ദുബായ്: അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാക്കിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്.വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
1942 ജൂലൈ 31ന് തൃശൂരിൽ വി കമലാകര മേനോന്റെയും എം എം രുഗ്മിണി അമ്മയുടെയും മകനായാണ് എം എം രാമചന്ദ്രന്റെ ജനനം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.