പിച്ച സീറ്റ് കൈവിട്ടുപോകേണ്ട അവസ്ഥയിലേക്ക് കോൺഗ്രസിനെ തള്ളിവിട്ടത്. ആസം നിയമസഭയിലെ എംഎൽഎ ആയ സിദ്ദീഖ് അഹമ്മദിനുണ്ടായ പിഴവാണ് ഇന്ന് കോൺഗ്രസിനു നാണക്കേടു സമ്മാനിച്ചത്. തോൽവിക്കു പിന്നാലെ വോട്ട് പാഴാക്കിയ അഹമ്മദിനെ പാർട്ടിയിൽ നിന്നും സസ്പ്പെന്റ് ചെയ്തു.
സിദ്ദിഖ് അഹമ്മദ് ബോധപൂർവം വിപ്പ് ലംഘിച്ചെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ബാലറ്റ് പേപ്പറിൽ ഒന്ന് എന്ന് അക്കത്തിലെഴുതേണ്ടതിനു പകരം വൺ എന്ന് ഇംഗ്ലീഷിൽ എഴുതിയതാണ് വോട്ട് പാഴായിപ്പോകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൂർണ വിജയമാണ് കോൺഗ്രസ് എംഎൽഎയുടെ പിഴവ് കാരണം ബിജെപി സഖ്യത്തിനു സ്വന്തമാക്കാൻ സാധിച്ചത്. ഒരു ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 126 അംഗ സഭയിൽ ബിജെപി സഖ്യം 83 വോട്ട് നേടി. കോൺഗ്രസിന് 44 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
രണ്ട് രാജ്യസഭാ സീറ്റിലും ബിജെപി സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ പ്രകടിപ്പിച്ചിരുന്നു. ഏഴ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോൺഗ്രസ് എംഎൽഎമാരിൽ പലരും ഉടൻ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പ്രതികരിച്ചിട്ടുണ്ട്.